Enter your Email Address to subscribe to our newsletters

New delhi, 24 ജൂണ്‍ (H.S.)
ഇന്ത്യ - ഇസ്രയേല്‍ സഹകരണത്തില്‍ സുപ്രധാന കരാര്‍ കൂടി യാഥാര്‍ത്ഥ്യമായി. പൊതുമേഖലാ ഓഡിറ്റിങ് രംഗത്തെ സഹകരണം ശക്തമാക്കുന്നതിനായുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പിച്ചത്. കരാര്‍ പ്രകാരം ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും ഇസ്രയേലിലെ സുപ്രീം ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷനും തമ്മില്‍ സഹകരിക്കും. ഭരണനിര്‍വഹണത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ കരാര്‍.
ഇസ്രയേല്‍ സ്റ്റേറ്റ് കംപ്‌ട്രോളറും ഓംബുഡ്സ്മാനും യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സുപ്രീം ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (യൂറോസായ്) പ്രസിഡന്റുമായ മത്തന്യാഹു എംഗല്‍മാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ത്യയിലെ സിഎജി ഓഫിസ് സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കെ. സഞ്ജയ് മൂര്‍ത്തിയും മത്തന്യാഹു എംഗല്‍മാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഈ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളിലെയും സുപ്രീം ഓഡിറ്റ് സ്ഥാപനങ്ങള്‍ തമ്മിലുള്ള ധാരണാപത്രത്തില്‍ ഔദ്യോഗികമായി ഒപ്പുവച്ചത്.
പൊതുമേഖലാ ഓഡിറ്റിങ് മേഖലയില്‍ പ്രൊഫഷണല്‍ അറിവുകള്‍, നൂതന രീതിശാസ്ത്രങ്ങള്‍, സാങ്കേതിക വൈദഗ്ധ്യം, പരിശീലന അവസരങ്ങള്‍, മികച്ച മാതൃകകള്‍ എന്നിവ പരസ്പരം കൈമാറുന്നതിനുള്ള കൃത്യമായ ചട്ടക്കൂടാണ് ഈ ധാരണാപത്രം വിഭാവനം ചെയ്യുന്നത്.
പരസ്പര താത്പര്യമുള്ള വിഷയങ്ങളില്‍ പ്രൊഫഷണല്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും പങ്കുവയ്ക്കുന്നതിനായി ഇന്ത്യയിലും ഇസ്രയേലിലുമായി മാറിമാറി ഉഭയകക്ഷി സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇരു വിഭാഗവും ചര്‍ച്ച ചെയ്തു. പൊതുഭരണത്തില്‍ സുതാര്യത, ഉത്തരവാദിത്തം, സദ്ഭരണം, നൂതനാശയങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇരു സ്ഥാപനങ്ങളുടെയും പ്രതിബദ്ധത ഈ സഹകരണത്തിലൂടെ കൂടുതല്‍ വ്യക്തമാവുകയാണ്. സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലുള്ള ഇസ്രയേലുമായി സഹകരിക്കുന്നത് ഇന്ത്യയുടെ ഓഡിറ്റിങ് സംവിധാനങ്ങളെ കൂടുതല്‍ ആധുനികവത്കരിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
---------------
Hindusthan Samachar / Sreejith S