Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ജൂണ്‍ (H.S.)
പ്രസംഗം വെട്ടിമാറ്റിയതുകൊണ്ടോ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തതുകൊണ്ടോ സര്‍ക്കാരിന്റെ അഴിമതി ഇല്ലാതാകില്ലെന്ന് കെഎന്‍ ബാലഗോപാല്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ സഭാ രേഖകളില്‍ നിന്നും സഭാ ടിവിയില്‍ നിന്നും നീക്കം ചെയ്ത നടപടി ശരിയല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിയമസഭ കൈകാര്യം ചെയ്യുന്ന രീതി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ബാലഗോപാല്‍ ആരോപിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന 'ഫ്ലേവേര്‍ഡ്' മദ്യത്തിന് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം അനുമതി നല്‍കിയതിലാണ് പ്രധാനമായും അഴിമതി ആരോപിക്കപ്പെടുന്നത്. കുറഞ്ഞ വിലയില്‍ ഇത്തരത്തിലുള്ള മദ്യം ലഭ്യമാകുന്നത് 'സോഷ്യല്‍ ഡ്രിങ്കിങ്' വര്‍ദ്ധിപ്പിക്കുമെന്നും ഇത് ജനങ്ങളെ മദ്യാസക്തിയിലേക്ക് നയിക്കുമെന്നും കരുതിയാണ് മുന്‍ സര്‍ക്കാര്‍ ഇത് ഒഴിവാക്കിയത്. സ്വന്തം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വി.എം. സുധീരനെപ്പോലുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ബാലഗോപാല്‍ ഓര്‍മ്മിപ്പിച്ചു.
സഭയില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുന്നതും പ്രസംഗത്തിന്റെ ഭാഗങ്ങള്‍ സഭാ രേഖകളില്‍ നിന്ന് റദ്ദ് ചെയ്യുന്നതും നിയമസഭാ ചരിത്രത്തിലെ തന്നെ ഇരുണ്ട നാളുകളുടെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നുള്ള ഭയം മൂലമാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യനയത്തിന് പുറമെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സര്‍ക്കാരിന്റെ നിലപാട് സംശയകരമാണ്. സഭയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാത്ത സാഹചര്യം 'ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട്' എന്ന അവസ്ഥയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഈ വിഷയങ്ങളില്‍ വ്യക്തമായ മറുപടി പറയണമെന്നും വിവാദമായ തീരുമാനം ഉടന്‍ റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭാ ടിവി അടച്ചുപൂട്ടിയതുകൊണ്ട് സമൂഹത്തിന് മുന്നിലുള്ള യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറച്ചുവെക്കാന്‍ കഴിയില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S