പരിപ്പിലെ കള്ളുഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം.
Kottayam , 24 ജൂണ് (H.S.) പരിപ്പിലെ കള്ളുഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം. കുമരകം ചൂളഭാഗം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പൂർണമായ
Food poison


Kottayam , 24 ജൂണ് (H.S.)

പരിപ്പിലെ കള്ളുഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം. കുമരകം ചൂളഭാഗം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മരണത്തിന് പിന്നിൽ മീൻതലക്കറിയോ?

കഴിഞ്ഞ ശനിയാഴ്ചയാണ് ജ്യോതിഷും സുഹൃത്തുക്കളും പരിപ്പ് തൊള്ളായിരം കള്ളുഷാപ്പിൽ എത്തിയത്. ഗൾഫിൽ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കൾ കുമരകം കാണാൻ എത്തിയപ്പോഴായിരുന്നു ഇവർ ഷാപ്പിൽ പോയത്. ഇവിടെനിന്ന് മീൻതലക്കറിയും മറ്റ് ഭക്ഷണസാധനങ്ങളും കള്ളും വാങ്ങി സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു ശിക്കാര വള്ളത്തിലിരുന്നാണ് ഏഴുപേരും കഴിച്ചത്.

ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം തന്നെ ജ്യോതിഷ് ഉൾപ്പെടെയുള്ളവർക്ക് കടുത്ത ഛർദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ഇവരെ സമീപത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയോടെ ജ്യോതിഷ് മരിക്കുകയായിരുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ഇദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഏരിയ മാനേജറായിരുന്നു മരിച്ച ജ്യോതിഷ്. ഭാര്യ: വീണ. മക്കൾ: രുദ്രപാല, രുദ്ര തീർഥ്.

ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച അഞ്ച് സുഹൃത്തുക്കളെയും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മണർകാട് പാലയ്ക്കാട്ട് വീട്ടിൽ ജീൻസ് (35), സഹോദരൻ ജിതിൻ (31), ആർപ്പുക്കര പാവനമാലി വീട്ടിൽ അഖിൽ (30) എന്നിവർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഘത്തിലുണ്ടായിരുന്ന വടവാതൂർ സ്വദേശികളായ മൂന്നു പേരിൽ രണ്ട് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷാപ്പിലെ ഭക്ഷണം കഴിക്കാതിരുന്ന യുവാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടായില്ല

ലൈസൻസില്ലാതെ പ്രവർത്തനം

സംഭവത്തിൽ നാല് പേരെ പ്രതിചേർത്ത് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഷാപ്പ് ലൈസൻസികളെയും മാനേജറെയും പാചകക്കാരനെയും പ്രതിചേർത്താണ് പൊലീസ് കോടതിയിൽ പ്രാഥമിക റിപ്പോർട്ട് നൽകിയത്. ഭക്ഷണം നൽകാനുള്ള ലൈസൻസ് ഇല്ലാതെയായിരുന്നു ഷാപ്പ് പ്രവർത്തിച്ചിരുന്നത്. കൂടാതെ ഷാപ്പിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുവാവിൻ്റെ മരണത്തിന് പിന്നാലെ പരിപ്പിലെ കള്ളുഷാപ്പിൽ പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും അടിയന്തര പരിശോധന നടത്തി സ്ഥാപനം അടപ്പിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് ഷാപ്പുകളിലും പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

ഇവിടെനിന്ന് ഭക്ഷണത്തിൻ്റെയും കള്ളിൻ്റെയും സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിച്ച ഭക്ഷണത്തിൽ നിന്നാണോ അതോ കള്ളിൽ നിന്നാണോ വിഷബാധയേറ്റത് എന്ന കാര്യത്തിൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ വ്യക്തത വരികയുള്ളൂ. ജ്യോതിഷിൻ്റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സെൻട്രൽ ഫോറൻസിക് ലാബിലേക്ക് അയച്ചു. രാസപരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിൽ എത്താൻ കഴിയുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News