Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 ജൂണ് (H.S.)
ലോക സമുദ്ര ഭൂപടത്തില് ഇന്ത്യയെ അടയാളപ്പെടുത്തിയ വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര് തുറമുഖം പ്രവര്ത്തനമാരംഭിച്ച് രണ്ടു വര്ഷം പൂര്ത്തിയാകും മുന്നെ മറ്റൊരു ചരിത്രം കൂടി സ്വന്തം പേരിൽ എഴുതിച്ചേര്ക്കുന്നു. ലോകത്തിലെ മദര്ഷിപ്പുകളിലൊന്നായ എംഎസ്സി ലൂസിയാന ഇന്ന് വൈകിട്ട് 5 മണിയോടെ വിഴിഞ്ഞത്ത് നങ്കൂരമിട്ടതോടെ രണ്ട് വര്ഷത്തില് താഴെ സമയത്തിനുള്ളില് 1000 കപ്പലുകള് കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വേഗത്തില് വളരുന്ന തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം തുറമുഖം ചരിത്രത്തിലിടം പിടിച്ചു.
1000-ാമത്തെ കപ്പലിനെ തുറമുഖ അധികൃതര് വാട്ടര് സല്യൂട്ട് നല്കിയാണ് സ്വീകരിച്ചത്. 2024 ജൂലൈ 11ന് സാന് ഫെര്ണാണ്ടോ എന്ന വാണിജ്യ കപ്പലാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി നങ്കൂരമിട്ടത്. 2024 ഡിസംബര് മൂന്നിനാണ് തുറമുഖത്തിൻ്റെ വാണിജ്യ പ്രവര്ത്തനങ്ങള് ഔദ്യോഗികമായി ആരംഭിക്കുന്നത്. ഔദ്യോഗികമായി പ്രവര്ത്തനമാരംഭിച്ച് 18 മാസങ്ങള്ക്കുള്ളില് 20 ലക്ഷം ടിഇയു ചരക്കുകള് കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖം ചരിത്ര നേട്ടം കൈവരിച്ചു. ഇന്ത്യയിലെ വാണിജ്യ തുറമുഖങ്ങളില് ഏറ്റവും വേഗത്തില് ഈ നേട്ടം കൈവരിക്കുന്ന തുറമുഖമായി വിഴിഞ്ഞം മാറി.
വിഴിഞ്ഞം തുറമുഖത്തിൻ്റെ മറ്റ് നേട്ടങ്ങള് ഇതുവരെ:
- 2024ല് പ്രവര്ത്തനം ആരംഭിച്ചതിന് ശേഷം 10 ലക്ഷം ടിഇയുവും 20 ലക്ഷം ടിഇയുവും ഏറ്റവും വേഗത്തില് കൈവരിക്കുന്ന ഇന്ത്യന് തുറമുഖം.
- 950ലധികം കപ്പലുകള് തുറമുഖത്ത് എത്തി;ഇതില് 67 അള്ട്രാ ലാര്ജ് കണ്ടെയ്നര് വെസലുകളും (യുഎല്സിവിഎസ്)) ഉള്പ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര് കപ്പലുകളിലൊന്നായ എംഎസി ഐറിന, എംഎസി വെറോണ തുടങ്ങിയവയും ഇവിടെ നങ്കൂരമിട്ടു.
- അന്താരാഷ്ട്ര കപ്പല് പാതയില് നിന്ന് വെറും 10 നോട്ടിക്കല് മൈല് ദൂരത്തില് സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം, ദക്ഷിണേഷ്യ, പാശ്ചിമേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണാഫ്രിക്ക അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ട്രാന്സ്ഷിപ്പ്മെൻ്റ് ഹബ്ബായി വളര്ന്നു വരുന്നു.
വിഴിഞ്ഞം തുറമുഖം
സംസ്ഥാന സര്ക്കാരിൻ്റെ ഉടമസ്ഥതയില് അദാനി പോര്ട്സ് ആന്ഡ് സ്പെഷ്യല് ഇക്കണോമിക് സോണ് നിര്മിച്ച് പ്രവര്ത്തിപ്പിക്കുന്ന തുറമുഖം 2024 ഡിസംബറിലാണ് വിഴിഞ്ഞത്ത് വാണിജ്യ പ്രവര്ത്തനം ആരംഭിച്ചത്. 2025 മേയില് രാജ്യത്തിന് സമര്പ്പിച്ചു. 2025 ഓഗസ്റ്റില് തന്നെ വിഴിഞ്ഞം 10 ലക്ഷം ടിഇയു നേട്ടവും കൈവരിച്ചു.
ലോകോത്തര നിലവാരമുള്ള ആഴക്കടല് ട്രാന്സ്ഷിപ്പ്മെൻ്റ് ഹബ്ബായി വിഴിഞ്ഞം ഉയര്ന്ന് വരുന്നതും തുറമുഖത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങള്, പ്രവര്ത്തന കാര്യക്ഷമത, തന്ത്രപ്രധാനമായ സ്ഥാനം എന്നിവയില് ആഗോള ഷിപ്പിങ് കമ്പനികള് വിശ്വാസം പ്രകടിപ്പിക്കുന്നതുമാണ് ഈ നേട്ടത്തിൻ്റെ അടിസ്ഥാനം. ഭൗമരാഷ്ട്രീയ സംഘര്ഷങ്ങള്, സപ്ലൈ ചെയിന് തടസങ്ങള്, പശ്ചിമേഷ്യന് സംഘര്ഷാവസ്ഥ എന്നിവയ്ക്കിടയിലാണ് വിഴിഞ്ഞത്തിൻ്റെ ഈ നേട്ടം.
