സംസ്ഥാനത്ത് വന്യജീവി- മനുഷ്യ സംഘർഷം പരിഹരിക്കുന്നതിന് സർക്കാർ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.
Thiruvananthapuram , 25 ജൂണ് (H.S.) സംസ്ഥാനത്ത് വന്യജീവി- മനുഷ്യ സംഘർഷം പരിഹരിക്കുന്നതിന് സർക്കാർ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വനമേഖലകളെ വന്യജീവി സംഘർഷത്തിൻ്റെ അടിസ്ഥാനത്തിൽ 12 ആയി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത
Shibu baby john


Thiruvananthapuram , 25 ജൂണ് (H.S.)

സംസ്ഥാനത്ത് വന്യജീവി- മനുഷ്യ സംഘർഷം പരിഹരിക്കുന്നതിന് സർക്കാർ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വനമേഖലകളെ വന്യജീവി സംഘർഷത്തിൻ്റെ അടിസ്ഥാനത്തിൽ 12 ആയി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കോന്നി, റാന്നി വനമേഖലകളിലെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാരത്തിനുമായി മണ്ഡലങ്ങളിൽ ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്തുന്നതും അവ നാട്ടിലെത്തിയാൽ ആഘാതം കുറയ്ക്കുന്നതും ദുരിതബാധിതർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നൽകുന്നതും ഉൾപ്പെടെയുള്ള മൂന്ന് ഘടകങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

പദ്ധതിയിലെ ഘടകങ്ങൾ

വന്യജീവികൾ പുറത്തുവരുന്നത് തടയാൻ വനത്തിനുള്ളിലെ വിഭവങ്ങളുടെ ലഭ്യത പരിശോധിക്കും. കിടങ്ങ്, സൗരോർജ വേലി, തൂക്കുവേലി തുടങ്ങിയവയോടൊപ്പം ശാസ്ത്രീയ പഠനം നടത്തി പുതിയ മാർഗങ്ങൾ ആവിഷ്ക്കരിക്കും. നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ ജനങ്ങൾക്ക് അപകടം ഉണ്ടാകാതെ തിരികെ അയക്കും. ദുരിതബാധിതർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നൽകും. നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കും. കൃഷിനാശത്തിന് ഇൻഷുറൻസ് എന്നത് സർക്കാരിൻ്റെ പ്രഖ്യാപന ലക്ഷ്യങ്ങളിൽ ഒന്നാണ്. പൊതുമേഖല ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ചേർന്ന് പ്രീമിയം കുറഞ്ഞ രീതിയിൽ നടപ്പാക്കും.

കേന്ദ്ര വനംവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തും

കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ളവയുടെ പരിഹാരത്തിനായി കേന്ദ്ര വനംവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തും. കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കും. കാട്ടാനകളെ നാട്ടിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നായ ചക്കപ്പഴം അടുത്ത സീസൺ മുതൽ മുൻകൂട്ടി ശേഖരിച്ച് സംഭരിക്കുന്നതിന് കൃഷി വകുപ്പുമായി ചേർന്ന് പദ്ധതി തയ്യാറാക്കും. കർഷകർക്ക് ന്യായവില നൽകി വനാതിർത്തിയിലുള്ള പ്ലാവുകളിലെ ചക്ക പഴുക്കും മുൻപ് ശേഖരിക്കും. വനം വകുപ്പിൻ്റെ റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ എണ്ണം വർധിപ്പിക്കും. വന്യജീവി സംഘർഷ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 192 കോടി രൂപ നടപ്പ് സാമ്പത്തിക വർഷം വകയിരുത്തി.

വനംവകുപ്പിൻ്റെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാത്ത ഏജൻസികളെ ഒഴിവാക്കും. വനാതിർത്തിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി അടുത്ത മാസം തിരുവനന്തപുരത്ത് ശിൽപശാല സംഘടിപ്പിക്കുമെന്നും അവരുടെ നിർദേശങ്ങൾ സ്വീകരിച്ച് പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി. ആൻ്റോ ആൻ്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ കമലഹാർ, ജില്ലാ കലക്ടർ എ നിസാമുദ്ദീൻ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, റാന്നി ഡിഎഫ്ഒ എൻ രാജേഷ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റോബിൻ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News