മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നാളെ രാവിലെ താമസം മാറും
Thiruvananthapuram , 24 ജൂണ് (H.S.) മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നാളെ രാവിലെ താമസം മാറും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പ്രതിപക്ഷ നേതാവിൻ്റെ കൻ്റോൺമെൻ്റ് ഹൗസിൽ ഒരുമാസം കഴിഞ്ഞശേഷമാണ് വി ഡി സതീശൻ താമസം മാറുന്നത്. നാ
V D Satheeshan


Thiruvananthapuram , 24 ജൂണ് (H.S.)

മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നാളെ രാവിലെ താമസം മാറും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പ്രതിപക്ഷ നേതാവിൻ്റെ കൻ്റോൺമെൻ്റ് ഹൗസിൽ ഒരുമാസം കഴിഞ്ഞശേഷമാണ് വി ഡി സതീശൻ താമസം മാറുന്നത്. നാളെരാവിലെ ആറുമണിയോടെയാണ് മുഖ്യമന്ത്രിയും ഭാര്യ ലക്ഷ്മിപ്രിയയും മകൾ ഉണ്ണിമായയും ക്ലിഫ് ഹൗസിലേക്ക് മാറുന്നത്.

ഒരുമാസമായി ഉദ്യോഗസ്ഥരും സന്ദർശകരും മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നത് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടും കൻ്റോൺമെൻ്റ് ഹൗസ് ഒഴിഞ്ഞു കിട്ടാത്തതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കൻ്റോൺമെൻ്റ് ഹൗസ് ഒഴിയാത്തതിനാൽ പിണറായി വിജയൻ വാടകവീട്ടിൽ തന്നെ തുടരുകയാണ്.

മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം വി ഡി സതീശനെ കാണാൻ കൻ്റോൺമെൻ്റ് ഹൗസിൽ വലിയ തിരക്കാണ് ഇപ്പോഴുള്ളത്. സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് പൊലീസും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനിടെയാണ് ക്ലിഫ് ഹൗസിലേക്ക് മാറാൻ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. ബേക്കറി ജംങ്ഷനിലെ വാടക വീട്ടിൽ തമാസിക്കുന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വൈകാതെ കൻ്റോൺമെൻ്റ് ഹൗസിലേക്ക് മാറിയേക്കും. ചെറിയ അറ്റകുറ്റപ്പണികൾക്കു ശേഷമാകും വീടുമാറ്റം. വളരെ പഴക്കമുള്ള കൻ്റോൺമെൻ്റ് ഹൗസിൽ അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയത് എകെജി സെൻ്ററിലാണ്.

താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആകാവുന്നത്ര വേഗത്തിൽ ഒഴിഞ്ഞുനൽകിയിട്ടും, തനിക്ക് ലഭിക്കേണ്ട കൻ്റോൺമെൻ്റ് ഹൗസ് ഒഴിഞ്ഞ് നൽകാൻ വിഡി സതീശൻ തയാറാകാത്തതിലുള്ള അതൃപ്തി അദ്ദേഹം വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടാണ് എകെജി സെൻ്ററിൽ കാണുന്നതെന്നും മുഖ്യമന്ത്രി എപ്പോൾ ക്ലിഫ് ഹൗസിലേക്ക് പോകുമെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞിരുന്നു. കഴിഞ്ഞ മേയ് 18 നാണ് വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനു മുൻപ് മേയ് 11 ന് പിണറായി വിജയൻ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്കാണ് മാറിയത്.

ഡൽഹിയിൽ നടന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മടങ്ങിയെത്തിയ പിണറായി വിജയൻ കുടുംബാംഗങ്ങൾക്കൊപ്പമാണ് വാടക വീട്ടിലേക്കെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് നേതാക്കളും പിണറായിക്കൊപ്പം പുതിയ വീട്ടിലേക്കെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭയിൽ ബജറ്റ് അവതരണത്തിനുശേഷം മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് മാറുമെന്നായിരുന്നു സൂചന. വൻതുക ചെലവഴിച്ച് ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ടെന്നാണ് വി ഡി സതീശൻ നിർദേശിച്ചിരുന്നു.

എന്നാലും അടിയന്തരമായി ചെയ്യേണ്ട ചില പണികൾ ക്ലിഫ് ഹൗസിൽ ചെയ്തിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന് 207 വർഷത്തെ പഴക്കമുണ്ട്. കൊളോണിയൽ മാതൃകയിലുള്ള പൈതൃക കെട്ടിടം 1819 ൽ ബ്രിട്ടീഷ് സൈനിക മേധാവിക്ക് താമസിക്കാനായി നിർമിച്ചതാണ്. മൂന്നു കിടപ്പുമുറികൾ മാത്രമാണ് കെട്ടിടത്തിലുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News