Enter your Email Address to subscribe to our newsletters

Kozhikode , 25 ജൂണ് (H.S.)
സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്ന വഴികളിൽ പൊലീസ് - എക്സൈസ്
സാന്നിധ്യം സജീവമായതോടെ പുതിയ വഴികൾ കണ്ടെത്തി ലഹരി മാഫിയ സംഘം. പൊതുയിടങ്ങളിൽ ഉപയോഗിക്കാത്തതും രഹസ്യമായി ലഹരി സംഘം മാത്രം കൈകാര്യം ചെയ്യുന്നതുമായ ഡാർക് വെബ് ഡിജിറ്റൽ പ്ലാറ്റ്ഫോം എക്സൈസ് കണ്ടെത്തി. മൊബൈൽ ഉപയോഗിച്ച് ഓൺലൈൻ ബിസിനസിൽ സജീവമാകുന്ന യുവാക്കളെ തേടിയാണ് ഇത്തരം വൈബ്സൈറ്റ് വഴി ലഹരി എത്തുന്നത്.
മൊബൈൽ ഫോൺ നെറ്റ് വർക്ക് സംവിധാനത്തിലും പ്രവർത്തിക്കുന്ന ഈ വൈബ്സൈറ്റ് വഴി കൂടുതലും വിദേശത്തു നിന്നാണ് രാസലഹരി കേരളത്തിലേക്ക് എത്തുന്നത്. ഫോണിൽ പ്രത്യക്ഷത്തിൽ ഈ വെബ്സൈറ്റ് ഐക്കൺ കണ്ടെത്താൻ കഴിയില്ല. ഈ സൈറ്റ് തുറന്നാൽ രാജ്യത്തെ എല്ലാ കുറ്റകരമായ പ്രവൃത്തികളുടേയും വിവരവും രീതികളും രാസ വസ്തുക്കളും മറ്റു സ്ഫോടക വസ്തുക്കളും വാങ്ങാനും പരിചയപ്പെടാനും കഴിയും. ഈ സൈറ്റിൽ ഇവ ഓൺലൈൻ ആയി വാങ്ങാനും സംവിധാനമുണ്ട്.
എന്നാല് ഇവ എത്തുന്നത് ഇന്ത്യൻ പോസ്റ്റ് വഴിയാണ്. സംശയത്തിൻ്റെ പേരിൽ കസ്റ്റംസ്, മറ്റ് ഏജൻസികൾ പരിശോധിക്കുമ്പോൾ മാത്രമേ കണ്ടെത്താൻ കഴിയൂ. കേരളത്തിൽ ഇന്ത്യന് പോസ്റ്റിൽ എത്തിയ ഒരു കൊറിയർ സംശയം തോന്നി എക്സൈസിനെ വിവരം അറിയിച്ചതിനെ തുടർന്നു പരിശോധിച്ചപ്പോഴാണു ലഹരി സ്റ്റാംപ് പിടികൂടിയത്. വിലാസം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡാർക്ക് വെബ് വഴിയുള്ള രാസ ലഹരി കടത്ത് തിരിച്ചറിഞ്ഞത്. രക്ഷിതാക്കളുടെ കരുതൽ ഇല്ലാത്ത സാഹചര്യത്തിലാണ് വിദ്യാർഥികളും യുവാക്കളും ഇത്തരം സന്ദർഭങ്ങളിലേക്ക് നീങ്ങുന്നതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജിമ്മി ജോസഫ് പറഞ്ഞു.
ഒരു വർഷം പിടികൂടിയ 95 ശതമാനം കേസുകളിലും പ്രതികളായ യുവാക്കളും യുവതികളും അവരുടെ കുടുംബങ്ങളിലെ രക്ഷിതാക്കളുടെ തർക്കവും കുടുംബ പശ്ചാത്തലത്തിലെ വീഴ്ചയും കാരണം ഇതിലേക്ക് എത്തിപെട്ടവരാണെന്നു കണ്ടെത്തിയിട്ടുണ്ട്. പുറത്തുപോയി വീടുകളിൽ തിരിച്ചെത്തുന്ന കുട്ടികളുടെ ബാഹ്യ ഇടപെടലും സ്വഭാവവും നിരീക്ഷിച്ചാൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ കഴിയും. പുതിയ കാലത്ത് രക്ഷിതാക്കൾ ജാഗ്രത പാലിക്കുന്നതിലുപരി, കുട്ടികളുമയി അടുത്തിടപെടുകയും കുട്ടികളോടുള്ള സ്കൂൾ അധ്യാപകരുടെ ഇടപെടൽ പോസിറ്റിവ് നിലപാടിൽ കാണുകയും വേണമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കൂട്ടിച്ചേർത്തു.
രാസലഹരി കടത്തിലെ വിദ്യാർഥികളുടെയും യുവാക്കളുടേയും മൊബൈൽ ഫോൺവഴിയുള്ള രഹസ്യകോഡുകളും ഇടപെടലും വ്യാപകമായതോടെ അന്വേഷണവും സജീവമായി. അടുത്ത ദിവസങ്ങളിൽ ലഹരിക്കെതിരെ പൊലീസ്, എക്സൈസ്, ജില്ലാഭരണകൂടം, കോർപറേഷൻ എന്നിവയുടെ നേതൃത്വത്തിൽ സജീവമായി ജാഗ്രതാ സമിതികൾ രൂപീകരിക്കും. ലഹരി കൈമാറ്റ കോഡുകൾ തേടി വിവിധ അന്വേഷണ സംഘം പഴയ കേസുകളിൽ പിടികൂടിയ പ്രതികളുടെ മൊബൈൽ വിവരങ്ങൾ പുനഃപരിശോധിക്കുന്നത് തുടങ്ങി. ഇതുവഴി നഗരത്തിലെ സുപ്രധാന കേസിൽ അന്വേഷണസംഘത്തിനു ലഹരി സംഘത്തിൻ്റെ പ്രധാനികളുടെ വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. ഇവരെ കണ്ടെത്തുന്നതോടെ സംസ്ഥാനത്തേക്ക് രാസലഹരി ഒഴുക്കുന്ന സംഘത്തിൻ്റെ പ്രവർത്തനം കൂടുതൽ കണ്ടത്താൻ കഴിയുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെവിലയിരുത്തൽ.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ ജില്ലയിൽ നിന്നു ലഹരിമരുന്നു വിൽപനയും ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അയ്യായിരത്തിൽ താഴെ പ്രതികളെയാണ് പൊലീസും എക്സൈസും പിടികൂടിയത്. ഇതിൽ കൂടുതൽ അളവിൽ രാസലഹരി പിടികുടുമ്പോൾ സംഭവത്തിൽ തുടരന്വേഷണം നടത്തുമെന്ന് പൊലീസും എക്സൈസും അറിയിക്കുന്നത് പതിവാണ്. എന്നാൽ,വിരലിൽ എണ്ണാവുന്ന പ്രതികളെ മാത്രമാണു തുടരന്വേഷണത്തിൽ ബെംഗളൂരു, ഗോവ, ഒഡിഷ എന്നിവിടങ്ങളിൽച്ചെന്നു പിടികൂടിയത്. ഓരോ കേസിലും നേരത്തെ പിടിയിലായ പ്രതികളിൽ പലരും അന്വേഷണത്തിലെ പഴുത് ഉപയോഗിച്ചും മറ്റും ജാമ്യം നേടി പുറത്തു വരുന്നതാണ് പതിവ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR