Enter your Email Address to subscribe to our newsletters

Kochi , 24 ജൂണ് (H.S.)
മലയാള സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള നാടകീയ നീക്കങ്ങളാണ് താരസംഘടനയായ അമ്മയില് കഴിഞ്ഞ ദിവസം നടന്നത്. ജനറല് ബോഡി യോഗത്തില് അവിശ്വാസപ്രമേയ വോട്ടെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ശ്വേതാ മേനോൻ ഉള്പ്പെടെയുള്ള ഭരണസമിതി അംഗങ്ങള് രാജിവെച്ചൊഴിഞ്ഞു.
ഇതിന് പിന്നാലെ സംഘടനയുടെ പ്രാഥമിക അംഗത്വം പോലും രാജിവെക്കുകയാണെന്ന് വ്യക്തമാക്കി ശ്വേത മേനോൻ രംഗത്തെത്തി. കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ തിരികെ എത്തിക്കാനുള്ള ഗൂഢാലോചനയാണ് അവിടെ നടന്നതെന്നും തനിക്കും ഭരണസമിതി അംഗങ്ങള്ക്കുമെതിരെ കൃത്യമായ ഗൂഢാലോചന അവിടെ നടന്നുവെന്നും രാജിക്ക് പിന്നാലെ അവർ മാധ്യമങ്ങള്ക്ക് മുന്നില് തുറന്നടിച്ചു. ഇപ്പോഴിതാ രാജിവെച്ചതിൻ്റെ യഥാർത്ഥ കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്വേത. ആരുടേയും കളിപ്പാവയായി തുടരാൻ താത്പര്യമില്ലാത്തത് കൊണ്ടാണ് രാജി എന്നാണ് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് അവർ പറയുന്നത്. ശ്വേതയുടെ വാക്കുകളിലേക്ക്
'ഞാൻ രാജിവെച്ചതിന്റെ കാരണം ആരുടെയും കളിപ്പാവയാകാൻ തയ്യാറാകാത്തതുകൊണ്ടാണ്. 'അമ്മ' തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി തുടങ്ങിയവരെ മുന്നില് നിർത്തി എനിക്കെതിരെ ദുഷ്പ്രചാരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും പ്രചരിപ്പിച്ചു. എന്നാല് അതെല്ലാം മറികടന്ന് 'അമ്മ'യിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ ഞാൻ തിരഞ്ഞെടുപ്പില് വിജയിച്ചു. എനിക്ക് കഴിയുന്ന ഏറ്റവും മികച്ച രീതിയില് സംഘടനയ്ക്കായി പ്രവർത്തിച്ചുവെന്ന് ഉറപ്പിച്ച് പറയാൻ കഴിയും.
നിർഭാഗ്യവശാല്, ചില താല്പര്യക്കാർ മുൻ കമ്മിറ്റിയിലെ ചില അംഗങ്ങള് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകള് അന്വേഷിക്കാനുള്ള അവസരം പോലും ഞങ്ങള്ക്ക് ലഭിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഞങ്ങളുടേത് ഉള്പ്പെടെ കാലാവധി കഴിഞ്ഞ രണ്ട് കമ്മിറ്റികളുടേയും കണക്കുകള് സമഗ്രമായി പരിശോധിക്കണം. പൂർണ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി ഫോറൻസിക് ഓഡിറ്റ് നടത്തണം.
ഞാൻ രാജിവെച്ച ശേഷവും പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളെ ഉപയോഗിച്ച് വീണ്ടും ദുഷ്പ്രചാരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. അതുകൊണ്ട് ഒരു കാര്യം ഞാൻ വളരെ വ്യക്തമായി പറയട്ടെ. ഞാൻ ഒരു സംഘിയുമല്ല, കമ്മ്യൂണിസ്റ്റുകാരിയുമല്ല.
ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരോ മുൻ എല്ഡിഎഫ് സംസ്ഥാന സർക്കാരുകളോ സംഘടിപ്പിച്ച ഒരു പരിപാടിയിലും ഞാൻ പങ്കെടുത്തിട്ടില്ല. ക്ഷണങ്ങള് ലഭിച്ചിരുന്നിട്ടും പോയിട്ടില്ല. 'അമ്മ' പ്രസിഡന്റാകുന്നതിന് മുമ്പും ഇല്ല, പ്രസിഡന്റായ ശേഷവും ഇല്ല. മറ്റുള്ളവർ ഇത്തരം ക്ഷണങ്ങള്ക്ക് പിന്നാലെ പോയപ്പോഴും ഞാൻ അതില് നിന്ന് മാറിനിന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോള്, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയില് 'അമ്മ'യില് നിന്ന് രാജിവെക്കാനാണ് ഞാൻ തീരുമാനിച്ചത്.ആ തീരുമാനം ബലഹീനത കൊണ്ടെടുത്തതല്ല. ആത്മാഭിമാനം സംരക്ഷിക്കാനായിരുന്നു', ശ്വേത വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR