Enter your Email Address to subscribe to our newsletters

Palakkad , 24 ജൂണ് (H.S.)
മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഓടിക്കാൻ മോഹം തോന്നി, ഒടുവിൽ ഡിപ്പോയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ബസുമായി കടന്നുകളഞ്ഞ യുവാവ് പിടിയിൽ. ബസ് മോഷ്ടിച്ചതിന് പിന്നാലെ, ഉത്തരവാദിത്തമില്ലാതെ വാഹനം വഴിയരികിൽ നിർത്തിയിട്ട കെഎസ്ആർടിസി ജീവനക്കാരെ കുറ്റപ്പെടുത്തി പ്രതിയുടെ വിചിത്ര മൊഴി. പാലക്കാട് ഡിപ്പോയ്ക്ക് സമീപത്തുനിന്ന് കെഎസ്ആർടിസി ബസ് ഓടിച്ചുകൊണ്ടുപോയ സംഭവത്തിലാണ് മേപ്പറമ്പ് നെല്ലിക്കാട് കാദർ മൻസിലിൽ ഫാസിൽ(25) പൊലീസിൻ്റെ പിടിയിലായത്.
മോഷണമല്ല, ഓടിക്കാൻ തോന്നിയപ്പോൾ എടുത്തത്
മോഷ്ടിക്കാൻ ഉദ്ദേശിച്ചിട്ടല്ല ബസിൽ കയറിയതെന്നും മദ്യലഹരിയിൽ ബസ് ഓടിക്കാന് ആഗ്രഹം തോന്നിയപ്പോൾ എടുത്തതാണെന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. മദ്യശാലയ്ക്ക് മുൻപിൽ ഉത്തരവാദിത്തമില്ലാതെ ബസ് നിർത്തിയിട്ട കെഎസ്ആർടിസി ഉദ്യോഗസ്ഥരെയും പ്രതി കുറ്റപ്പെടുത്തി. ബസിൽ കയറി ബട്ടൺ അമർത്തിയപ്പോൾ തന്നെ വണ്ടി സ്റ്റാർട്ട് ആയെന്നും ഇതിന് മുൻപ് ബസ് ഓടിച്ചിട്ടില്ലെങ്കിലും നേരത്തെ പിക് അപ് വാനും മറ്റ് വലിയ വണ്ടികളും ഓടിച്ചിട്ടുണ്ടെന്നും ഫാസിൽ പറഞ്ഞു.
തെളിവെടുപ്പിനായി പ്രതിയെ പാലക്കാട് ഡിപ്പോയ്ക്ക് സമീപം എത്തിച്ചപ്പോഴാണ് കെഎസ്ആർടിസി ബസ് ഓടിച്ച് പോയതിൻ്റെ കാരണം ഇയാൾ വെളിപ്പെടുത്തിയത്. കെഎസ്ആർടിസി അധികൃതർ ഉത്തരവാദിത്തമില്ലാതെ ബസ് വഴിയോരത്ത് നിർത്തിയിടാമോയെന്നും പ്രതി പൊലീസിനോട് ചോദിച്ചു.
സിനിമയെ വെല്ലുന്ന മോഷണംജൂൺ ഏഴിന് പുലർച്ചെ 2.50നാണ് ബസ് മോഷണം പോയത്. പാലക്കാട് ഡിപ്പോയ്ക്കുപുറത്ത് മദ്യശാലയ്ക്കുമുൻപിൽ കെഎസ്ആർടിസി നിർത്തിയിട്ടപ്പോഴായിരുന്നു സംഭവം. ജീവനക്കാർ നോക്കി നിൽക്കെയാണ് പ്രതിയായ ഫാസിൽ ബസ് ഓടിച്ച് കൊണ്ടുപോയത്. ആദ്യം ഡി.പി.ഒ റോഡ് വഴി റെയിൽവേ മേൽപാലത്തിലെത്തി അവിടെനിന്ന് എസ്.ബി.ഐ ജങ്ഷനിലെത്തി. പിന്നീട് തിരികെ വന്ന് സ്റ്റാൻഡിനടുത്തുള്ള ചെറിയ റോഡിലൂടെ ഡിപ്പോ ഭാഗത്തേക്ക് കടന്ന് അബൂബക്കർ കോളനി റോഡ് വഴി മംഗളം ടവർ ഭാഗത്തെത്തുകയായിരുന്നുവെന്ന് ഫാസിൽ പറഞ്ഞു. മദ്യശാലയ്ക്ക് മുൻപിൽ നിന്ന് കാണാതായ ബസ് പിന്നീട് ടൗൺ ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.
കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾസംഭവം നടക്കുന്നതിന് തൊട്ടുമുൻപ് രണ്ടുപേർ ഡിപ്പോ പരിസരത്തേക്ക് സ്കൂട്ടറിൽ എത്തുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യവും സ്കൂട്ടറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫാസിലിനെക്കുറിച്ച് വിവരം ലഭിച്ചത്. സംഭവത്തിന് ശേഷം തമിഴ്നാട്, ഹിമാചൽപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കറങ്ങി നടന്നശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പ്രതി പൊലീസിൻ്റെ പിടിയിലായത്. മണപ്പുള്ളിക്കാവിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്ന് പാലക്കാട് ടൗൺ സൗത്ത് പൊലീസ് പറഞ്ഞു. 18 ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്.
ഫാസിലിനെതിരെ ടൗൺ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, ലഹരിക്കടത്ത് ഉൾപ്പെടെ ഒൻപത് കേസുകളുണ്ടെന്നും ഇയാൾക്കൊപ്പം സ്കൂട്ടറിൽ വന്നയാളെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. എസ്.ഐമാരായ കെ. സലിം, ഷബീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫാസിലിനെ പിടികൂടിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR