Enter your Email Address to subscribe to our newsletters

Kollam , 24 ജൂണ് (H.S.)
കേരളത്തിലെ ഗതാഗതമേഖലയിൽ വൻ പരിഷ്ക്കരണവുമായി സംസ്ഥാന സർക്കാർ. കൊട്ടാരക്കരയിൽ ടിപ്പർ ലോറി പാഞ്ഞുകയറി മൂന്ന് ജീവനുകൾ പൊലിഞ്ഞ ദാരുണ സംഭവത്തിന് പിന്നാലെ, കേരളത്തിലെ റോഡ് സുരക്ഷയിൽ നിർണായക ചുവടുവെപ്പുമായി ഗതാഗത വകുപ്പ്. സംസ്ഥാനത്തുണ്ടാകുന്ന വലിയ വാഹനാപകടങ്ങൾക്ക് പിന്നിലെ യഥാർഥ കാരണങ്ങൾ ശാസ്ത്രീയമായി കണ്ടെത്താൻ എല്ലാ ജില്ലകളിലും പ്രത്യേക പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുന്നു. കേവലം ഡ്രൈവറുടെ പിഴവിലേക്ക് മാത്രം ഒതുക്കാതെ റോഡിൻ്റെ ഘടന, വാഹനത്തിൻ്റെ തകരാറുകൾ തുടങ്ങിയവയെല്ലാം ഇനി ഈ അത്യാധുനിക സമിതി പരിശോധിക്കും.
സംസ്ഥാനത്തെ റോഡുകളിൽ അശ്രദ്ധമൂലവും അമിതവേഗത കൊണ്ടുമെല്ലാം പൊലിഞ്ഞത് ധാരാളം ജീവനുകളാണ്. ഈ ജിവനുകളിൽ എറ്റവും അടുത്തായി കൂട്ടിചേർക്കപ്പെട്ടതാണ് കൊട്ടാരക്കരയിലെ അപകടത്തിൽ മരണപ്പെട്ടവർ. ഇങ്ങനെ റോഡുകളിൽ പൊലിഞ്ഞ് പോകുന്ന മനുഷ്യർക്ക് നീതി നടപ്പിലാക്കുന്നതിനായാണ് ഈ നീക്കം.
ലക്ഷ്യം വലിയ അപകടങ്ങളുടെ യഥാർത്ഥ കാരണത്തിലേക്ക്
രണ്ടോ അതിലധികമോ ആളുകൾ മരിക്കുന്ന വലിയ റോഡപകടങ്ങളാണ് ഈ പ്രത്യേക സംഘം അന്വേഷിക്കുക. അപകടം നടന്നയുടൻ സംഘം സംഭവസ്ഥലത്തെത്തി സൂക്ഷ്മമായ പരിശോധനകൾ നടത്തും. ഇതുവഴി ഭാവിയിൽ സമാനമായ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങളും സർക്കാരിന് സമർപ്പിക്കുകയാണ് ഈ ടീമിൻ്റെ പ്രധാന ലക്ഷ്യം. അഞ്ചംഗ വിദഗ്ധ സമിതിവിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് വളരെ ശക്തമായ ഒരു ഘടനയാണ് ഈ അന്വേഷണസംഘത്തിന് നൽകിയിരിക്കുന്നത്.
മനുഷ്യസഹജമായ കാരണങ്ങളും പരിശോധിക്കും
ഒരു വാഹനാപകടം നടന്നാൽ അതിൻ്റെ എല്ലാ വശങ്ങളെകുറിച്ചും അന്വേഷിച്ച് കാരണം കണ്ടെത്തി നടപ്പടി എടുക്കുക എന്നതാണ് പുതിയ സംഘത്തിൻ്റെ ദൗത്യം. ഡ്രൈവർ മദ്യപിച്ചിരുന്നോ, ലഹരി ഉപയോഗിച്ചിരുന്നോ, ഉറങ്ങിപ്പോയതാണോ, അല്ലെങ്കിൽ അമിതവേഗതയായിരുന്നോ എന്ന് തുടങ്ങിയ എല്ലാ കാര്യങ്ങളും പരിശോധിക്കും.
വാഹനത്തിന് അമിതഭാരം ഉണ്ടായിരുന്നോ, ബ്രേക്ക് ഫെയിലിയർ ആയോ, ടയറുകൾ മോശമായിരുന്നോ, വിൻഡ്ഷീൽഡ് വ്യക്തമായിരുന്നോ തുടങ്ങിയ സാങ്കേതിക കാര്യങ്ങളും പരിശോധിക്കും. അപകടം നടന്ന സ്ഥലത്തെ റോഡിന് എന്തെങ്കിലും പരിക്കുണ്ടോ, ശാസ്ത്രീയമല്ലാത്ത വളവുകളാണോ, സൈൻ ബോർഡുകൾ ഇല്ലായിരുന്നോ, സ്ട്രീറ്റ് ലൈറ്റുകൾ കത്താതിരുന്നതാണോ എന്നതും പരിശോധനയിൽ ഉൾപ്പെടുത്തും.
