Enter your Email Address to subscribe to our newsletters

Kochi, 22 ജൂണ് (H.S.)
കൊച്ചി: മൈക്രോഫിനാന്സ് തട്ടിപ്പ് കേസില് വിജിലന്സ് ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്കിയതിന് പിന്നാലെ, കേസില് ആരോപണവിധേയനായ എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ പരാമര്ശങ്ങള് വലിയ വിവാദത്തിലേക്ക്. കേസില് തന്റെ മുന് വിശ്വസ്തനും മൈക്രോഫിനാന്സ് സംസ്ഥാന കോര്ഡിനേറ്ററുമായിരുന്ന അന്തരിച്ച കെ.കെ. മഹേശനെതിരെ രൂക്ഷമായ അധിക്ഷേപമാണ് വെള്ളാപ്പള്ളി നടേശന് നടത്തിയത്.
ഒരുഗതിയും പരഗതിയും ഇല്ലാത്തവന് എന്നാണ് മഹേശനെ വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. ഡല്ഹിയില് വെച്ച് നടന്ന സ്വീകരണ ചടങ്ങിലായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. മൈക്രോഫിനാന്സ് സാമ്പത്തിക തിരിമറികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്ക്കിടെ 2020-ല് കണിച്ചുകുളങ്ങരയിലെ എസ്.എന്.ഡി.പി ഓഫീസില് വെച്ചാണ് കെ.കെ. മഹേശനെ ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി വെള്ളാപ്പള്ളിയും കുടുംബവുമാണെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പുകള് അന്ന് വലിയ ചര്ച്ചയായിരുന്നു.
ആഞ്ഞടിച്ച് വെള്ളാപ്പള്ളി; താന് വേട്ടയാടപ്പെടുകയാണെന്ന് വാദം
തനിക്കെതിരെയുള്ള കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന നിലപാടാണ് വെള്ളാപ്പള്ളി ആവര്ത്തിക്കുന്നത്. തന്നെയും എസ്.എന്.ഡി.പി യോഗത്തെയും തകര്ക്കാന് സമുദായത്തിനുള്ളിലെ ചില 'കുലംകുത്തികള്' ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരെയും മറ്റ് വിമര്ശകര്ക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. സി.ബി.ഐ അടക്കം ആര് വിചാരിച്ചാലും തന്നെ തൊടാനാവില്ലെന്നും, ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.എന്. ട്രസ്റ്റിന്റെ ഭരണത്തുടര്ച്ചയെക്കുറിച്ചും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. താന് ട്രസ്റ്റ് ഭരിക്കുമെന്നും, ആര്ക്കും അതിനെ തടയാനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്ത്തു.
നിയമക്കുരുക്കിലേക്ക് വെള്ളാപ്പള്ളി
വര്ഷങ്ങളായി നീണ്ടുനിന്ന മൈക്രോഫിനാന്സ് തട്ടിപ്പ് കേസില് വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലന്സ് ഡയറക്ടര് അടുത്തിടെയാണ് അംഗീകാരം നല്കിയത്. 2014-ല് വയനാട് എസ്.എന്.ഡി.പി യൂണിയന് 10 ലക്ഷം രൂപ നല്കിയതിലെ ക്രമക്കേടിലാണ് അന്വേഷണം പൂര്ത്തിയായി കുറ്റപത്രം സമര്പ്പിക്കുന്നത്. ഇതിന് പുറമെ മറ്റ് രണ്ട് കേസുകളിലും അന്വേഷണം പൂര്ത്തിയായതായി വിജിലന്സ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസ് അന്വേഷണത്തിലെ ഇഴഞ്ഞുനീങ്ങുന്ന നടപടികളില് ഹൈക്കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണം വേഗത്തിലാക്കി മൂന്നാഴ്ചയ്ക്കകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്നും, അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന് മുന്നറിയിപ്പ് നല്കിയിരുന്നു. 2016 മുതല് നടക്കുന്ന ഈ നിയമപോരാട്ടം ഇപ്പോള് വെള്ളാപ്പള്ളിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. പത്മഭൂഷണ് പുരസ്കാരം സ്വീകരിക്കുന്നതിനായി ഡല്ഹിയിലെത്തിയ സമയത്താണ് വെള്ളാപ്പള്ളി ഇത്തരമൊരു പ്രതികരണം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ-സാമൂഹിക മേഖലകളില് നിന്നും ഈ പ്രസ്താവനയ്ക്കെതിരെ വലിയ വിമര്ശനമാണ് ഉയരുന്നത്.
---------------
Hindusthan Samachar / Roshith K