Enter your Email Address to subscribe to our newsletters

Thiruvananthapuram , 25 ജൂണ് (H.S.)
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി ) പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ ഡൽഹിയിലെത്തി പാർട്ടി ദേശീയ നേത്യത്വവുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് സംസ്ഥാന വൈദ്യൂതി മന്ത്രിയായി ചുമതലയേറ്റ പശ്ചാത്തലത്തിലാണ് കേരളത്തിൽ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് ഊർജിതമാക്കിയത്.
വ്യാഴാഴ്ച ഡൽഹിയിലെത്തിയ ജോസഫ് വാഴക്കൻ, കെ പി സി സി അധ്യക്ഷ പദവിയിലേക്ക് താൻ യോഗ്യനാണെന്ന സൂചനകൾ മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചു. എന്നാൽ പദവികൾ താൻ ആവശ്യപ്പെട്ട് വാങ്ങാറില്ലെന്നും, കഴിഞ്ഞ 50 വർഷമായി പാർട്ടിക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളാണ് തൻ്റെ ഏക അവകാശവാദമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന് ആവശ്യം
മന്ത്രിസ്ഥാനം കൂടി വഹിക്കുന്നതിനാൽ ഇരുപദവികളും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സണ്ണി ജോസഫ് തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. സണ്ണി ജോസഫ് ഒഴിഞ്ഞേക്കുമെന്ന സൂചനകൾ ശക്തമായതോടെയാണ് പുതിയ അധ്യക്ഷനായി സമ്മർദം മുറുകുന്നത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഒരു മുഴുവൻ സമയ പ്രസിഡൻ്റിനെയാണ് ആവശ്യമെന്ന് ജോസഫ് വാഴക്കൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ ഒരു 24 മണിക്കൂർ കോൺഗ്രസ് പ്രവർത്തകനാണ്. നിലവിൽ മറ്റ് ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ ഒന്നും തന്നെ എനിക്കില്ല. അതുകൊണ്ട് പാർട്ടിക്കായി പൂർണ സമയം മാറ്റിവെക്കാൻ എനിക്ക് സാധിക്കും. നേത്യത്വത്തിന് അനുയോജ്യമെന്ന് തോന്നുകയാണെങ്കിൽ പദവി ഏറ്റെടുക്കാൻ ഞാൻ സന്നദ്ധനാണ് ജോസഫ് വാഴക്കൻ വ്യക്തമാക്കി
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ മത്സരിക്കാൻ തയ്യാറെടുത്തിട്ടും തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ട കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. എങ്കിലും അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ യാതൊരുവിധ തർക്കങ്ങളുമില്ലെന്നും ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കെ പി സി സി നേതൃത്വത്തിൽ വലിയ അഴിച്ചുപണി നടക്കാനിരിക്കെ ജോസഫ് വാഴക്കന് പുറമെ മറ്റ് ചില പ്രമുഖ നേതാക്കളുടെയും എം പിമാരുടെയും പേരുകൾ സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്. സണ്ണി ജോസഫ് മന്ത്രിയായതിന് പിന്നാലെ അദ്ദേഹം അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാൻ സംഘടനാ സംവിധാനം കൂടുതൽ ശക്തവും അച്ചടക്കമുള്ളതുമാക്കാൻ ശക്തനായൊരു അധ്യക്ഷൻ വരണമെന്ന ആവശ്യത്തിലാണ് ഗ്രൂപ്പ് വ്യത്യാസമന്യേ നേതാക്കൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR