Enter your Email Address to subscribe to our newsletters

Kochi, 23 ജൂണ്‍ (H.S.)
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റിയ നടപടിയില്‍ സര്‍ക്കാരിന് ആശ്വാസം. ഡിഎച്ച്എസ് സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ സര്ക്കാര് നടപടി ഹൈക്കോടതി ശരിവെച്ചു. റീനയെ മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണല്‍ ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നല്‍കുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
പകര്‍ച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനയെ മാറ്റിയത്. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും കാട്ടിയാണ് റീന ട്രൈബ്യൂണലിന് മുന്നില്‍ പരാതിനല്‍കിയത്. തുടര്‍ന്ന് ട്രൈബ്യൂണല്‍ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തു. ഇതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
റീനയെ സ്ഥലംമാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തതിന് പിന്നാലെ ഡിഎച്ച് ആസ്ഥാനത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. തനിക്ക് ലഭിച്ച ഉത്തരവുമായി സ്ഥാനമേല്‍ക്കാന്‍ റീന എത്തിയെങ്കിലും പകരച്ചുമതല നല്‍കിയിരുന്ന ഡോ. മീനാക്ഷി ഡിഎച്ച്എസിന്റെ കസേരയില്‍നിന്ന് മാറിയില്ല. സര്‍ക്കാര്‍ ഉത്തരവ് വന്നാല്‍ മാത്രമേ കസേരയില്‍നിന്ന് മാറുകയുള്ളൂ എന്നായിരുന്നു മീനാക്ഷിയുടെ നിലപാട്. തുടര്‍ന്ന് റീന ഡിഎച്ച്എസ് ഓഫീസില്‍ മറ്റൊരു കസേരയിട്ട് ഇരിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S