Enter your Email Address to subscribe to our newsletters

Thiruvananthapuram , 25 ജൂണ് (H.S.)
മദ്യക്കമ്പനികളെ സഹായിക്കാനായി നികുതി കുറച്ചുനൽകിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പച്ചക്കള്ളം പറയുകയാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യത്തിനുള്ള ചട്ടഭേദഗതി കൊണ്ടുവന്നത് എൽഡിഎഫ് സർക്കാരാണെങ്കിലും നികുതി ഇളവ് നൽകാൻ തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. മദ്യലോബിയുമായി നടത്തിയ ഇടപാട് കൈയോടെ പിടിക്കപ്പെട്ടപ്പോൾ അതിൽനിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി കള്ളങ്ങളുടെ ഘോഷയാത്രയാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എം.വി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്നപ്പോഴാണ് നികുതി കുറയ്ക്കാനുള്ള നീക്കം തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തികച്ചും അടിസ്ഥാനരഹിതമാണ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നിർവചനം എന്താണെന്ന് വ്യക്തമാക്കി ഫയൽ പുനഃസമർപ്പിക്കാൻ മാത്രമാണ് അന്ന് ആവശ്യപ്പെട്ടത്. 2022-23ലെ എൽഡിഎഫ് സർക്കാരിൻ്റെ മദ്യനയത്തിൻ്റെ ഭാഗമായാണ് വീര്യം കുറഞ്ഞ മദ്യം അനുവദിക്കാനുള്ള ചട്ടഭേദഗതി കൊണ്ടുവന്നത്.
ഹോർട്ടി വൈൻ, ഹോർട്ടി ലിക്വർ, ലോ സ്ട്രെങ്ത് ആൽക്കഹോൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഇത് നടപ്പാക്കിയത്. ഇതിനുള്ള ഗസറ്റ് വിജ്ഞാപനം 2023 ജനുവരി ആറിന് പുറപ്പെടുവിക്കുകയും ജനുവരി പതിനൊന്നിന് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ നികുതി കുറയ്ക്കുന്ന കാര്യം എൽഡിഎഫ് ആലോചിച്ചിട്ടുപോലുമില്ല. തിരഞ്ഞെടുപ്പ് വന്നതുകൊണ്ടാണ് അവസാന നിമിഷം എൽഡിഎഫ് നികുതി കുറയ്ക്കാതിരുന്നത് എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. അങ്ങനെയൊരു ശ്രമം നടന്നിട്ടുണ്ടെങ്കിൽ അതിൻ്റെ രേഖകൾ പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും എം.ബി രാജേഷ് പറഞ്ഞു.
ഉസൈൻ ബോൾട്ടിനെ തോൽപ്പിക്കുന്ന വേഗം
എൽഡിഎഫ് ഭരണകാലത്ത് മൂന്ന് വർഷവും അഞ്ച് മാസവും അനങ്ങാതിരുന്ന ഫയലാണ് വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മിന്നൽ വേഗത്തിൽ നീങ്ങിയത്. പതിനെട്ടാം തീയതി സത്യപ്രതിജ്ഞ നടന്നതിന് ശേഷം, മെയ് ഇരുപത്തിയൊന്നിന് ഫയൽ വീണ്ടും സജീവമായി. ഡെപ്യൂട്ടി സെക്രട്ടറിയിൽ നിന്ന് ജോയിൻ്റ് സെക്രട്ടറിക്കും അവിടെനിന്ന് അഡീഷണൽ ചീഫ് സെക്രട്ടറിക്കും കൈമാറിയ ഫയൽ വൈകിട്ട് 6.33ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. ഉസൈൻ ബോൾട്ടിനെ തോൽപ്പിക്കുന്ന വേഗത്തിലാണ് ഈ ഫയൽ നീങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രത്യേകം ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്ര വേഗത്തിൽ നടപടികളുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ സ്പീക്കറായിരുന്ന സമയത്ത് ഡൽഹി മദ്യനയക്കേസിലെ പ്രതിയും തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെ മകളുമായ കെ. കവിത തൻ്റെ വീട്ടിൽ വന്ന് താമസിച്ചുവെന്ന് വി.ഡി സതീശൻ മുൻപ് ആരോപിച്ചിരുന്നു. ഈ തെറ്റായ വാർത്ത നൽകിയ മലയാള മനോരമ പിന്നീട് തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ വി.ഡി സതീശൻ ഇതുവരെ അതിന് തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കള്ളങ്ങൾ പിൻവലിക്കാൻ അദ്ദേഹം തയ്യാറാകുമെന്ന് കരുതുന്നില്ല. ബജറ്റ് വരുന്നതിന് തലേദിവസം അർധരാത്രിയിലാണ് നികുതി സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതെന്നും, ജനങ്ങൾക്ക് മുന്നിൽ സത്യാവസ്ഥ തുറന്നുകാട്ടുമെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR