കോതമംഗലം കോട്ടപ്പടി മേഖലയിൽ മാസങ്ങളായി ഭീതിവിതച്ച 'മലയാറ്റൂർ ഫീമെയിൽ 4' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വച്ചു പിടികൂടി.
Ernakulam , 25 ജൂണ് (H.S.) കോതമംഗലം കോട്ടപ്പടി മേഖലയിൽ മാസങ്ങളായി ഭീതിവിതച്ച ''മലയാറ്റൂർ ഫീമെയിൽ 4'' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വച്ചു പിടികൂടി. എന്നാൽ റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ഇതേ വനത്തിൽ തന്നെ തുറന്നുവിടാനുള്ള അധികൃതരുടെ തീരുമാനത്
Malayattoor female 4


Ernakulam , 25 ജൂണ് (H.S.)

കോതമംഗലം കോട്ടപ്പടി മേഖലയിൽ മാസങ്ങളായി ഭീതിവിതച്ച 'മലയാറ്റൂർ ഫീമെയിൽ 4' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വച്ചു പിടികൂടി. എന്നാൽ റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ഇതേ വനത്തിൽ തന്നെ തുറന്നുവിടാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജനവാസമേഖലയിൽ സ്ഥിരമായി ഇറങ്ങി വ്യാപക കൃഷിനാശവും ജീവന് ഭീഷണിയും ഉയർത്തിയതിനെ തുടർന്നാണ് ആനയെ പിടികൂടാൻ വനംവകുപ്പ് ഉത്തരവിട്ടത്.

വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകർമ സേനയും (ആർആർടി) വെറ്ററിനറി വിദഗ്ധരും അടങ്ങുന്ന വലിയ സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൗത്യം പൂർത്തിയാക്കിയത്. കോട്ടപ്പടിയിലെ വനത്തിനുള്ളിൽ ആന നിലയുറപ്പിച്ചതായി പുലർച്ചെയോടെ തന്നെ വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് അസിസ്റ്റൻ്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ബിനോയ്, റേഞ്ച് ഓഫിസർ ലുധീഷ്, ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എബിൻ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. ആനയുടെ ആരോഗ്യസ്ഥിതിയും ചുറ്റുപാടുകളും കൃത്യമായി വിലയിരുത്തിയ ശേഷമാണ് മയക്കുവെടി വച്ചത്. വെടിയേറ്റതിനെ തുടർന്ന് കാട്ടിനുള്ളിലേക്ക് ഓടിയ ആനയ്ക്ക് പിന്നീട് ബൂസ്റ്റർ ഡോസ് നൽകി. നിലവിൽ പൂർണമായും നിരീക്ഷണത്തിലുള്ള ആനയ്ക്ക് ആവശ്യമായ പ്രാഥമിക പരിചരണങ്ങൾ നൽകിയ ശേഷമായിരിക്കും റേഡിയോ കോളർ ഘടിപ്പിക്കുക.

റേഡിയോ കോളർ ഘടിപ്പിക്കും

പിടികൂടിയ പിടിയാനയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാനും വീണ്ടും ജനവാസ മേഖലയിലേക്ക് വരാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാനുമാണ് റേഡിയോ കോളർ ഉപയോഗിക്കുന്നത്. ഇതിൽ നിന്നുള്ള സിഗ്നലുകളിലൂടെ വനപാലകർക്ക് ആനയുടെ സഞ്ചാരവഴി തത്സമയം അറിയാൻ സാധിക്കും. കോളർ ഘടിപ്പിക്കുന്ന പ്രക്രിയ പൂർത്തിയായ ശേഷം ആനയെ പൂർണ സുരക്ഷിതമായി ഉൾക്കാട്ടിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വന്യമൃഗശല്യം രൂക്ഷമായ ഈ മേഖലയിൽ ആനയുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

പ്രതിഷേധവുമായി നാട്ടുകാർ

കഴിഞ്ഞ കുറേ നാളുകളായി കോട്ടപ്പടിയിലെയും സമീപപ്രദേശങ്ങളിലെയും കർഷകരുടെയും സാധാരണക്കാരുടെയും ഉറക്കം കെടുത്തിയ ആനയാണിത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന ആന തെങ്ങ്, വാഴ ഉൾപ്പെടെയുള്ള നിരവധി കാർഷിക വിളകളാണ് നശിപ്പിച്ചത്. ആനയുടെ ആക്രമണ ഭയത്താൽ ആളുകൾ പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന സാഹചര്യത്തിലായിരുന്നു വനംവകുപ്പിൻ്റെ അടിയന്തര ഇടപെടൽ. എന്നാൽ ആനയെ മയക്കുവെടി വച്ചു പിടികൂടി ഇവിടെ നിന്നും മാറ്റണമെന്നായിരുന്നു തങ്ങളുടെ ആവശ്യമെന്ന് പൊതുപ്രവർത്തകനായ ജുവൽ ജൂഡി പറഞ്ഞു. റേഡിയോ കോളർ ഘടിപ്പിച്ച് ഇതേ വനത്തിൽ തന്നെ തുറന്നുവിടാനാണെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു പ്രഹസനമെന്നും അദ്ദേഹം ചോദിച്ചു. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വന്യമൃഗശല്യം തടയുന്നതിനായി കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News