Enter your Email Address to subscribe to our newsletters

Faridabad, 24 ജൂണ് (H.S.)
വയറുവേദനയും ക്ഷീണവുമായി മാസങ്ങളോളം ആശുപത്രികൾ കയറിയിറങ്ങിയ 30കാരിയുടെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് രണ്ട് കിലോയിലധികം ഭാരമുള്ള മുടിക്കെട്ട്. സ്വന്തം മുടി പറിച്ച് തിന്നുന്ന അപൂർവ മാനസികാവസ്ഥയായ ട്രൈക്കോടില്ലോമാനിയ ബാധിച്ച യുവതിയുടെ ആമാശയത്തിൽ നിന്നാണ് ഫരീദാബാദ് അമൃത ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ മുടിക്കെട്ട് നീക്കം ചെയ്തത്.
രോഗകാരണം കണ്ടെത്താതെ മാസങ്ങൾ
കഴിഞ്ഞ ഫെബ്രുവരി മാസം മുതലാണ് യുവതിക്ക് കടുത്ത വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ട് തുടങ്ങിയത്. വിശപ്പില്ലായ്മ, ഛർദി, കുറച്ചു ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറുനിറഞ്ഞതായി തോന്നുക തുടങ്ങിയ ബുദ്ധിമുട്ടുകളും ഇവർക്കുണ്ടായിരുന്നു. തുടർന്ന് നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗകാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഫരീദാബാദ് അമൃത ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ആമാശയത്തിൽ വലിയൊരു മുടിക്കെട്ട് രൂപപ്പെട്ടതായി കണ്ടെത്തിയത്.
മുടി വിഴുങ്ങുന്ന അപൂർവ രോഗം
സ്വന്തം മുടി വലിച്ചുപറിക്കാൻ തോന്നുന്ന അനിയന്ത്രിതമായ മാനസികാവസ്ഥയായ ട്രൈക്കോടില്ലോമാനിയ (Trichotillomania) എന്ന രോഗമായിരുന്നു യുവതിക്ക്. ഇതിനൊപ്പം തന്നെ മുടി വിഴുങ്ങുന്ന ശീലമായ ട്രൈക്കോഫാഗിയ (Trichophagia) എന്ന അവസ്ഥയും ഇവർക്കുണ്ടായിരുന്നു. മനുഷ്യൻ്റെ ദഹനപ്രക്രിയയിലൂടെ മുടി ദഹിച്ചുപോകാത്തതിനാൽ, വർഷങ്ങളായി വിഴുങ്ങിയ മുടി ആമാശയത്തിൽ അടിഞ്ഞുകൂടി കട്ടിയുള്ള വലിയൊരു രൂപമായി (Trichobezoar) മാറുകയായിരുന്നു. യുവതിയുടെ ആമാശയത്തിൻ്റെ കൃത്യമായ ആകൃതിയിലായിരുന്നു ഈ മുടിക്കെട്ട് രൂപപ്പെട്ടിരുന്നത്. ലോകത്തിൽ തന്നെ വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഒരു മെഡിക്കൽ അവസ്ഥയാണിത്.
സങ്കീർണമായ ശസ്ത്രക്രിയ
ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ സർജൻമാരായ ഡോ. സലിം നായിക്, ഡോ. പുനീത് ധർ, ഡോ. ജയ അഗർവാൾ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് എക്സ്പ്ലോറേറ്ററി ലാപ്പറോടമി (Exploratory laparotomy) ശസ്ത്രക്രിയയിലൂടെ 2.135 കിലോഗ്രാം ഭാരമുള്ള മുടിക്കെട്ട് വിജയകരമായി പുറത്തെടുത്തത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നുവെങ്കിൽ കുടൽ തടസ്സം, കടുത്ത പോഷകാഹാരക്കുറവ്, അണുബാധ, ആമാശയത്തിലോ കുടലിലോ ദ്വാരം വീഴുക തുടങ്ങിയ ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുമായിരുന്നു എന്ന് ഡോക്ടർമാർ വ്യക്തമാക്കി.
യാതൊരുവിധ സങ്കീർണതകളുമില്ലാതെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വേഗത്തിൽ തന്നെ യുവതിക്ക് എഴുന്നേറ്റ് നടക്കാനും, വായിലൂടെ ഭക്ഷണം കഴിക്കാനും സാധിച്ചു. തുടർചികിത്സകളോട് മികച്ച രീതിയിൽ പ്രതികരിച്ച ഇവരെ നാലാമത്തെ ദിവസം ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. രോഗം വീണ്ടും വരാതിരിക്കാനും, ട്രൈക്കോടില്ലോമാനിയ എന്ന മാനസികാവസ്ഥയ്ക്ക് പരിഹാരം കാണാനുമായി ദീർഘകാല മാനസികാരോഗ്യ ചികിത്സയും ബിഹേവിയറൽ തെറാപ്പിയും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പി.എം-ജെ.എ.വൈ) പദ്ധതിക്ക് കീഴിലാണ് യുവതിക്ക് ചികിത്സ നൽകിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഇതുവഴി യാതൊരുവിധ സാമ്പത്തിക ബാധ്യതകളുമില്ലാതെ തന്നെ മികച്ച അഡ്വാൻസ്ഡ് ടെർഷ്യറി കെയർ ചികിത്സ ഇവർക്ക് ലഭ്യമാക്കാൻ സാധിച്ചുവെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR