സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ
Thiruvananthapuram , 24 ജൂണ് (H.S.) സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി ശാസ്ത
Shibu baby john


Thiruvananthapuram , 24 ജൂണ് (H.S.)

സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി ശാസ്ത്രീയ സാങ്കേതികവിദ്യകളുടെയും ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ സമഗ്രവും ബഹുതലവുമായ പ്രവർത്തനപദ്ധതി സർക്കാർ തയ്യാറാക്കുകയാണെന്നും മന്ത്രി നിയമസഭയില് വ്യക്തമാക്കി.

അപകടകാരികളായ വന്യമൃഗങ്ങളെ നേരിടുന്നതിൽ നിയമതടസങ്ങൾ

നിലവിലെ നിയമപ്രകാരം വന്യമൃഗങ്ങൾ ആക്രമണ സ്വഭാവം കാണിക്കുന്നു എന്ന കാരണത്താൽ മാത്രം അവയെ വെടിവച്ച് കൊല്ലാൻ കഴിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് മൃഗത്തെ കൊല്ലാൻ ഉത്തരവിടാനുള്ള അധികാരമുണ്ടെങ്കിലും അതിനുള്ള നടപടിക്രമങ്ങൾ വളരെ സങ്കീർണവും സമയമെടുക്കുന്നതുമാണ്.

ആദ്യം മൃഗത്തെ കാട്ടിലേക്ക് തിരിച്ചോടിക്കാൻ ശ്രമിക്കണം. അത് വിജയിക്കാത്ത പക്ഷം മയക്കുവെടി ഉപയോഗിച്ചോ മറ്റ് മാർഗങ്ങളിലൂടെയോ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തണം. ഇതെല്ലാം പരാജയപ്പെട്ടാൽ മാത്രമേ മൃഗത്തെ കൊല്ലുന്നതിനെകുറിച്ച് ആലോചിക്കാൻ കഴിയൂ. അതും ബന്ധപ്പെട്ട സമിതിയുടെ അനുമതിക്ക് ശേഷം മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

കടുവ ആക്രമണത്തിലും തെളിവ് അഭികാമ്യം

ഒരു കടുവ മനുഷ്യനെ കൊന്നാലും അതിനെ ഉടൻ തന്നെ ‘മനുഷ്യഭോജി’യായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ആക്രമണം നടത്തിയതും അതേ കടുവയാണോ, അത് മനുഷ്യ മാംസം ഭക്ഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ തെളിയിക്കേണ്ടതുണ്ട്. ഇത്തരം നിരവധി നിയമപരവും ഭരണപരവുമായ തടസ്സങ്ങൾ നിലവിലുണ്ടെന്നും അവ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

പ്രാദേശിക ജനപങ്കാളിത്തത്തോടെ പുതിയ നടപടി

മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന സമഗ്ര പദ്ധതി സർക്കാർ നടപ്പാക്കാൻ ആലോചിക്കുകയാണ്. വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വനസംരക്ഷണ സമിതികൾ എന്നിവയെ ഉൾപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.

ആധുനിക നിരീക്ഷണ സംവിധാനങ്ങൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ, ഡ്രോണുകൾ, ക്യാമറകൾ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വന്യമൃഗങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനും ആക്രമണ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി നിയമസഭയിലെ ചോദ്യത്തിന് വ്യക്തതവരുത്തി.

വനം വകുപ്പിൽ പരിഷ്കാരങ്ങൾ അനിവാര്യം

കേരളത്തിന് ഏകദേശം 6,000 കിലോമീറ്റർ വനാതിർത്തിയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാനത്തുകൂടി കടന്നുപോകുന്ന ദേശീയപാതകളുടെ ആകെ ദൂരം ഏകദേശം 600 കിലോമീറ്റർ മാത്രമാണ്. ഇത്രയും വലിയ വനമേഖല സംരക്ഷിക്കാൻ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും മതിയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമായി മാറിയിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

നഷ്ടപരിഹാരം വർധിപ്പിക്കും

വന്യജീവി ആക്രമണങ്ങളിൽ മരണമോ പരിക്കോ സംഭവിക്കുന്നവർക്കും കൃഷിനാശം നേരിടുന്നവർക്കും നിലവിൽ നൽകുന്ന നഷ്ടപരിഹാരം മതിയാകില്ലെന്നാണ് സർക്കാരിൻ്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു. അതിനാൽ നഷ്ടപരിഹാര തുക വർധിപ്പിക്കുന്നതിനും കൂടുതൽ സഹായങ്ങൾ ഉറപ്പാക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News