പോയി പണി നോക്കാൻ പറയണം, ജനങ്ങൾ വീട്ടിലിരുത്തിയവർക്ക് ആര് മറുപടി നൽകാൻ': വീണാ ജോർജിന് മന്ത്രി കെ. മുരളീധരന്റെ മറുപടി; ആരോഗ്യവകുപ്പിനെച്ചൊല്ലി മുൻ-പിൻ മന്ത്രിമാർ തമ്മിൽ വാക്പോര്
Thiruvananthapuram, 22 ജൂണ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളെയും പ്രതിരോധ പ്രവർത്തനങ്ങളെയും ചൊല്ലി നിയമസഭയ്ക്കകത്തും പുറത്തും ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ആരോഗ്യ വകുപ്പിൽ നിലവിൽ യാതൊരുവിധ ഏകോപനവുമില്ലെന്നും മന്
പോയി പണി നോക്കാൻ പറയണം, ജനങ്ങൾ വീട്ടിലിരുത്തിയവർക്ക് ആര് മറുപടി നൽകാൻ': വീണാ ജോർജിന് മന്ത്രി കെ. മുരളീധരന്റെ മറുപടി; ആരോഗ്യവകുപ്പിനെച്ചൊല്ലി മുൻ-പിൻ മന്ത്രിമാർ തമ്മിൽ വാക്പോര്


Thiruvananthapuram, 22 ജൂണ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളെയും പ്രതിരോധ പ്രവർത്തനങ്ങളെയും ചൊല്ലി നിയമസഭയ്ക്കകത്തും പുറത്തും ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ആരോഗ്യ വകുപ്പിൽ നിലവിൽ യാതൊരുവിധ ഏകോപനവുമില്ലെന്നും മന്ത്രി വിടുവായിത്തം പറയുകയാണെന്നും ആരോപിച്ച് മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെ പരിഹസിച്ച് നിലവിലെ ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. ജനങ്ങളാണ് അവരെയൊക്കെ തോൽപ്പിച്ച് വീട്ടിലിരുത്തിയത്, അങ്ങനെയുള്ളവർക്ക് താൻ എന്തിന് മറുപടി നൽകണം എന്ന് ചോദിച്ച മന്ത്രി, പോയി പണി നോക്കാൻ പറയണമെന്നും വാർത്താ സമ്മേളനത്തിൽ രൂക്ഷമായി പ്രതികരിച്ചു.

സംസ്ഥാനത്ത് പനി ബാധിച്ച് ജനങ്ങൾ മരിച്ചുവീഴുമ്പോഴും ആരോഗ്യവകുപ്പ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്ന വിമർശനമാണ് വീണാ ജോർജ് ഉന്നയിച്ചത്. കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾ പിടിപെട്ട് 87 പേർ മരിച്ചതായും ആരോഗ്യവകുപ്പിനെ ഏകോപനത്തോടെ നയിക്കുന്നതിൽ കെ. മുരളീധരൻ പരാജയപ്പെട്ടുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയത്തിന് വ്യക്തമായ മറുപടി നൽകാതെ, കഴിഞ്ഞ അഞ്ച് വർഷത്തെ 'വീണമീട്ടലും' പത്ത് വർഷത്തെ 'റീൽസ് നിർമ്മാണവുമാണ്' ഇപ്പോഴത്തെ പ്രശ്നമെന്ന് പറഞ്ഞ് മന്ത്രി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും വീണാ ജോർജ് കുറ്റപ്പെടുത്തിയിരുന്നു. സോണിയാ ഗാന്ധിയെയും അഹമ്മദ് പട്ടേലിനെയും അധിക്ഷേപിച്ച പഴയ മുരളീധരനിൽ നിന്നും അദ്ദേഹം ഇന്നും മാറിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവനകളെന്നും മുൻ മന്ത്രി തുറന്നടിച്ചു.

ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കെ. മുരളീധരൻ വീണാ ജോർജിനെതിരെ കടുത്ത ഭാഷയിൽ തിരിച്ചടിച്ചത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ പി.ആർ വർക്കുകളും വീഴ്ചകളുമാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഭരണം മാറിയത് മനസ്സിലാക്കാതെ പ്രവർത്തിച്ച ചില ഉദ്യോഗസ്ഥരെ മാത്രമാണ് വകുപ്പിൽ നിന്നും മാറ്റിയതെന്നും പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. മുൻ ഭരണകാലത്ത് നിപ ബാധിച്ച് നിരവധി മരണങ്ങൾ ഉണ്ടായപ്പോൾ, ഇത്തവണ ഒരൊറ്റ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും അതിന് ആവശ്യമായ മരുന്നുകൾ 24 മണിക്കൂറിനുള്ളിൽ വിദേശത്തുനിന്നും എത്തിക്കാൻ യു.ഡി.എഫ് സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി സഭയിലും വ്യക്തമാക്കിയിരുന്നു.

നിയമസഭയിൽ പകർച്ചവ്യാധി പ്രതിരോധം സംബന്ധിച്ച് എൽ.ഡി.എഫ് എം.എൽ.എ മുഹമ്മദ് റിയാസ് ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസോടെയാണ് ഇരുപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമായത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നിയമസഭയ്ക്ക് പുറത്തും മുൻ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും തമ്മിൽ കടുത്ത വാക്പോരിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ വിഷയം രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News