കൊച്ചിയില് അര കിലോമീറ്റര് റെയില്പാളം മോഷ്ടിച്ചു
Kochi, 24 ജൂണ്‍ (H.S.) കൊച്ചി : അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡണ്‍ ഐലന്‍ഡിലെ തുറമുഖ മേഖലയിലെ റെയില്‍ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാനില്ല. മുറിച്ചു കടത്തിയതാണെന്നാണ് സംശയം. വല്ലാര്‍പാടം നിലവില്‍ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭ
Indian Railway


Kochi, 24 ജൂണ്‍ (H.S.)

കൊച്ചി : അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡണ്‍ ഐലന്‍ഡിലെ തുറമുഖ മേഖലയിലെ റെയില്‍ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാനില്ല. മുറിച്ചു കടത്തിയതാണെന്നാണ് സംശയം. വല്ലാര്‍പാടം നിലവില്‍ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ഈ ഭാഗത്തേക്കു നിലവില്‍ ചരക്കുനീക്കം ഇല്ലാത്തതിനാല്‍ കാടുമൂടി കിടക്കുകയായിരുന്നു.

ക്യു9 ബര്‍ത്ത് മുതല്‍ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണു കാണാതായത്. ടാറ്റാ ടെറ്റ്‌ലിയുടെ മുന്നിലൂടെ ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനു മുന്നിലെത്തുന്ന റോഡിനു കുറുകെ കടന്നു പോയിരുന്നതാണ് ഈ റെയില്‍വേ ലൈന്‍. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇവിടെ കാവലുണ്ട്.

സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുടെ കണ്ണു വെട്ടിച്ചാണു വന്‍തുക വില മതിക്കുന്ന ലോഹഭാഗങ്ങള്‍ പുറത്തേക്കു കടത്തിയത്. സംഭവത്തില്‍ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നാണു വിവരം. പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇന്നലെ വൈകിട്ട് റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

വെള്ളൂര്‍ എച്ച്എന്‍എല്ലിലേക്കു മുമ്പ് കല്‍ക്കരി കൊണ്ടു പോയിരുന്നത് ഈ ട്രാക് വഴിയാണ്. പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പാളത്തിന്റെ പരിപാലനവും അവര്‍ തന്നെയാണു ചെയ്തിരുന്നത്. റെയില്‍വേ ലൈന്‍ റോഡിലേക്ക് തുറക്കുന്ന ഭാഗത്തു ഗേറ്റ് ഉണ്ട്. പാളം സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ മതില്‍ക്കെട്ടിനകത്തു ചിതറിക്കിടക്കുകയാണ്. പുറത്തു നിന്ന് അനുവാദമില്ലാതെ ആര്‍ക്കും കടക്കാന്‍ കഴിയാത്ത മേഖലയില്‍ നിന്ന് ഇത്രയേറെ റെയില്‍വേ ട്രാക്ക് മോഷണം പോയതില്‍ വലിയ ദുരൂഹതയും സുരക്ഷാ വീഴ്ചയുമുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News