Enter your Email Address to subscribe to our newsletters

Kozhikode, 23 ജൂണ്‍ (H.S.)
വടകര ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവിന് ജാമ്യമില്ല. പ്രതി ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം നിഷേധിച്ചു. വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഡിവൈഎഫ്ഐ നേതാവിനെ എസ്ഐടി അറസ്റ്റ് ചെയ്ത്.
ജാമ്യാപേക്ഷയില്‍ വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അലി ഫാത്തിമ തിങ്കളാഴ്ച വാദം കേട്ടിരുന്നു. കേസില്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ കണ്ടത്തേണ്ടതുണ്ടെന്നും പോലീസ് കസ്റ്റഡി ഇനിയും ആവശ്യമായി വരുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
രാഷ്ട്രീയപ്രേരിതമായ കേസാണിതെന്നും അന്വേഷണവുമായി ഇതുവരെ ജിതിന്‍ സഹകരിച്ചിട്ടുണ്ടെന്നും ഫോണ്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ജിതിനുവേണ്ടി കെ.എം. രാംദാസ് വാദിച്ചു. പക്ഷേ, ഈ വാദങ്ങളെല്ലാം കോടതി തള്ളി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും, സിപിഎം തിരുവള്ളൂര്‍ തുരുത്തി ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്നു ജിതിന്‍. ബ്രോഡ്കാസ്റ്റ് സന്ദേശം വഴി 200 പേര്‍ക്ക് ജിതിന്‍ സന്ദേശം അയച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പോലീസ് കണ്ടെത്തിയത്. ജില്ലാ ഫോറന്‍സിക്ക് വിഭാഗത്തിന് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടുണ്ട്.
'വടകര സ്‌ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ എസ്ഐടി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.'വടകര സ്‌ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റ അഡ്മിനാണ് ജിതിന്‍. ഇതിന് പിന്നാലെ മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെടുകയാണുണ്ടായത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിം ആയും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. സിപിഎം ഭരണകാലത്ത് ഒതുക്കിയ കേസ് ഭരണമാറ്റം ഉണ്ടായതോടെയാണ് വീണ്ടും ജീവൻ വച്ചതും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും.
---------------
Hindusthan Samachar / Sreejith S