വാഹനങ്ങളുടെ സാങ്കേതിക തകരാറുകൾക്കും റോഡിൻ്റെ പോരായ്മകൾക്കും ഒപ്പം ഡ്രൈവർമാരുടെ മാനസികാവസ്ഥയും അപകടത്തിന് കാരണമാകുന്നുണ്ടോ എന്ന് സംഘം വിലയിരുത്തും. ഇതിനായി ഡ്രൈവർമാരുടെ മാനസികാരോഗ്യം, ഉറക്കമില്ലായ്മ, ലഹരി ഉപയോഗം എന്നിവ പരിശോധിക്കാൻ പ്രത്യേക ഡോക്ടർമാരെക്കൂടി ഈ അന്വേഷണസംഘത്തിൻ്റെ ഭാഗമാക്കാൻ ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്.
സംഘത്തിലെ സ്ഥിര അംഗങ്ങൾ
പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീമിൽ അതത് ജില്ലകളിലെ ആർടിഒ, ചുമതലപ്പെട്ട പൊലീസ് ഇൻസ്പെക്ടർ, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്നിവർ ഈ സംഘത്തിൽ സ്ഥിരമായി ഉണ്ടാകും. അപകടം നടന്നത് ദേശീയപാതയിലാണെങ്കിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും, റോഡ് ഗവേഷണ രംഗത്തെ പ്രമുഖരായ നാറ്റ്പാക്കിലെ വിദഗ്ധരെയും സംഘത്തിൽ ഉൾപ്പെടുത്തും.
കൊട്ടാരക്കര ദുരന്തം നൽകിയ പാഠം
കഴിഞ്ഞ ദിവസം കൊട്ടാരക്കര നീലേശ്വരത്ത് അമിതഭാരം കയറ്റിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാർഥിയടക്കം മൂന്ന് പേർ മരിച്ച സംഭവമാണ് ഗതാഗത വകുപ്പിനെ ഇത്തരമൊരു അടിയന്തര തീരുമാനത്തിലേക്ക് നയിച്ചത്. ആ അപകടത്തിൽ വാഹനത്തിൻ്റെ തകരാറും, ടയറിൻ്റെ പഴക്കവും, ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലാത്തതുമെല്ലാം വലിയ വീഴ്ചകളായി കണ്ടെത്തിയിരുന്നു. ഇത്തരം നിയമലംഘനങ്ങളും അനാസ്ഥകളും മുൻകൂട്ടി കണ്ടെത്താനും കർശന നടപടി സ്വീകരിക്കാനും പുതിയ സംവിധാനം വഴി സാധിക്കുമെന്നാണ് ഗതാഗത വകുപ്പിൻ്റെ പ്രതീക്ഷ.
കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിന് കാരണം ഡ്രൈവറിൻ്റെ പരിചയ കുറവാണെന്നായിരുന്നു അധികൃതർ വിലയിരുത്തിയത്. ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല. ഒരു മാസം മുമ്പ് ഗൾഫിൽ നിന്നും വന്ന അദ്ദേഹം അപകടമുണ്ടായ ദിവസമാണ് ആദ്യമായി ടിപ്പർ ഓടിക്കുന്നത്. ഡ്രൈവറിൻ്റെ ബാക്കിയുള്ള ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചിരുന്നു. കൂടാതെ ടിപ്പല്ലൂർ ടിപ്പർ ലോറിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുകയും പെർമിറ്റ് റദ്ദാക്കാൻ ആർടിഒ യ്ക്ക് ശുപാർശ ചെയ്തു. ഓവർലോഡ് കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകുന്നതിലൂടെ അപകടം കുറയ്ക്കാനാകുമെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രതീക്ഷ എന്ന് എൻഫോഴ്സ്മെൻ്റ് ആർടിഒ ദിലു എ കെ പറഞ്ഞു.
ടിപ്പർ ലോറികൾക്ക് നിയന്ത്രണം
അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ടിപ്പർ ലോറികൾക്ക് കൊല്ലം ജില്ലയിൽ ഏർപ്പെടുത്തിയ സമയം നിയന്ത്രണം ദീർഘിപ്പിച്ചു. രാവിലെ ഏഴ് മുതൽ 10 വരെയും ഉച്ചയ്ക്ക് 3:30 മുതൽ അഞ്ച് വരെയും നിരത്തിലിറങ്ങാൻ പാടില്ല. നേരത്തെ രാവിലെ 8:30 മുതലായിരുന്നു നിരോധനം. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ ഈ മാസം 30 വരെ സ്പെഷ്യൽ ഓപ്പറേഷൻ്റെ ഭാഗമായി പരിശോധന കർശനമാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം ലഭിച്ചതായി എൻഫോഴ്സ്മെൻ്റ് ആർടിഒ ദിലു എ കെ പറഞ്ഞു.
ടിപ്പർ ലോറികളിൽ ഇനി മുതൽ ബോഡിലെവലിന് മുകളിലായി മണ്ണ് കൊണ്ടുപോകുന്നതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. അമിതഭാരം കയറ്റി റോഡിലൂടെ പറയുന്നതിനാൽ അപകടങ്ങൾ ഉണ്ടാവുകയും റോഡ് നാശമാവുകയും ചെയ്യുന്നു. പാസ് ഇല്ലാത്ത മണ്ണ് കൊണ്ടുപോകുമ്പോൾ ആണ് പലപ്പോഴും ഡ്രൈവർമാർ ലോഡ് കൂടുതൽ കൊണ്ടുപോകുന്നത്. ഇത് ഒഴിവാക്കാൻ ടിപ്പർ ലോറി അസോസിയേഷനുമായി സംസാരിക്കുവാൻ അടുത്തുതന്നെ യോഗം ചേരും എന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR