മദ്യനയം തിരുത്തിയില്ലെങ്കില് ശക്തമായ സമരം : കെ.സുരേന്ദ്രന്
Thiruvanathapuram, 23 ജൂണ്‍ (H.S.) തിരുവനന്തപുരം: എല്‍ഡിഎഫ് സർക്കാരിനെ എന്തെല്ലാം കാര്യത്തില്‍ വിമര്‍ശിച്ചിട്ടുണ്ടോ അക്കാര്യങ്ങളിലെല്ലാം യു ടേണ്‍ അടിക്കുന്ന വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി
K Surendran


Thiruvanathapuram, 23 ജൂണ്‍ (H.S.)

തിരുവനന്തപുരം: എല്‍ഡിഎഫ് സർക്കാരിനെ എന്തെല്ലാം കാര്യത്തില്‍ വിമര്‍ശിച്ചിട്ടുണ്ടോ അക്കാര്യങ്ങളിലെല്ലാം യു ടേണ്‍ അടിക്കുന്ന വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയിലോ, മുന്നണിയിലോ, മന്ത്രി സഭയിലോ ഒരുചര്‍ച്ചയും നടത്താതെയാണ് മദ്യനയവും ധാതുമണല്‍ ഖനനവും മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചത്. വി.ഡി സതീശന്‍ കര്‍ണ്ണാടകയിലേക്ക് ഇടയ്ക്കിടെ നടത്തുന്ന ദൂരൂഹമായ യാത്രകളെക്കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. കര്‍ണ്ണാടക കേന്ദ്രീകരിച്ചുള്ള മദ്യലോബിയും തെലുങ്കാന കേന്ദ്രീകരിച്ചുള്ള മിനറല്‍സ് ലോബിയും മുഖ്യമന്ത്രിയുമായി ചേര്‍ന്ന് വല്ല ധാരണയിലുമെത്തിയിട്ടുണ്ടോയെന്ന സംശയവും ജനങ്ങള്‍ക്കുണ്ടെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

വലിയ തോതിലുള്ള അഴിമതി ലക്ഷ്യം വച്ച് അതിവേഗത്തില്‍ തീര്‍പ്പാക്കിയ ദൂരവ്യാപകമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് പുതിയ സര്‍ക്കാരിന്റെ മദ്യനയമെന്ന് അദ്ദേഹം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം വിലകുറച്ച് സുലഭമായി ലഭിക്കാനിടയാക്കുന്നത് കൂടുതല്‍ കൗമാരപ്രായക്കാരെയും സ്ത്രീകളെയും അടക്കം മദ്യാസക്തിയിലേക്ക് എത്തിക്കും.

ഒരു മദ്യക്കമ്പനി നല്‍കിയ അപേക്ഷ യാതൊരു ചര്‍ച്ചയും കൂടാതെ മിസൈല്‍ വേഗത്തിലാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ തീര്‍പ്പാക്കിയത്. ഗുരുതരമായ അഴിമതി ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരികയാണ്. ഇന്ദിരാ ഗാരന്റിയിലും കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് 1000 രൂപ വച്ച് നല്‍കുമെന്ന പ്രഖ്യാപനത്തിലും തുടങ്ങി പ്രകടന പത്രികയില്‍ പറഞ്ഞ പലകാര്യങ്ങളിലും വിശദമായ ചര്‍ച്ച വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി മദ്യനയത്തില്‍ മാത്രം എന്തിനാണ് ചര്‍ച്ചകൂടാതെ അടിയന്തിരമായി തീരുമാനമെടുത്തതെന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചു.

അന്തിമമായി തീര്‍പ്പു പറയേണ്ട എക്‌സൈസ് മന്ത്രി അറിയാതെ എന്തിനാണ് മദ്യനയത്തില്‍ മാറ്റം വരുത്തിയത്. എക്‌സൈസ് മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി ഇങ്ങനെ ഒരു നയപരമായ തീരുമാനം എടുത്തതെന്തിനാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും യുഡിഎഫിലെ ഘടക കക്ഷികള്‍ക്കും വി.എം സുധീരനും മതസാമുദായിക സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള യുഡിഎഫിന്റെ മദ്യനയത്തിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കും. മദ്യനയം തുടരാനാണ് യുഡിഎഫിന്റെ തീരുമാനമെങ്കില്‍ സാമൂഹ്യ സാംസ്‌കാരിക സംഘടകള്‍ ആദ്ധ്യാത്മിക സംഘടനകള്‍ തുടങ്ങി എല്ലാവരുമായി ചര്‍ച്ച ചെയ്ത് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News