Enter your Email Address to subscribe to our newsletters

Idukki , 24 ജൂണ് (H.S.)
കാലവർഷം കനത്ത് പെയ്യുമ്പോൾ എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായേക്കാവുന്ന ഹൈറേഞ്ചിന്റെ ഹൃദയഭൂമിയിൽ നിന്നും ഉത്തരവാദിത്തപ്പെട്ട അധികൃതരുടെ കണ്ണുതുറപ്പിക്കേണ്ട ഒരു വാർത്ത. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാകാൻ ഓടിയെത്തേണ്ട ദേവികുളം താലൂക്ക് ഓഫിസിലെയും റവന്യൂ ഓഫിസിലെയും ഔദ്യോഗിക വാഹനങ്ങളാണ് അധികൃതരുടെ കൺമുന്നിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങിയ ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങളാണ് മാസങ്ങളായി യാതൊരു പരിപാലനവുമില്ലാതെ കാടുകയറി നശിക്കുന്നത്.
ജനങ്ങളുടെ നികുതിപ്പണം വെള്ളത്തിൽ: ദേവികുളം താലൂക്ക് ഓഫിസിനും റവന്യൂ ഡിവിഷണൽ ഓഫിസിനും (RDO) മുന്നിലാണ് കാഴ്ചക്കാരുടെ കരളലിയിക്കുന്ന വിധം ഈ സർക്കാർ ജീപ്പുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. കാലപ്പഴക്കം കൊണ്ടല്ല, മറിച്ച് കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തത് കൊണ്ടും ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥ കൊണ്ടുമാണ് ഈ വാഹനങ്ങൾ പൂർണമായും ഉപയോഗ ശൂന്യമായി മാറിയിരിക്കുന്നത്. വെയിലും മഴയുമേറ്റ് ബോഡി തുരുമ്പിച്ചും ടയറുകൾ കേടായുമുള്ള ഈ അവസ്ഥ പൊതുമുതലിന്റെ നഗ്നമായ ധൂർത്താണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. ചെറിയ അറ്റകുറ്റപ്പണികൾ നടത്തി ഓടിക്കാവുന്ന വാഹനങ്ങൾ പോലും ഇങ്ങനെ ഉപേക്ഷിക്കുന്നത് ദുരൂഹമാണെന്നും ആക്ഷേപമുണ്ട്.
പ്രദേശവാസിയുടെ പ്രതികരണം:ഞങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ വണ്ടികളാണിത്. ഒരു വശത്ത് മഴക്കാലത്ത് ഓടിയെത്താൻ വണ്ടിയില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥർ, മറുവശത്ത് ലക്ഷങ്ങളുടെ വാഹനങ്ങള് ഇങ്ങനെ നശിപ്പിക്കുന്നു. ഇത് കാണുമ്പോൾ വലിയ വിഷമമുണ്ടെന്ന്'' പ്രദേശവാസികള് പറയുന്നു.
കാലവർഷം കനക്കുന്നു: ജില്ലയിൽ പ്രത്യേകിച്ച് മൂന്നാർ, ദേവികുളം മേഖലകളിൽ കാലവർഷം അതിശക്തമാണ്. മുൻവർഷങ്ങളിൽ ഉണ്ടായ വലിയ ഉരുൾപൊട്ടലുകളുടെയും മണ്ണിടിച്ചിലുകളുടെയും പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തേണ്ട പ്രദേശമാണിത്. ഇത്തരമൊരു സാഹചര്യത്തിൽ എവിടെയെങ്കിലും ഒരു പ്രകൃതിദുരന്തമോ അടിയന്തര സാഹചര്യമോ ഉണ്ടായാൽ റവന്യൂ അധികൃതർക്ക് സംഭവസ്ഥലത്തേക്ക് കുതിച്ചെത്താൻ നിലവിൽ ആവശ്യത്തിന് വാഹനങ്ങളില്ല എന്നതാണ് യാഥാർഥ്യം.
മണ്ണിടിച്ചിലോ റോഡ് തടസമോ ഉണ്ടായാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട താലൂക്ക്-റവന്യൂ ഉദ്യോഗസ്ഥർക്ക് വാഹനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളെയോ മറ്റ് ഡിപ്പാർട്ട്മെന്റുകളെയോ ആശ്രയിക്കേണ്ടി വരുന്നത് രക്ഷാപ്രവർത്തനം വൈകാൻ കാരണമാകും. ഇത് ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന ഗുരുതരമായ വീഴ്ചയാണ്.
ഉടനടി നടപടി വേണം: ഹൈറേഞ്ചിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഈ വാഹനങ്ങൾ എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി സജ്ജമാക്കുകയോ, അല്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യേണ്ടത് അനിവാര്യമാണ്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ഉന്നത അധികൃതർ തയ്യാറാകണം. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമാകുന്ന പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ ദേവികുളം താലൂക്ക് ഭരണകൂടം പതറുമെന്നതിൽ തർക്കമില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR