Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 ജൂണ് (H.S.)
സംസ്ഥാനത്ത് സമസ്തമേഖലയിലും സ്വകാര്യവത്കരണമെന്ന പ്രതിപക്ഷ പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എവിടെയാണ് ബജറ്റിൽ അത്തരമൊരു വാചകമെന്നും പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും നിയമസഭയിൽ പുതുക്കിയ ബജറ്റിൻമേലുള്ള ചർച്ചയ്ക്കു മറുപടി നൽകവേ വി ഡി സതീശൻ ചോദിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ആർഎസ്എസ് വിഷസർപ്പങ്ങൾക്കു മുന്നിൽവച്ച വിളക്കു കൊളുത്തിയത് മുൻ ഇടതുസർക്കാർ ആണെന്നും പദ്ധതി പിൻവലിക്കാനാണോ മരവിപ്പിക്കാനാണോ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
കരിമണൽ ഖനനത്തിൽ യു ടേണില്ല
കരിമണൽ ഖനനത്തിൽ സർക്കാരിന് യു ടേൺ ഇല്ല. കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭമാണ് നടപ്പാക്കുന്നത്. ക്രിട്ടിക്കൽ മിനറൽ കോറിഡോർ സ്വകാര്യ മേഖലയല്ല. കരിമണൽ ഖനനം ഇല്ല. വാല്യു അഡിഷൻ മാത്രമാണ് നടത്തുക. അതിൽ കോടികളുടെ ലാഭമാണ് ഉണ്ടാകുക. ബജറ്റിൽ എവിടെയെങ്കിലും കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച് ഒരു വാചകം പോലുമില്ല. ഒരു സ്ഥാപനവും സ്വകാര്യവത്കരിക്കില്ല. ബജറ്റിൽ ഇല്ലാത്ത കാര്യങ്ങളാണ് പുറത്ത് ചർച്ച നടത്തുന്നത്. സർക്കാരിന് കൃത്യമായ നയമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നവരല്ല സർക്കാർ. കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കും. സർക്കാർ സബ്സിഡി കൊടുക്കാതെ സിവിൽ സപ്ലൈസ് കോർപ്പറേഷനെയും സ്വയം പര്യാപ്തമാക്കും. സപ്ലൈ ചെയിൻ മാനേജ്മെൻ്റ് മോഡലിൽ സംഭരണം നടത്തി ലാഭമുണ്ടാക്കും.
പരമ്പരാഗത രീതിയിൽ അവതരിപ്പിക്കപ്പെട്ട ബജറ്റല്ല അവതരിപ്പിച്ചതെന്നും ഇതിന് മുമ്പുള്ള യുഡിഎഫ് സർക്കാരുകളും എൽഡിഎഫ് സർക്കാരുകളും അവതരിപ്പിച്ച രീതിയല്ല അവലംബിച്ചിട്ടുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു. ഇത് ഭാവി പ്രതിഫലിപ്പിക്കുന്ന ബജറ്റാണ്. ദിശാബോധം നൽകുന്ന രീതിയിലാണ് ബജറ്റ് അവതരിപ്പിച്ചത്. പഴയ കേരള മോഡലിനെക്കുറിച്ച് ഇപ്പോഴും അഭിരമിച്ചിട്ടു കാര്യമില്ല. വയോജന സംരക്ഷണം ഔദാര്യം വാരിക്കൊടുക്കുന്ന ക്ഷേമപദ്ധതിയല്ല. ലോകരാജ്യങ്ങളിൽ ഫലപ്രദമായി നടപ്പിലാക്കുന്ന സംവിധാനങ്ങളെക്കുറിച്ച് പഠിച്ച ശേഷമാണ് ഈ വകുപ്പ് ഉണ്ടാക്കിയത്. ഒരാളും സാമൂഹ്യമായി ഒറ്റപ്പെടില്ലെന്ന് സർക്കാർ ഉറപ്പുവരുത്തും.
നികുതിഭാരം അടിച്ചേൽപ്പിച്ചിട്ടില്ല
ജനങ്ങളുടെ തലയിൽ നികുതി ഭാരം കെട്ടിവച്ചിട്ടല്ല ഖജനാവിൽ പണം നിറയ്ക്കുന്നത്. നികുതിഭാരം നിറയ്ക്കാതെ സർക്കാർ ഖജനാവ് നിറയ്ക്കും. ഇത് പുതിയ എക്കണോമിക് മോഡലാണ്. കൃത്യമായ ഫിനാൻഷ്യൽ മാനേജ്മെൻ്റ്, ഖജനാവിൻ്റെ ലീക്കേജ് തടയാൻ കർശനമായ നടപടികൾ, കൃത്യമായ ടാക്സ് അഡ്മിനിസ്ട്രേഷൻ എന്നിവയാണ് ലക്ഷ്യമിടുന്നത്. പി എം ശ്രീ പദ്ധതി വിഷയത്തിൽ കരിക്കുലം സ്വാതന്ത്ര്യം അടിയറ വയ്ക്കില്ല. സ്കൂളുകൾ സർക്കാർ തിരഞ്ഞെടുക്കും. വിവിധ പദ്ധതികൾ അനാവശ്യമായി ഇഴയാൻ സമ്മതിക്കില്ല. നിക്ഷേപകർക്കായി ഏകജാലക സംവിധാനം നടപ്പാക്കും. പദ്ധതി നടത്തിപ്പിനായി പ്രോട്ടോക്കോൾ കൊണ്ടുവരും. കേരളത്തിലേക്കു വരുന്ന നിക്ഷേപകർക്കു തിരിച്ചു പോകേണ്ടിവരില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
കൊമ്പുകോർത്ത് മുഖ്യമ്രന്തിയും പ്രതിപക്ഷ നേതാവും
മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിലുള്ള വാക്പോരിനും നിയമസഭ സാക്ഷിയായി. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിനു പിന്നാലെ സിപിഎമ്മിനുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്ന വിഡി സതീശൻ്റെ പരാമർശമാണ് തർക്കത്തിന് കാരണമായത്. കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കമാണ്, വലിയ പ്രശ്നമാണ് എന്നൊക്കെ എൽഡിഎഫ് എംഎൽഎമാർ ഇവിടെ പറഞ്ഞു. നിങ്ങളുടെ പാർട്ടിയിൽ എല്ലാം ശാന്തമാണല്ലോ. മുൻപ് തന്നെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തപ്പോൾ ആരും ചോദ്യം ചെയ്തിട്ടില്ല. എന്നാലിപ്പോൾ പ്രതിപക്ഷ നേതാവിനെയും പാർട്ടി സെക്രട്ടറിയെയും നേതാക്കളും അണികളും ചോദ്യം ചെയ്യുകയാണ്. പിണറായി വിജയൻ്റെ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
അതൊക്കെ വല്ലാത്തൊരു പൂതിയാണെന്ന് പിണറായി വിജയൻ മറുപടി നൽകി. നിങ്ങളെയൊക്കെ പിന്താങ്ങുന്ന വലതുപക്ഷ മാധ്യമങ്ങൾ കൊത്തിക്കീറി നടക്കുകയായിരുന്നു. അതൊക്കെ നേരിട്ട് കൊണ്ട് തന്നെയാണ് ഇവിടെ നിൽക്കുന്നത്. എന്നെയോ ഞങ്ങളെയോ ഈ സ്ഥാനത്ത് പാടില്ലെന്ന് ഈ പാർട്ടിയിൽ എവിടെയും ആലോചിച്ചിട്ടില്ല. അതെല്ലാം വലതുപക്ഷ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അതുകേട്ട് ഇപ്പോൾ സിപിഎം തകരുമെന്ന് വിചാരിച്ച് നിങ്ങൾ നിൽക്കേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. സിപിഎമ്മിൽ ഒരു തിരുത്തലുമില്ലാതെ നന്നായി പോകുന്നുവെങ്കിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ പ്രതികരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR