Enter your Email Address to subscribe to our newsletters

Thiruvananthapuram , 25 ജൂണ് (H.S.)
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുന്നണിയിൽ അതൃപ്തി പുകയുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സൃധീരനും പരസ്യമായി രംഗത്ത്. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപ് പാർട്ടി തലത്തിലും മുന്നണി തലത്തിലും ചർച്ച നടത്തണമായിരുന്നെന്നും മദ്യവ്യാപനത്തിനെതിരായ പ്രഖ്യാപിതനയം നടപ്പിലാക്കണമെന്നും സുധീരൻ പറഞ്ഞു. മദ്യവിരുദ്ധ നിലപാടുള്ള വി എം സുധീരൻ മുഖ്യമന്ത്രി വി ഡി സതീശനെതിരെയാണ് തുറന്നടിച്ചത്. മദ്യവിരുദ്ധനയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് വി എം സുധീരൻ കത്തയച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് യുഡിഎഫിൽ യോഗത്തിൽ ആവശ്യപ്പെടാനാണ്, കടുത്ത അതൃപ്തിയിലുള്ള മുസ്ലീം ലീഗ് ഒരുങ്ങുന്നത്.
വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിഷയം വിവാദമായതിന് പിന്നാലെ യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞത്. പാർട്ടിയിലും മുന്നണിയിലും വിഷയം നേരത്തെ ചർച്ച ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഉയർന്ന വിവാദം ഒഴിവാക്കാമായിരുന്നെന്ന് വി എം സുധീരൻ പറഞ്ഞു. മദ്യത്തിൻ്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുകയും ലഹരിക്കെതിരെ പോരാട്ടം നടത്തുകയുമെന്നതാണ് കോൺഗ്രസ് നയം. ലഹരിയുടെ വ്യാപനമൂലം കേരളത്തിൽ ഇടക്കാലത്ത് മോശമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പിണറായി സർക്കാർ മദ്യവ്യാപനം ശക്തിപ്പെടുത്തി. യുഡിഎഫ് സർക്കാർ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തണം. ആ വികാരം ഉൾക്കൊണ്ട് മദ്യവ്യാപനത്തിനെതിരായ പ്രഖ്യാപിത നയം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിരുന്നു.
ബജറ്റ് നിർദ്ദേശം വയ്ക്കുമ്പോൾ മദ്യവ്യാപനത്തിന് അവസരം ഒരുക്കുന്ന ഒരു തീരുമാനവും പാടില്ലാത്തതായിരുന്നു. വിഷയത്തിൽ ചില ഒറ്റപ്പെട്ട ശക്തികളൊഴികെ രംഗത്തെത്തി. അതിലൊരു തീരുമാനം ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ പറഞ്ഞിരുന്നെങ്കിൽ നന്നാകുമായിരുന്നു. നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നുവന്ന ആശങ്കകളും സംശയങ്ങളും അതേപടി നിലനിൽക്കുകയാണ്. ബജറ്റിൻ്റെ ഭാഗമായി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ല് അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം. അതാണ് ഏറ്റവും നല്ല രീതി. സർക്കാരിൻ്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുന്ന ഒരു തീരുമാനവും പാടില്ല. വലിയ ജനപിന്തുണ ലഭിച്ച സർക്കാരാണിത്. ഓരോ തീരുമാനത്തിലും സുതാര്യത നിലനിർത്തി മുന്നോട്ട് പോകണം.
കരിമണൽ ഖനനത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ സംശയങ്ങളുണ്ട്. പിണറായി സർക്കാരിൻ്റെ തകർച്ചയ്ക്ക് കാരണം ജനവിരുദ്ധ നയങ്ങളാണ്. ആ സ്ഥിതി യുഡിഎഫിന് ഉണ്ടാകാൻ പാടില്ല. എല്ലാ കാര്യങ്ങളും എല്ലാവരുമായി ബന്ധപ്പെട്ട് ആലോചിക്കണം. സർവസമ്മതമായ തീരുമാനമെടുത്ത് മുന്നോട്ട് പോകണം. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇതുപോലെ തന്നെയാണ് പറഞ്ഞത്. ഖനനമില്ല, സ്വകാര്യമേഖലയ്ക്ക് നൽകില്ല... ഇതൊക്കെ പിണറായിയും പറഞ്ഞിരുന്നു. വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാരിന് ജനപ്രീതി നഷ്ടപ്പെടാതെ നോക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ട്. വീഴ്ചകളുണ്ടാകുമ്പോൾ പല ആളുകളും തന്നെയാണ് വിളിക്കുന്നതെന്നും സുധീരൻ കൂട്ടിച്ചേർത്തു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരേ മുസ്ലീം ലീഗും മുസ്ലീം സംഘടനകളും രംഗത്തെത്തിയിരുന്നു. ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ബജറ്റ് പ്രഖ്യാപനത്തിനെതിരേ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പാർട്ടി മുഖപത്രത്തിലും സമസ്ത മുഖപത്രത്തിലും എഴുതിയ ലേഖനത്തിലായിരുന്നു പരാമർശം. ലഹരിയെ നാടുകടത്താനുള്ള ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ നാടും നഗരവും ഏറ്റെടുക്കുമ്പോൾത്തന്നെ ബജറ്റിലെ മദ്യനികുതി ഇളവുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ ദൂരീകരിക്കാനും കഴിയണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ സമസ്തയടക്കം മിക്ക മുസ്ലീം സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് സംഘടനകൾ സർക്കാരിന് നിവേദനങ്ങളും നൽകി. സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെടാനാണ് മുസ്ലീം ലീഗ് തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR