Enter your Email Address to subscribe to our newsletters

Thrissur , 24 ജൂണ് (H.S.)
ലോകകപ്പ് ആവേശം കൊടുമുടിയിൽ നിൽക്കുമ്പോൾ അർജൻ്റീനയുടെ കടുത്ത ആരാധകനായ തൃശൂർ അരിമ്പൂർ സ്വദേശി തരകൻ ജോയ് തങ്ങളുടെ ടീമിനോടുള്ള സ്നേഹം കാണിച്ചത് അൽപം വ്യത്യസ്തമായാണ്. തങ്ങളുടെ പൊന്നോമനളായ വാത്ത താറാവുകളുടെ മേൽ നീലയും വെള്ളയും നിറത്തിലുള്ള ചായം പൂശിയാണ് ജോയ് അർജൻ്റീനയോടുള്ള ആരാധന പങ്കുവയ്ക്കുന്നത്.
കായിക പ്രേമികള് തങ്ങളുടെ ടീമുകളോടുള്ള ആരാധന പ്രകടമാക്കാനായി ഫ്ലെക്സുകളും കട്ട് ഔട്ടുകളുമെല്ലാമാണ് ഉപയോഗിക്കുന്നത്. അത്തരത്തിൽ ഇഷ്ടപ്പെട്ട ടീമുകളുടെയും കളിക്കാരുടെയും ചിത്രങ്ങൾ പതിപ്പിച്ച കട്ടൗട്ടുകളും ഫ്ലെക്സുകളും വാഹനങ്ങളുമെല്ലാം നാം കണ്ടു കഴിഞ്ഞു. എന്നാൽ ഇവിടെ തരകൻ ജോയ് താറാവുകളെയാകെ അർജൻ്റീന ഫാൻസ് ആക്കി മാറ്റിയിരിക്കുകയാണ്.
വർഷങ്ങളായി അർജൻ്റീനയുടെയും മെസ്സിയുടെയും കട്ട ഫാനായ തൃശൂർ അരിമ്പൂർ സ്വദേശി തരകൻ ജോയ് വെറൈറ്റി ഫാനാണ്. വെള്ളത്തിൽ അലിഞ്ഞുപോകുന്ന താൽക്കാലിക പെയിൻ്റാണ് തരകൻ ജോയ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ താറാവുകളുടെ ആരോഗ്യത്തിന് യാതൊരുവിധ ദോഷവും വരില്ലെന്നാണ് ജോയിയുടെ പക്ഷം.
''എൻ്റെ വീട്ടിൽ പതിനൊന്ന് വാത്തകള് ഉണ്ട്. ഫുള് ടീമും ഉണ്ട്. അൽപം വ്യത്യസ്തമായി എന്തേലും ചെയ്യാമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. സുഹൃത്തിനെ വിളിച്ചു, അങ്ങനെ പെയിൻ്റെത്തി. പിന്നെ ഭാര്യയും കൂടെ ഒപ്പം ചേർന്നു. കളറടിച്ച് വാത്ത താറാവുകളെ ഭംഗിയാക്കി. കുറേ പേർ വിളിച്ച് അഭിനന്ദിച്ചു. എല്ലാവരും വണ്ടി മോഡിഫൈ ചെയ്യുന്നു. വീട്ടിൽ പെയിൻ്റ് അടിക്കുന്നു അങ്ങനെ... ഞാൻ വെറൈറ്റിയാക്കി. വാത്ത താറാവുകള് തീറ്റ തേടി പുറത്തേക്കിറങ്ങാറുണ്ട്. അപ്പോള് എല്ലാവരും എത്തി ഫോട്ടോയും സെൽഫിയുമൊക്കെ എടുക്കും. എല്ലാവർക്കും കൗതുകമാണ്'' - അരിമ്പൂർ സ്വദേശി തരകൻ ജോയ് പറയുന്നു.
ജോയ്യുടെ കളി ഭ്രാന്തിന് പൂർണ പിന്തുണയാണ് ഭാര്യ പ്രിൻസിയും നൽകിക്കൊണ്ടിരിക്കുന്നത്. ജോയിയും പ്രിൻസിയും ഒരുമിച്ചിരുന്നാണ് വേൾഡ് കപ്പ് കാണുന്നതും. തൻ്റെ ഭർത്താവിൻ്റെ ഈ പുത്തൻ ആശയത്തെ സന്തോഷത്തോടെയാണ് പ്രിൻസിയും ഏറ്റെടുത്തത്. ''എല്ലാവരും ഫ്ലെക്സും ബോർഡും വയ്ക്കുമ്പോള് ഞങ്ങള് വാത്ത താറാവുകളെ ഒരുക്കിയെടുത്തു. എല്ലാവർക്കും ഇഷ്ടമായി. ചില വിളിച്ച് ഫോണിലൂടെ പ്രശംസിച്ചിരുന്നു'' - പ്രിൻസി പറയുന്നു. ഇപ്പോൾ ഈ 'അർജൻ്റീന താറാവുകൾ' ആരിമ്പൂർ നിവാസികളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നു. നാട്ടുകാരും വഴിയായാത്രക്കാരും ഇവരുടെ ഫോട്ടോകളും വീഡിയോകളും എടുക്കാൻ തടിച്ചുകൂടുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR