Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ജൂണ്‍ (H.S.)
കേരള നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ തന്നെ പിണറായി വിജയനെ അടക്കം വിമര്‍ശിച്ച് ആലപ്പുഴ എംഎല്‍എ എ.ഡി തോമസ്. തന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന് വന്ന് സംസാരിക്കാന്‍ അവസരം ഒരുക്കിയത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ പോലീസ് മര്‍ദനമാണെന്ന് തോമസ് പറഞ്ഞു. പത്ത് വര്‍ഷക്കാലം ചെയ്തുകൂട്ടിയ കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവായിരിക്കുന്ന പിണറായി വിജയന്‍ ആത്മപരിശോധന നടത്തണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഒരു കുപ്പി വെള്ളവുമായി വന്ന് ഞങ്ങളുടെ പ്രവര്‍ത്തകരെ ജലപീരങ്കി ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ആശങ്കപ്പെടുന്നത് കണ്ടു. എഐവൈഎഫിന്റെ കുട്ടികള്‍ക്ക് വേദനിച്ചപ്പോള്‍ ഒരു പിതാവിന്റെ കരുതല്‍ അദ്ദേഹത്തിലുണര്‍ന്നു. സഹജീവി സ്നേഹമുണ്ടായി. ദീര്‍ഘമായ പത്ത് വര്‍ഷത്തിന് ശേഷമാണ് മനുഷ്യസഹജമായ ഒരു വികാരം അദ്ദേഹത്തിനുണ്ടായത്. അതിനെ സ്വാഗതം ചെയ്യുകയാണ്. പത്ത് വര്‍ഷക്കാലം ചെയ്ത്കൂട്ടിയ കാര്യങ്ങളില്‍ പ്രതിപക്ഷ നേതാവ് ആത്മപരിശോധന നടത്തണം' എ.ഡി.തോമസ് പറഞ്ഞു.
'ഭരണകൂട ഭീകരതയ്ക്കെതിരെയും പോലീസ് രാജിനെതിരെയും ശബ്ദമുയര്‍ത്തിയ ആള്‍ മുഖ്യമന്ത്രിയായപ്പോഴാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോലീസ് മര്‍ദനങ്ങളുണ്ടായത്. ആ മുഖ്യമന്ത്രിയുടെ കാലത്ത് തെരുവുകളില്‍ ചെറുപ്പക്കാര്‍ ആക്രമിക്കപ്പെട്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനമെന്ന് വാഴ്ത്തിപ്പാടുകയാണ് ചെയ്തത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍, സമരം ചെയ്തതിന്റെ പേരില്‍, ഒരു കറുത്ത തുണി കഷ്ണം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ തന്നെയും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയേയും ആലപ്പുഴ നഗരത്തിലിട്ട് പട്ടിയെ തല്ലുന്ന പോലെ തല്ലി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഇറങ്ങി ഞങ്ങളുടെ തല തല്ലിപ്പൊളിച്ചു. ആ രക്ഷാപ്രവര്‍ത്തനം എന്നെ ഇവിടെ എത്തിച്ചു' തോമസ് കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S