മുത്തശ്ശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16 വയസ്സുകാരനെ എസ്ഐ കരണത്തടിച്ചു; ആഭ്യന്തരമന്ത്രിക്ക് പരാതി
Kochi, 23 ജൂണ്‍ (H.S.) മുത്തശ്ശിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ 16 വയസ്സുകാരന് മര്‍ദ്ദനമേറ്റെന്ന് പരാതി. ഞാറയ്ക്കല്‍ സ്റ്റേഷനിലെ എസ്‌ഐ കരണത്തടിച്ചെന്നാണ് ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. പ്രദേശവാസിയായ സ്ത്രീയുടെ മാല നഷ
Kerala police


Kochi, 23 ജൂണ്‍ (H.S.)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ 16 വയസ്സുകാരന് മര്‍ദ്ദനമേറ്റെന്ന് പരാതി. ഞാറയ്ക്കല്‍ സ്റ്റേഷനിലെ എസ്‌ഐ കരണത്തടിച്ചെന്നാണ് ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. പ്രദേശവാസിയായ സ്ത്രീയുടെ മാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിവരം ചോദിച്ചറിയാന്‍ വിളിപ്പിച്ചപ്പോഴാണ് സംഭവം. തന്റെ മുത്തശ്ശിക്ക് ചെവി നന്നായി കേള്‍ക്കില്ലെന്നും ഉറക്കെ ചോദിക്കണമെന്നും 16 വയസ്സുകാരന്‍ പറഞ്ഞപ്പോള്‍, 'നിന്നോട് ചോദിച്ചോടാ' എന്നു ചോദിച്ച് അടിച്ചെന്നും സ്റ്റേഷനില്‍ നിന്നു പുറത്താക്കിയെന്നുമാണ് പരാതി. ആഭ്യന്തര മന്ത്രി, ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷന്‍, ശിശുക്ഷേമ സമിതി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

നായരമ്പലം ബസ് സ്റ്റോപ്പിനടുത്തുവച്ച് കടുങ്ങാശേരി സ്വദേശിയായ സ്ത്രീയുടെ മാല കാണാതായതായി പരാതിയുണ്ടായിരുന്നു. അവര്‍ ഇക്കാര്യം സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവരെ അറിയിച്ചിരുന്നു. ഇന്നലെ പരാതിക്കാരന്റെ ഭാര്യാ മാതാവ് അതുവഴി നടന്നു പോകുമ്പോള്‍ എന്തോ കുനിഞ്ഞ് എടുക്കുന്നതു കണ്ടു എന്നു ചിലര്‍ മാല നഷ്ടപ്പെട്ട സ്ത്രീയെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് 16 വയസ്സുകാരന്റെ 60 വയസുള്ള മുത്തശ്ശിയെ വിളിച്ചു വരുത്തുകയായിരുന്നു.

മാലയുടെ കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും ബാങ്കിലേക്കു പോകുന്ന വഴി കയ്യിലിരുന്ന 50 രൂപ നോട്ട് താഴെപ്പോയത് എടുക്കുകയാണ് ചെയ്തതെന്നും ഇവര്‍ ബന്ധുക്കളോടും പരിചയക്കാരോടും പറഞ്ഞിരുന്നു. കൊച്ചുമകനുമൊത്ത് സ്റ്റേഷനിലെത്തിയ 60കാരിയോട് എസ്‌ഐ കാര്യങ്ങള്‍ ചോദിച്ചെങ്കിലും കേള്‍വിക്കുറവ് ഉള്ളതിനാല്‍ പലതും ഇവര്‍ക്ക് മനസ്സിലായില്ല. ഇതിനിടെയാണ് മുത്തശ്ശിക്ക് കേള്‍വിക്കുറവുണ്ടെന്നും ഉറക്കെ ചോദിക്കണമെന്നും 16 വയസ്സുകാരന്‍ പറഞ്ഞത്. ആ സമയത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയുടെ മുഖത്ത് ആഞ്ഞടിച്ചെന്നും അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.

ചെവിക്ക് വേദന അനുഭവപ്പെട്ട് ചെന്നിട്ട് ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തുടക്കത്തില്‍ ചികിത്സ നല്‍കാന്‍ തയാറായില്ല എന്ന ആരോപണവും പരാതിയിലുണ്ട്. പിന്നീട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരാതിയില്‍ പറയുന്നതു പോലൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ വാദം.

---------------

Hindusthan Samachar / Sreejith S


Latest News