കാസർഗോഡ് ജില്ലയിൽ ഫെനോയില് മാനുഫാക്ചറിങ് കമ്പനി എന്ന വ്യാജേന പ്രവർത്തിച്ച പാൻമസാല നിർമാണ കേന്ദ്രം പൊലീസ് കണ്ടെത്തി
Kasaragod , 25 ജൂണ് (H.S.) രാത്രിയിൽ ജനറേറ്റർ ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്ന ഫെനോയിൽ കമ്പനി. നാട്ടുകാർ സംശയിക്കാതിരിക്കാൻ താഴത്തെ നിലയുടെ മുന്നിൽ നിരവധി പെനോയിൽ കുപ്പികൾ നിരത്തിവെച്ചു. എന്നാൽ നാട്ടുകാർക്ക് തോന്നിയ സംശയം പൊലീസിനെ അറിയിച്ചു. പൊല
ILLEGAL PAN MASALA PRODUCTION


Kasaragod , 25 ജൂണ് (H.S.)

രാത്രിയിൽ ജനറേറ്റർ ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്ന ഫെനോയിൽ കമ്പനി. നാട്ടുകാർ സംശയിക്കാതിരിക്കാൻ താഴത്തെ നിലയുടെ മുന്നിൽ നിരവധി പെനോയിൽ കുപ്പികൾ നിരത്തിവെച്ചു. എന്നാൽ നാട്ടുകാർക്ക് തോന്നിയ സംശയം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലഹരി നിർമാണ കേന്ദ്രം.

പെനോയിൽ മാനുഫാക്ചറിങ് കമ്പനി എന്ന വ്യാജേന ആയിരുന്നു ഇതിൻ്റെ പ്രവർത്തനം. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മയിലാട്ടിയിൽ പ്രവർത്തിച്ച പാൻമസാല നിർമാണ കേന്ദ്രമാണ് പൊലീസ് കണ്ടെത്തിയത്.

ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിസ്, മീപ്പുഗിരി സ്വദേശി ജാഫർ എന്നിവരാണ് പിടിയിലായത്. 25 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പാൻമസാല നിർമാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടികൂടി. ജനറേറ്റർ, കംപ്രഷർ, പായ്ക്കിങ് മെഷീൻ, ഉൾപ്പെടെയുള്ള നിർമാണ യന്ത്രങ്ങളും ഉണ്ടായിരുന്നു.

തെക്കിൽ സ്വദേശിയായ മുൻ പ്രവാസിയുടെ ആണ് 12 മുറികൾ ഉള്ള ഇരു നില കെട്ടിടം. മുൻപ് ഫർണിചർ ഷോറൂം ആയിരുന്നു. അത് പൂട്ടിയ ശേഷം വർഷങ്ങളോളം കെട്ടിടം അടച്ചിട്ടു. ഇതിനിടെ ആണ് മാർച്ചിൽ ഷെരീഫും ഹരിസും ചേർന്ന് ഒരു ലക്ഷം രൂപ സെക്യൂരിറ്റിയിൽ 40,000 രൂപ പ്രതിമാസ വാടകയിൽ കെട്ടിടം ഏറ്റെടുക്കുന്നത്.

ഫെനോയിൽ കട തുടങ്ങുന്നു എന്നാണ് ഉടമയോട് പറഞ്ഞിരുന്നത്. രണ്ടു മാസം കട അടഞ്ഞു കിടന്നപ്പോൾ അന്വേഷിച്ചുവെങ്കിലും യന്ത്രങ്ങൾ എത്താനുണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറി. ഏപ്രിലിൽ ഫെനോയിൽ കുപ്പികൾ മുറിയിൽ കണ്ടതോടെ ഉടമ പിന്നീട് ശ്രദ്ധിച്ചില്ല.

മേൽപ്പറമ്പ് ഇൻസ്പെക്ടർ എൻ പി രാഘവൻ, പ്രിൻസിപ്പൽ എസ് ഐ ടി അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധ നടന്നത്. പെനോയിൽ ഉല്പാദിപ്പിക്കുന്ന ഖുറൈസി എക്സ്പ്രസ് മാനുഫാക്ചറിങ് യൂണിറ്റ് എന്ന വ്യാജേനയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

മാർച്ചിലാണ് ഇത് പ്രവർത്തനം തുടങ്ങിയത്. ഇതിൻ്റെ മറവിൽ ജൂൺ മാസമാണ് പാൻമസാല നിർമിച്ചു തുടങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂൾലിപ് എന്ന പേരാണ് പാൻമസാല പാക്കറ്റിലുള്ളത്.

കോഴിക്കോട് - ഖത്തർ എന്ന പേരിൽ കയറ്റി അയക്കാൻ ചാക്കുകളിൽ നിറച്ചുവെച്ച നിലയിലായിരുന്നു. ഏകദേശം 15,000 പാക്കറ്റ് പാൻമസാല ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് റെയ്ഡിനെത്തിയപ്പോൾ ആറ് ഇതര സംസ്ഥാന തൊഴിലാളികളും സ്ഥാപനത്തിൽ ഉണ്ടായിരുന്നു.

ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉല്പാദന യൂണിറ്റും മുകളിലെ നിലയിൽ പായ്ക്കിങ് യൂണിറ്റും തൊഴിലാളികളുടെ താമസസ്ഥലവുമായിരുന്നു.

കർണാടകയിൽ താമസക്കാരനായ രാജസ്ഥാൻ സ്വദേശിയും ദാവൻഗരെയുമാണ് ബുദ്ധികേന്ദ്രമെന്നു പറയപ്പെടുന്നു. രാജസ്ഥാൻ സ്വദേശിയാണ് യന്ത്രങ്ങൾ എത്തിച്ചത്. ഉണ്ടാക്കുന്ന ലഹരി ഉത്പന്നങ്ങൾ ഇവർ കൊണ്ടുപോകും എന്ന ധാരണ ആയിരുന്നുവെന്നും പറയപ്പെടുന്നു.

പരിശോധനാ സംഘത്തിൽ മേൽപ്പറമ്പ് ജൂനിയർ എസ്.ഐ.ഷൈജു, എ.എസ്.ഐമാരായ മനു, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News