Enter your Email Address to subscribe to our newsletters

Idukki , 25 ജൂണ് (H.S.)
തലസ്ഥാന ജില്ലയിലെ അമ്പലമുക്കിൽ നിന്ന് ദക്ഷിണേന്ത്യയിലെ കഞ്ചാവ് കടത്തു മാഫിയ സിൻഡിക്കേറ്റ് തലവനിലേക്കുള്ള യാത്ര. മുപ്പതു വയസിൽ താഴെ മാത്രം പ്രായമുള്ള അലൻരാജിൻെ്റ ജീവിതം സിനിമാക്കഥകളെ വെല്ലുന്നതാണ്. രണ്ടുമാസത്തിനു മുൻപ് ഒഡിഷയിൽ നിന്ന് അലൻരാജ് പിടിയിലായതോടെ, മയക്കുമരുന്നുകളുടെ കേരളത്തിലേക്കുള്ള ഒഴുക്കിനെ ഒരുപരിധി വരെ തടയാനായെന്ന വിശ്വാസത്തിലാണ് ആഭ്യന്തര വകുപ്പ്.
തിരുവനന്തപുരത്തും കൊച്ചിയിലും ഉൾപ്പെടെയുള്ള ജില്ലകളിൽ അലൻരാജ് മുതൽ മുടക്കിയിട്ടുള്ള വ്യവസായ സംരഭങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണത്തിലാണ് പൊലീസ്. കേന്ദ്രസർക്കാരിൻെ്റ നേരിട്ടുള്ള അന്വേഷണമാണ് അലൻരാജിന്റെ സിൻഡിക്കേറ്റുമായി ബന്ധപ്പെട്ടു നടക്കുന്നത്.
ഒഡിഷയിൽ കൊടുംകാട്ടിനുള്ളിലെ ദ്വീപിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ലാബിൽ സിന്തറ്റിക് മയക്കുമരുന്നുകൾ ഉത്പാദിപ്പിക്കാൻ വിദേശികൾ അടങ്ങിയ സയൻ്റിസ്റ്റുകൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മയക്കു മരുന്നുകൾ എത്തിക്കാൻ പ്രത്യേക സംവിധാനങ്ങൾ. ദ്വീപിനു ചുറ്റും വിദേശ നിർമ്മിത തോക്കുകളുമായി സുരക്ഷാ ജീവനക്കാർ. മയക്കുമരുന്നു സംഭരണത്തിനും വിതരണത്തിനുമായി ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ നിരവധി പബ്ബുകളും ഗുണ്ടാസംഘങ്ങളും. കേന്ദ്ര, സംസ്ഥാന സേനകളുടെ സംയുക്ത വേട്ടയിൽ അലൻരാജ് കുടുങ്ങിയപ്പോൾ ഹെറോയിനും കൊക്കൈയിനും ഉൾപ്പെടെ ആയിരം കോടിയിലേറെ രൂപയുടെ മയക്കു മരുന്നുകളാണ് പിടിച്ചെടുത്തത്.
ഗുണ്ടാസംഘത്തിൽ നിന്ന് കഞ്ചാവ് വിൽപ്പനയിലേക്ക്
അമ്പലമുക്കിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായിരുന്നു അലൻ ജയരാജ്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹം അലനെ ലഹരി ലോകത്തെത്തിച്ചു. ശാസ്തമംഗലത്ത് ടാറ്റൂ സ്റ്റുഡിയോ തുടങ്ങിയായിരുന്നു തുടക്കം. ടാറ്റൂ ചെയ്യാനെത്തിയ വിദ്യാർത്ഥികളെ സൗഹൃദം നടിച്ച് മയക്കുമരുന്നിന് അടിമകളാക്കി തന്റെ കച്ചവടത്തിന്റെ കണ്ണികളാക്കി മാറ്റി. അതോടൊപ്പം കണ്ണാടി ഷാജിയെന്ന ഗുണ്ടയുടെ സംഘത്തിലും അലൻ സജീവമായിരുന്നു. ഷാജി കൊല്ലപ്പെട്ടതോടെ എതിർസംഘമായ അമ്പലമുക്ക് കൃഷ്ണകുമാറിന്റെ സംഘത്തിന് ഒറ്റിക്കൊടുത്തത് അലനാണെന്ന ആരോപണമുണ്ടായി. ഇതിനിടയിൽ ജയിലിലായി. പുറത്തിറങ്ങിയതോടെ നഗരത്തിലെ കഞ്ചാവ് വിൽപ്പനക്കാരനായി മാറി.
തെക്കൻ കേരളത്തിൽ ലഹരി പാർട്ടികൾക്ക് തുടക്കമിട്ടത് അലനായിരുന്നു. വെള്ളറട- തമിഴ്നാട് അതിർത്തിയിലെ ഫാംഹൗസ് വാടകയ്ക്കെടുത്തായിരുന്നു പാര്ട്ടി സംഘടിപ്പിച്ചത്. പൊലീസ് ഇടപെട്ടതോടെ, നാഗർകോവിൽ, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പാർട്ടികൾ മാറ്റി. മാത്രമല്ല, വൻകിട കഞ്ചാവ് ലോബിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ബെംഗളൂരുവും ആന്ധ്രയുമായിരുന്നു പ്രധാന കേന്ദ്രങ്ങൾ.
വിൽപ്പനയിൽ നിന്ന് സിൻഡിക്കേറ്റ് തലവനിലേക്ക്
ഒഡിഷയിലേക്ക് കളം മാറ്റിയ അലൻ കഞ്ചാവ് വിൽപ്പനയിൽ നിന്ന് ഉത്പാദനത്തിലേക്കു കടന്നു. ഒഡിഷയിലെ കോറാപുട്ടിലെ ആൾതാമസില്ലാത്ത തുരുത്തുകളായിരുന്നു അലന്റെ പ്രധാന കേന്ദ്രം. പൊലീസിനോ എക്സൈസിനോ കടന്നുചെല്ലാൻ ഭയമായിരുന്ന ഈ മേഖലയിൽ നക്സലുകളുടെ സംരക്ഷണയിലായിരുന്നു മയക്കുമരുന്ന് ഉത്പാദനം. വൻതോതിൽ കഞ്ചാവ് കൃഷി ചെയ്ത് സംസ്കരിച്ച കൊക്കൈയ്നും ഹെറോയിനും ഓയിലുമാക്കി ദക്ഷിണേന്ത്യ മുഴുവൻ വിതരണം ചെയ്യുന്ന തരത്തിലേക്ക് അലൻ വളർന്നു. കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന് നേതൃത്വം നൽകിയ അലൻ വൻ സിൻഡിക്കേറ്റിന് രൂപം നൽകി. സിൻഡിക്കേറ്റ് തലവനായതോടെ ആന്ധ്ര വനമേഖലയിൽ നിന്ന് അപൂർവമായി മാത്രമേ അലൻ പുറത്തുകടക്കാറുണ്ടായിരുന്നുള്ളൂ. ബെംഗളൂരുവിൽ അതീവരഹസ്യമായി വരുമ്പോൾ ആ മേഖലയാകെ സുരക്ഷാവലയത്തിലായിരുന്നു.
കൈപ്പിടിയിലാക്കി ലഹരി കടത്ത്
ബംഗളൂരുവിലെ ഗോഡൗണുകളിലും ഫ്ളാറ്റുകളിലുമായിരുന്നു ഒഡിഷയിൽ നിന്ന് കൊണ്ടുവരുന്ന ലഹരിമരുന്ന് ശേഖരിച്ചിരുന്നത്. അവിടെ നിന്നാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ചെറിയ പാക്കറ്റുകളായി ഇവ എത്തിച്ചിരുന്നത്. വാടകയ്ക്ക് എടുത്ത ആഢംബര വാഹനങ്ങളാണ് കടത്താൻ ഉപയോഗിച്ചിരുന്നത്. തമിഴ്നാട് അതിർത്തിയിൽ നിന്ന് പൈലറ്റ് വാഹനങ്ങളുടെ സഹായത്തോടെയാണ് ഓരോ ലഹരി ലോഡും കേരളത്തിലേക്ക് പ്രവേശിച്ചിരുന്നത്.
പരിശോധനകൾ ഒഴിവാക്കാൻ പ്രധാനമായും തീരദേശ റോഡുകളാണ് അലന്റെ സംഘം ഉപയോഗിച്ചിരുന്നത്. കന്യാകുമാരി-നാഗർകോവിൽ വഴി കേരളത്തിലേക്ക് മീൻ വണ്ടികളിലും മറ്റും രഹസ്യ അറകൾ ഉണ്ടാക്കി ലഹരി കടത്തിയിരുന്നു. പിടിയിലായ വാഹനങ്ങൾ പലതവണ അതിർത്തി കടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എക്സൈസ് സ്ക്വാഡിന്റെ പരിശോധനയിൽ മാത്രം അലൻ കേരളത്തിലേക്ക് കടത്തിവിട്ട 1000 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ ലഹരി വിപണിയുടെ 70 ശതമാനവും അലന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് സൂചന. ലഹരി കച്ചവടത്തിലൂടെ ലഭിച്ചിരുന്ന കോടിക്കണക്കിന് രൂപ അലൻ തന്റെ ബന്ധുക്കൾ വഴിയും സുഹൃത്തുക്കൾ വഴിയുമാണ് വെളുപ്പിച്ചിരുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലും പണം നിക്ഷേപിച്ചതായി സംശയമുണ്ട്. അലന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.
പാപ്പനംകോട് ആരംഭിച്ച അന്വേഷണം അവസാനിച്ചത് ഒഡിഷയിൽ
കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവനന്തപുരം പാപ്പനംകോട്ട് നിർത്തിയിട്ട കാറിൽ നിന്ന് 325 കിലോ കഞ്ചാവ് പിടികൂടിയത് നിർണ്ണായകമായി. ഡാൻസാഫ് നടത്തിയ അന്വേഷണത്തിൽ പിടിയിലായ പ്രതികൾക്ക് അലനുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഒഡിഷയിലെ ലഹരി ഫാക്ടറിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഉടൻ തന്നെ കേരള പൊലീസ് വിവരങ്ങൾ ഒഡിഷ പൊലീസിന് കൈമാറി. വലിയ തയ്യാറെടുപ്പിനു ശേഷമാണ് ഒഡിഷ പൊലീസ് പരിശോധനക്ക് തയ്യാറായത്. കേന്ദ്രസേനയുടെ സഹായവും തേടിയിരുന്നു. കഴിഞ്ഞ ഏപ്രിൽ രണ്ടാംവാരത്തിൽ പരിശോധനക്ക് സേനകൾ തീരുമാനിച്ചു.
വനത്തിലുള്ളിലെ ലാബിൽ നിന്ന് പിടിയിലായ സിൻഡിക്കേറ്റ് തലവൻ
കോറാപുട്ടിലെ ഘോരവനത്തിൽ ജലാശയത്തിന് നടുവിലെ ദ്വീപിലാണ് അലൻ സിൻഡിക്കേറ്റ് ഹെറോയിൻ നിർമ്മാണ ലാബ് പ്രവർത്തിച്ചിരുന്നത്. ബോട്ടുകളിലെത്തിയ പൊലീസ് സംഘം ദ്വീപിന്റെ പല ഭാഗങ്ങളും വളഞ്ഞു. പൊലീസെത്തിയത് അറിഞ്ഞതോടെ അലനും സംഘവും വനത്തിനുള്ളിലേക്ക് കടന്നു. അവിടത്തെ കാഴ്ചകൾ പൊലീസ് സംഘത്തെയടക്കം ഞെട്ടിക്കുന്നതായിരുന്നു. 2000 ലിറ്ററോളം ഹെറോയിൻ കന്നാസുകളിൽ നിറച്ചുവച്ചിട്ടുണ്ടായിരുന്നു. 1000 കിലോയിലധികം ഉണങ്ങിയ കഞ്ചാവ് കെട്ടുകളുമുണ്ടായിരുന്നു 1000 കോടിയിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്. ലാബിലാണ് കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിലായി വേർതിരിച്ചിരുന്നത്. വനത്തിൽ 30 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടൽ നടന്നു.
അതിനൊടുവിൽ തിരുവനന്തപുരം സ്വദേശികളായ ആനന്ദ് രാജ്, കിരൺ, ബിത്തു എന്നിവരും അലനൊപ്പം അറസ്റ്റിലായി. ഒഡിഷയിലെ മാവോയിസ്റ്റ് സ്വാധീനം തുടച്ചുനീക്കാനുള്ള കേന്ദ്ര ഓപ്പറേഷൻ വിജയിച്ചതോടെ ദ്വീപുകളിൽ കാവൽ നിൽക്കാൻ നക്സലുകൾ ഇല്ലാതായാതും പൊലീസിന് സഹായകരമായി. ഒഡിഷയിൽ റിമാൻഡിലുള്ള അലനെ കേരളത്തിലെത്തിക്കാൻ പൊലീസ് നീക്കം ഊർജിതമാക്കി. പാപ്പനംകോട് കേസിന് പുറമെ, പഴയ ലഹരി കേസുകളിലും അലനെ പ്രതി ചേർക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. കേരളത്തിലെ രാഷ്ട്രീയ-ചലച്ചിത്ര രംഗത്തെ പ്രമുഖർക്ക് അലനുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR