ദൈവങ്ങളുടെ പേര് പറഞ്ഞുള്ള കൗണ്സിലര്മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി; ബിജെപിക്ക് വലിയ തിരിച്ചടി
Kochi, 24 ജൂണ്‍ (H.S.) ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപിക്ക് വലിയ തിരിച്ചടിയായി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ. ദേവിദേവന്‍മാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തില്‍ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധ
kerala high court


Kochi, 24 ജൂണ്‍ (H.S.)

ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപിക്ക് വലിയ തിരിച്ചടിയായി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ. ദേവിദേവന്‍മാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തില്‍ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയാണ് അസാധുവായത്.

കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂള്‍ പ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണ് ചെയ്യേണ്ടത്. ഇതില്‍നിന്നു വ്യത്യസ്തമായിട്ടുള്ള സത്യപ്രതിജ്ഞ അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.പി.ദീപക് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. നാലാഴ്ചയ്ക്കുള്ളില്‍ ഇവര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം.

1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 143 പ്രകാരം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍ തങ്ങളുടെ ഓഫിസ് ചുമതലകള്‍ ഏറ്റെടുക്കുന്നതിന് മുന്‍പായി ചെയ്യുന്ന സത്യപ്രതിജ്ഞ മൂന്നാം ഷെഡ്യൂള്‍ പ്രകാരം 'ദൈവനാമത്തില്‍' അല്ലെങ്കില്‍ 'ദൃഢപ്രതിജ്ഞ' എന്ന രീതിയിലായിരിക്കണം ചെയ്യേണ്ടത്. എന്നാല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത് 'ഗുരുദേവ നാമത്തില്‍', 'ഉദിയന്നൂര്‍ ദേവിയുടെ നാമത്തില്‍', 'ഭഗവത് നാമത്തില്‍', 'കാവിലമ്മയുടെ നാമത്തില്‍', 'ശ്രീ പത്മനാഭസ്വാമിയുടെ നാമത്തില്‍', 'ഭാരതാംബയുടെ നാമത്തില്‍' തുടങ്ങിയ രൂപങ്ങളിലാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഈ സത്യപ്രതിജ്ഞകള്‍ അസാധുവാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. സത്യവാചകത്തില്‍ ഇല്ലാത്ത പേരുകള്‍ പറഞ്ഞുള്ള സത്യപ്രതിജ്ഞ നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആര്‍. സുഗതന്‍, കരമന അജിത്, ആര്‍.സി.ബീന, പി.സരിത, ദീപ എസ്.നായര്‍ തുടങ്ങിയ ബിജെപി അംഗങ്ങള്‍ ശ്രീപത്മനാഭസ്വാമിയുടെ നാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. 'ബലിദാനികള്‍ അമരന്മാര്‍' എന്നു പറഞ്ഞാണ് വലിയവിള കൗണ്‍സിലര്‍ വി.ജി. ഗിരികുമാര്‍ പ്രതിജ്ഞ അവസാനിപ്പിച്ചത്. കുന്നുകുഴി കൗണ്‍സിലര്‍ എ.മേരി പുഷ്പവും കരുമം കൗണ്‍സിലര്‍ ജി.എസ്. ആശാനാഥും 'സ്വാമിയേ ശരണമയ്യപ്പാ...' ചൊല്ലി സത്യപ്രതിജ്ഞ അവസാനിപ്പിച്ചു. ഗുരുദേവന്‍, ശ്രീകണ്ഠേശ്വരം മഹാദേവന്‍, ഇരുംകുളങ്ങര ദുര്‍ഗാ ഭഗവതി ദേവി, ഉദിയന്നൂര്‍ ദേവി തുടങ്ങിയ ദേവ പ്രതിഷ്ഠകളുടെ പേരിലും കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു.

---------------

Hindusthan Samachar / Sreejith S


Latest News