Enter your Email Address to subscribe to our newsletters

Ernakulam , 24 ജൂണ് (H.S.)
കൊച്ചിയിൽ ബൈക്ക് അപകടത്തില് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ നെടുമ്പാശ്ശേരി ഫാർമസി കവലയ്ക്ക് സമീപമാണ് ബൈക്കപകടം. ഇരിങ്ങാലക്കുട സ്വദേശികളായ ഗോകുൽ, അശ്വിൻ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. അമിത വേഗതയിലായിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിന് നടുവിലുള്ള ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മീഡിയനിലെ വൈദ്യുതി വിളക്കുകാലിൽ അതിശക്തമായി ഇടിച്ചാണ് മറിഞ്ഞത്.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ യാത്രാക്കാരായിരുന്ന ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നയുടൻ തന്നെ റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ഇരുവരും മരണപ്പെട്ടിരുന്നതായാണ് വിവരം.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയത്തേക്ക് ഗതാഗത തടസം നേരിട്ടു. നെടുമ്പാശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും അപകടത്തിൽപ്പെട്ട വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മൃതദേഹങ്ങൾ ഇപ്പോൾ ആലുവ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.
യുവാക്കളുടെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് ഇരിങ്ങാലക്കുടയിലെ ഇവരുടെ ജന്മനാടും സുഹൃത്തുക്കളും. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അപകട കരാണം വ്യക്തമല്ല. അമിതവേഗതയാണോ അതോ പെട്ടെന്ന് മുന്നിൽ വന്ന മറ്റേതെങ്കിലും വാഹനത്തെ വെട്ടിക്കാൻ ശ്രമിച്ചതാണോ അപകടത്തിന് കാരണമായതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടിൽ മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. മണർകാട് പണിക്കമറ്റം മണ്ണൂപ്പറമ്പിൽ ആകാശ് വിജയനാണ് (21) അപകടത്തിൽ മരിച്ചത്. ഈ ബൈക്കിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്ത അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് സ്വദേശി ഗിരിയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ആകാശ് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കളുടെ ബൈക്കുമായി മത്സരയോട്ടത്തിൽ ഏർപ്പെടുകയായിരുന്നു ആകാശെന്ന് പൊലീസ് പറഞ്ഞു. ഈ സമയം നിയന്ത്രണം നഷ്ടമായ ബൈക്ക് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ആകാശിനൊപ്പം ഉണ്ടായിരുന്നവരാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR