Enter your Email Address to subscribe to our newsletters

Kolkota, 23 ജൂണ് (H.S.)
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) അഭൂതപൂർവ്വമായ രാഷ്ട്രീയ പ്രതിസന്ധി. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ എം.എൽ.എ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം 'യഥാർത്ഥ തൃണമൂൽ' തങ്ങളാണെന്ന് അവകാശപ്പെട്ട് പുതിയ ദേശീയ നിർവാഹക സമിതി പ്രഖ്യാപിച്ചതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങിയിരിക്കുകയാണ്. പുതിയ സമിതി പാർട്ടി അധ്യക്ഷ പദവിയിൽ നിന്ന് മമത ബാനർജിയെയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അഭിഷേക് ബാനർജിയെയും നീക്കിയതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ പാർട്ടി ഔദ്യോഗികമായി കൈവിട്ടുപോകാതിരിക്കാൻ മമത ബാനർജി അടിയന്തരമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
സംഘടനയുടെ നിയന്ത്രണവും നിയമസാധുതയും ആർക്കാണെന്നതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പടിവാതിക്കൽ എത്തിയതോടെ വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയം കലുഷിതമാകുമെന്നുറപ്പായി.
മമതയെയും അഭിഷേകിനെയും പുറത്താക്കി വിമതർ
കൊൽക്കത്ത ന്യൂടൗണിലെ ഒരു ഹോട്ടലിൽ അതീവ രഹസ്യമായി ചേർന്ന യോഗത്തിലാണ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം തങ്ങളാണ് 'യഥാർത്ഥ ടി.എം.സി' എന്ന് പ്രഖ്യാപിച്ചത്. തുടർന്ന് ഇവർ 11 അംഗങ്ങളുള്ള പുതിയ ദേശീയ വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചു. മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ അരൂപ് റോയിയെയാണ് വിമത വിഭാഗം തങ്ങളുടെ പുതിയ ദേശീയ വർക്കിംഗ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുത്തത്.
ഫിർഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, രതിൻ ഘോഷ്, സബീന യാസ്മിൻ എന്നിവരെ വൈസ് ചെയർമാൻമാരായും പ്രഖ്യാപിച്ചു. ഋതബ്രത ബാനർജി, ബിപ്ലബ്, ജാവേദ് അഹമ്മദ് ഖാൻ, സന്തീപൻ സാഹ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. മമത ബാനർജിയെ പാർട്ടി സുപ്രീമോ സ്ഥാനത്ത് നിന്നും നീക്കിയ പുതിയ കമ്മിറ്റി, അഭിഷേക് ബാനർജിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും അറിയിച്ചു. തങ്ങൾക്ക് 64-ലധികം തൃണമൂൽ എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് ഋതബ്രത ബാനർജി അവകാശപ്പെടുന്നത്. നിലവിൽ സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായി (LoP) സ്പീക്കർ ഋതബ്രതയെ വിജ്ഞാപനം ചെയ്തിട്ടുണ്ട്. സ്പീക്കറുടെ ഈ നടപടിക്കെതിരെ ഔദ്യോഗിക വിഭാഗം കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടക്കാല സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചത് മമത ക്യാമ്പിന് കനത്ത തിരിച്ചടിയായിരുന്നു.
അർദ്ധരാത്രിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മമത ബാനർജി
വിമത നീക്കം ശക്തമായതോടെ ഔദ്യോഗിക പാർട്ടിയുടെ മേലുള്ള അധികാരം ഉറപ്പിക്കുന്നതിനായി തിങ്കളാഴ്ച അർദ്ധരാത്രിയോടെ മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷന് ഇമെയിൽ വഴി അടിയന്തര അപേക്ഷ സമർപ്പിച്ചു. പാർട്ടിയുടെ നിലവിലെ ദേശീയ വർക്കിംഗ് കമ്മിറ്റിയുടെയും പ്രധാന ഭാരവാഹികളുടെയും പുതുക്കിയ പട്ടിക മമത കമ്മീഷന് കൈമാറിയിട്ടുണ്ട്.
മമത ബാനർജി തന്നെയാണ് പാർട്ടി ചെയർപേഴ്സൺ എന്നും അഭിഷേക് ബാനർജി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തുടരുമെന്നും കമ്മീഷനെ അറിയിച്ച പട്ടികയിൽ വ്യക്തമാക്കുന്നു. ചന്ദ്രിമ ഭട്ടാചാര്യയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. ഡെറക് ഒബ്രിയാൻ, ബിരൻ ബസു എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ഡോല സെൻ, സുഭാഷിഷ് ചക്രവർത്തി എന്നിവർക്ക് ട്രഷറർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന ചുമതലകളും നൽകിക്കൊണ്ടുള്ള ഔദ്യോഗിക ഘടനയാണ് മമത തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. വിമതർ പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെടുന്നത് തടയാനും ഔദ്യോഗിക ഭാരവാഹികളുടെ പട്ടിക കമ്മീഷന്റെ രേഖകളിൽ ഉറപ്പുവരുത്താനുമാണ് മുൻ മുഖ്യമന്ത്രി കൂടിയായ മമതയുടെ ഈ നീക്കം.
അനിശ്ചിതത്വത്തിൽ ബംഗാൾ രാഷ്ട്രീയം
ബംഗാൾ രാഷ്ട്രീയ ചരിത്രത്തിൽ മമത ബാനർജി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. തൃണമൂൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന മമതയ്ക്കെതിരെ പാർട്ടിയിലെ തന്നെ ഒരു വിഭാഗം പരസ്യമായി രംഗത്തുവരികയും അവരെ സ്ഥാനത്തുനിന്ന് നീക്കാൻ ധീരത കാണിക്കുകയും ചെയ്തത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. കൽക്കട്ട ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടിയും നിയമസഭയിൽ പ്രതിപക്ഷ നേതാവായി ഋതബ്രതയെ അംഗീകരിച്ചതും വിമതർക്ക് നിയമപരമായ മേൽക്കൈ നൽകുന്നുണ്ട്.
ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടായിരിക്കും പാർട്ടിയുടെ ഭാവി നിർണ്ണയിക്കുക. എം.എൽ.എമാരുടെയും ഭാരവാഹികളുടെയും കൃത്യമായ എണ്ണം പരിശോധിച്ച ശേഷമായിരിക്കും കമ്മീഷൻ 'യഥാർത്ഥ തൃണമൂൽ' ഏതാണെന്ന് പ്രഖ്യാപിക്കുക. പാർട്ടിയുടെ ചിഹ്നവും പേരും ആർക്ക് ലഭിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബംഗാൾ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുക.
---------------
Hindusthan Samachar / Roshith K