പ്രവര്ത്തനം ആരംഭിച്ചതിന് ശേഷം 950ലധികം കപ്പലുകളെയാണ് വിഴിഞ്ഞം കൈകാര്യം ചെയ്തത്. ഇതില് 400 മീറ്റര് നീളമുള്ള 67 അള്ട്രാ ലാര്ജ് കണ്ടെയ്നര് വെസലുകളും ഉള്പ്പെടുന്നു. ഇതും ഇന്ത്യയിലെ റെക്കോര്ഡ് ആണ്. അടുത്ത തലമുറയിലെ വമ്പന് കണ്ടെയ്നര് കപ്പലുകള്ക്ക് സേവനം നല്കാനും അവയെ സ്വീകരിക്കാനും ഉള്ള കഴിവ് വിഴിഞ്ഞത്തെ ലോകത്തിലെ തെരഞ്ഞെടുത്ത തുറമുഖങ്ങളിൽ ഒന്നാക്കി ഉയര്ത്തുന്നു.
അന്താരാഷ്ട്ര ഷിപ്പിങ് പാതയില് നിന്ന് വെറും 10 നോട്ടിക്കല് മൈല് ദൂരത്തിലുള്ള സ്ഥാനം, ഏഷ്യ, മിഡില് ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങള്ക്കിടയിലെ ആഗോള വ്യാപാര ഗതാഗതത്തിന് വിഴിഞ്ഞത്തിന് വലിയ ഭൂമിശാസ്ത്രപരമായ മുന്തൂക്കം നല്കുന്നു. ഏകദേശം 20 മീറ്റര് പ്രകൃതിദത്ത ആഴമുള്ളതിനാല് വലിയ കപ്പലുകള്ക്ക് ഡ്രഡ്ജിങ് ആവശ്യമില്ലാതെ തന്നെ തുറമുഖത്ത് എത്താന് കഴിയും. ഇത് പ്രവര്ത്തന കാര്യക്ഷമത വര്ധിപ്പിക്കുകയും ടേണ്അറൗണ്ട് സമയം കുറയ്ക്കുകയും ചെയ്യുന്നു.
ദക്ഷിണേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന സ്ഥിരമായ ഷിപ്പിങ് സര്വീസുകളും വിഴിഞ്ഞത്ത് ലഭ്യമാണ്. ഇത് കണ്ടെയ്നര് ഗതാഗതം വേഗത്തിലാക്കുകയും ആഗോള സമുദ്ര വ്യാപാര ശൃംഖലയില് ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
പ്രധാന ആഗോള ഷിപ്പിങ് പാതകളോട് അടുത്തുള്ളതിനാല് ഷിപ്പിങ് കമ്പനികള്ക്ക് യാത്രാസമയവും ഇന്ധനച്ചെലവും ലാഭിക്കാനാകുന്നു. ചരക്ക് കൈകാര്യം ചെയ്യുന്നതിലെ ഈ അതിവേഗ വളര്ച്ച, ട്രാന്സ്ഷിപ്പ്മെൻ്റ് ചരക്കുകള്ക്കായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയുടെ അവസ്ഥ കുറയ്ക്കുന്നതില് നിര്ണായക പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പതിറ്റാണ്ടുകളായി ഇന്ത്യയുടെ വലിയൊരു വിഹിതം ട്രാന്സ്ഷിപ്പ്മെൻ്റ് ചരക്കുകള് വിദേശ ഹബ്ബുകളിലൂടെയാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. എന്നാല് വിഴിഞ്ഞത്തിൻ്റെ അതിവേഗ വളര്ച്ച ഇന്ത്യയ്ക്ക് ഈ ചരക്കുകളുടെ കൂടുതല് വിഹിതം രാജ്യത്തിനകത്ത് തന്നെ നിലനിര്ത്താനും ഇന്ത്യന് മഹാസമുദ്ര മേഖലയിലെ സ്ഥാപിത ട്രാന്സ്ഷിപ്പ്മെൻ്റ് ഹബ്ബുകളോട് മത്സരക്ഷമത വര്ധിപ്പിക്കാനും സഹായകരമാകുന്നു.
ഏകദേശം 16,000 കോടി രൂപയുടെ നിക്ഷേപത്തോടെ തുറമുഖത്തിൻ്റെ രണ്ടാംഘട്ട വികസന പ്രവര്ത്തനങ്ങള് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2028-ഓടെ ഇത് പൂര്ത്തിയാകും. ഇതിലൂടെ കണ്ടെയ്നര് കൈകാര്യം ചെയ്യുന്ന ശേഷി ഗണ്യമായി വര്ധിക്കുകയും സമ്പൂര്ണ എക്സ്പോര്ട്ട്-ഇംപോര്ട്ട് (എക്സിം) പ്രവര്ത്തനങ്ങള്ക്ക് വഴിയൊരുങ്ങുകയും ചെയ്യും.അദാനി പോര്ട്സ് ആന്ഡ് സ്പെഷ്യല് ഇക്കണോമിക് സോണ്സ് അടുത്തിടെ ഒരു വര്ഷത്തിനുള്ളില് 500 മില്യണ് മെട്രിക് ടണ് (എംഎംടി) ചരക്ക് കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ സംയോജിത ഗതാഗത ഓപ്പറേറ്ററായി മാറിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR