Enter your Email Address to subscribe to our newsletters

Haryana , 25 ജൂണ് (H.S.)
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിൻ്റെ പരീക്ഷണയോട്ടം നാളെ ഹരിയാനയിലെ ജിൻഡ്-സോനിപത് റെയിൽവേ പാതയിൽ നടക്കും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലുള്ള പരീക്ഷണത്തിനായി ലഖ്നൗവിൽ നിന്നുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) പ്രത്യേക സംഘം ജിൻഡ് ജങ്ഷനിൽ എത്തി.
നേരത്തെ ജൂൺ 24ന് നടത്താൻ നിശ്ചയിച്ചിരുന്ന അതിവേഗ പരീക്ഷണയോട്ടമാണ് ചില സാങ്കേതിക കാരണങ്ങളാൽ വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. ട്രെയിനിൻ്റെ കുറഞ്ഞ വേഗത്തിലുള്ള പരീക്ഷണങ്ങൾ ഇതിനകം തന്നെ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ബ്രേക്കിങ് സംവിധാനം, എൻജിൻ ശേഷി, സുരക്ഷാ ക്രമീകരണങ്ങൾ, ട്രാക്കിൻ്റെ അവസ്ഥ, വൈബ്രേഷൻ എന്നിവ കൃത്യമായി വിലയിരുത്താനാണ് വിദഗ്ധരുടെ നേതൃത്വത്തിൽ അതിവേഗ പരീക്ഷണയോട്ടം നടത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നതിന് മുൻപ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനായി ട്രെയിനിൻ്റെ പവർ കാർ, കൺട്രോൾ സിസ്റ്റം, സ്പീഡ് സെൻസർ എന്നിവ റെയിൽവേ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പരിസ്ഥിതി സൗഹൃദ യാത്ര
പൂർണമായും പരിസ്ഥിതി സൗഹൃദമായ ഈ ഹൈബ്രിഡ് ട്രെയിനിൽ പരമ്പരാഗത ഡീസൽ എൻജിനുകൾക്ക് പകരം അത്യാധുനിക ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളാണ് ഉപയോഗിക്കുന്നത്. എട്ട് മുതൽ 10 വരെ കോച്ചുകളാണ് ഈ ട്രെയിനിൽ ഉണ്ടാകുക. ഹൈഡ്രജനും ഓക്സിജനും കത്തിക്കുമ്പോഴുണ്ടാകുന്ന താപം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും, അതുവഴി ട്രെയിനിലെ ലിഥിയം അയൺ ബാറ്ററി ചാർജ് ചെയ്യുകയുമാണ് ഇതിൻ്റെ പ്രവർത്തന രീതി. അന്തരീക്ഷത്തിലേക്ക് ഒട്ടും കാർബൺ പുറന്തള്ളാത്ത ഈ സീറോ എമിഷൻ സാങ്കേതികവിദ്യയിലൂടെ നീരാവിയും വെള്ളവും മാത്രമാണ് പുറത്തുവരുന്നത്. തികച്ചും ശബ്ദരഹിതമായി പ്രവർത്തിക്കുന്ന ട്രെയിൻ യാത്രക്കാർക്ക് സുഖകരവും മികച്ചതുമായ യാത്രാനുഭവം നൽകും.
ഇന്ധനക്ഷമതയിൽ മുന്നിൽ
ഹരിയാനയിലെ 90 കിലോമീറ്റർ ദൈർഘ്യമുള്ള ജിൻഡ്-സോനിപത് പാതയിൽ ശരാശരി 110 മുതൽ 140 കിലോമീറ്റർ വരെ വേഗത്തിലാകും ട്രെയിൻ സർവീസ് നടത്തുക. ഇന്ധനക്ഷമതയിൽ ഏറെ മുന്നിലുള്ള ഈ ട്രെയിനിന് വെറും 360 കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് 180 കിലോമീറ്റർ ദൂരം അനായാസം സഞ്ചരിക്കാനാകും. നിലവിൽ ഈ പാതയിൽ സർവീസ് നടത്തുന്ന മൂന്ന് സാധാരണ ട്രെയിനുകൾക്ക് പകരമായാണ് പുതിയ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.
ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്
ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ 'ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്' പ്രകാരമാണ് പുതിയ ട്രെയിൻ പുറത്തിറക്കുന്നത്. രാജ്യത്തെ പൈതൃക പാതകളിലും മലയോര മേഖലകളിലുമായി 35 ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് നടത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കാൽക്ക-ഷിംല, ഡാർജിലിങ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ തുടങ്ങിയ പാതകളിൽ ഇവ വൈകാതെ ഓടിത്തുടങ്ങും. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) 1200 കിലോവാട്ട് ശേഷിയുള്ള ഈ ട്രെയിൻ തദ്ദേശീയമായി നിർമിച്ചത്.
ജിൻഡിൽ ഇതിനായി പ്രത്യേക ഹൈഡ്രജൻ സംഭരണ-ഇന്ധനം നിറയ്ക്കൽ കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്. ഒരു ട്രെയിനിന് ഏകദേശം 80 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങൾക്കായി 70 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2070ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പാണിത്. ഇതോടെ ജർമനി, ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും അഭിമാനകരമായ നേട്ടം കൈവരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR