സുഗതനെ പുറത്താക്കണം: തിരുവനന്തപുരം നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നൽകി യുഡിഎഫ് കൗൺസിലർമാർ; കൗൺസിൽ യോഗം വിളിക്കാത്തതിൽ വൻ പ്രതിഷേധം
Thiruvananthapuram , 23 ജൂണ് (H.S.) തിരുവനന്തപുരം: കാപ്പാ (KAAPA) നിയമപ്രകാരം അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. സ
സുഗതനെ പുറത്താക്കണം: തിരുവനന്തപുരം നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നൽകി യുഡിഎഫ് കൗൺസിലർമാർ; കൗൺസിൽ യോഗം വിളിക്കാത്തതിൽ വൻ പ്രതിഷേധം


Thiruvananthapuram , 23 ജൂണ് (H.S.)

തിരുവനന്തപുരം: കാപ്പാ (KAAPA) നിയമപ്രകാരം അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. സുഗതനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നൽകി. ഇതോടൊപ്പം നഗരസഭ ഭരണസമിതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്.

നാൽപ്പത് ദിവസം പിന്നിട്ടിട്ടും നഗരസഭയുടെ സാധാരണ കൗൺസിൽ യോഗം വിളിച്ചുചേർക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് യുഡിഎഫിന്റെ പ്രധാന ആരോപണം. വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജെപി കൗൺസിലർ ആർ. സുഗതനെ നിയമത്തിന് മുന്നിൽ നിന്നും നഗരസഭയിലെ അയോഗ്യതയിൽ നിന്നും സംരക്ഷിക്കാനാണ് ഭരണസമിതി കൗൺസിൽ യോഗം ബോധപൂർവ്വം വൈകിപ്പിക്കുന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.

കേരള മുൻസിപ്പാലിറ്റി ചട്ടങ്ങൾ അനുസരിച്ച്, മുൻകൂട്ടി അനുമതി വാങ്ങാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനത്തിന് അയോഗ്യത കൽപ്പിക്കാൻ വ്യവസ്ഥയുണ്ട്. സുഗതൻ ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ്. കൗൺസിൽ യോഗം ചേരുകയാണെങ്കിൽ സുഗതന് യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതെ വരികയും ഇത് സ്വാഭാവികമായും അദ്ദേഹത്തിന്റെ അയോഗ്യതയിലേക്ക് വഴിമാറുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് കോർപ്പറേഷൻ അധികൃതർ യോഗങ്ങൾ വിളിക്കാതെ ഒളിച്ചുകളി നടത്തുന്നതെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആക്ഷേപം.

നഗരത്തിലെ ക്രമസമാധാന നിലയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള പശ്ചാത്തലമുള്ള ഒരു വ്യക്തി ജനപ്രതിനിധിയായി കൗൺസിലിൽ തുടരുന്നത് കോർപ്പറേഷന് തന്നെ നാണക്കേടാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഒരു ജനപ്രതിനിധി കാപ്പാ കേസിൽ അറസ്റ്റിലായിട്ടും നഗരസഭ കൗൺസിലിൽ അടിയന്തര ചർച്ച നടത്താനോ നടപടിയെടുക്കാനോ ഭരണനേതൃത്വം തയ്യാറാകാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും കത്തിൽ പറയുന്നു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം.

---------------

Hindusthan Samachar / Roshith K


Latest News