Enter your Email Address to subscribe to our newsletters

Thiruvananthapuram , 25 ജൂണ് (H.S.)
കേരളത്തിൻ്റെ തീരമേഖലകളില് കരിമണല് ഖനനത്തിന് പൊതുമേഖലയ്ക്കു നല്കിയ അനുമതിയുടെ മറവില് കരിമണല് കര്ത്തായ്ക്ക് യഥേഷ്ടം മണല്ഖനനം നടത്താനുള്ള അനുമതിയാണ് മുന് പിണറായി സര്ക്കാര് നല്കിയതെന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവ് വി എം സുധീൻ്റെ ആരോപണം നിഷേധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സുധീരൻ്റെ പ്രസ്താവന വസ്തുതകള്ക്ക് നിരക്കാത്തതാണെന്ന് പിണറായി ഫേസ് ബുക്ക് കുറിപ്പില് വ്യക്തമാക്കി.
നിലവിലെ യുഡിഎഫ് സര്ക്കാരിൻ്റെ കരിമണല് ഖനന നയത്തെ അതിശക്തമായി വിമര്ശിച്ച വേളയിലാണ് വസ്തുതകള്ക്കു നിരക്കാത്ത ഇങ്ങനെയൊരു പരാമര്ശം അദ്ദേഹത്തില് നിന്നുണ്ടായതെന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. സ്വകാര്യ മേഖലയ്ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നല്കിയത് കേന്ദ്രം ഭരിച്ച കോണ്ഗ്രസ് സര്ക്കാരായിരുന്നു. ഇതിനെ പിന്പറ്റി 2001-2006 കാലഘട്ടത്തില് കേരളം ഭരിച്ച എ കെ ആൻ്റണി - ഉമ്മന് ചാണ്ടി സര്ക്കാരുകളാണ് സംസ്ഥാനത്ത് കരിമണല് ഖനനം സ്വകാര്യവല്ക്കരിക്കാന് അനുമതി നല്കിയത്.
സുനാമി ദുരന്തത്തിന് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങള് അരങ്ങേറിയിട്ടും അവയെയെല്ലാം അവഗണിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യുഡിഎഫ് സര്ക്കാര് ശ്രമിച്ചത്. എന്നാല്, 2006 ല് അധികാരത്തില് വന്ന എല്ഡിഎഫ് സര്ക്കാര് സ്വകാര്യ കരിമണല് ഖനനത്തിനെതിരെ കര്ശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കരിമണല് കമ്പനികള് കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ച് അപ്പീല് നല്കിയപ്പോള് അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്ഗ്രസ് സര്ക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരിമണല് ലോബിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രത്തില് നിന്ന് അനുകൂല നിലപാടുണ്ടായിട്ടും കേരളത്തിലെ എല്ഡിഎഫ് സര്ക്കാര് സ്വകാര്യ ഖനനത്തിന് വഴങ്ങിയില്ല. ഇതോടെ സംസ്ഥാന സര്ക്കാരിൻ്റെ തീരുമാനത്തിനെതിരെ കരിമണല് കമ്പനികള് ഹൈക്കോടതിയെ സമീപിച്ചു.
പിന്നീട് 2011 ല് യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോള് കമ്പനികള് നല്കിയ ഈ കേസ് മനഃപൂര്വം തോറ്റുകൊടുക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങള് കാരണം വിചാരിച്ച രീതിയില് സ്വകാര്യ ഖനന തീരുമാനം നടപ്പിലാക്കാന് അന്നത്തെ യുഡിഎഫ് സര്ക്കാരിന് സാധിച്ചില്ല.
2016 ല് എല്ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയും 2026 വരെയുള്ള കാലയളവില് സംസ്ഥാനത്ത് ഒരിടത്തുപോലും സ്വകാര്യ ഖനനത്തിന് അനുമതി നല്കാതിരിക്കുകയും ചെയ്തു.
2023 ല് കേന്ദ്ര സര്ക്കാര് മൈനര് മിനറല് ലൈസന്സിങ് നിയമത്തില് കരിമണല് ലോബിക്ക് ഗുണം ചെയ്യുന്ന രീതിയില് ഭേദഗതി കൊണ്ടുവന്നപ്പോള് അതിനെ ഏറ്റവും ശക്തമായി എതിര്ത്തത് കേരളത്തിലെ എല്ഡിഎഫ് സര്ക്കാരായിരുന്നു. കേരളത്തിൻ്റെ ഔദ്യോഗികമായ എതിര്പ്പിനെ തുടര്ന്നാണ് കേന്ദ്ര സര്ക്കാരിന് പിന്നീട് ആ നിയമഭേദഗതി പിന്വലിക്കേണ്ടി വന്നത്.
കഴിഞ്ഞ 10 വര്ഷമായി കരിമണല് ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എല്ഡിഎഫ് സര്ക്കാര് സ്വീകരിച്ചത്. പൊതുമേഖലാ അധിഷ്ഠിതമായ റെയര് എര്ത്ത് ഇടനാഴി എന്ന ആശമാണ് അവസാനത്തെ എല്ഡിഎഫ് സര്ക്കാര് മുന്നോട്ടു വെച്ചത്. ഇതിനെ അട്ടിമറിച്ചുകൊണ്ട്, കേന്ദ്രസര്ക്കാരിൻ്റെ പാതയില് സ്വകാര്യവല്ക്കരണത്തിനുള്ള നീക്കത്തിനാണ് ഈ ബജറ്റില് യുഡിഎഫ് സര്ക്കാര് ശ്രമിച്ചത്. റെയര് എര്ത്ത് ക്രിട്ടിക്കല് മിനറല് കോറിഡോര് എന്ന ബജറ്റ് നിര്ദ്ദേശം കരിമണല് ലോബിയുടെ താല്പര്യമാണ് എന്നു വ്യക്തമാണ്.
എക്കാലവും കരിമണല് ലോബിയെ സഹായിക്കുന്ന നിലപാടുകള് സ്വീകരിച്ചത് യുഡിഎഫ് സര്ക്കാരുകളായിരുന്നു എന്നത് ഈ നാടിനറിയുന്ന യാഥാര്ഥ്യമാണ്. ഈ വിഷയത്തില് യുഡിഎഫ് സര്ക്കാരുകള്ക്കെതിരെ മുന്പ് സുധീരന് തന്നെ മുന്നോട്ടുവന്നതുമാണ്. ഇപ്പോള് ഇതേ വിഷയത്തില് സ്വന്തം മുന്നണി സര്ക്കാരിനെ വിമര്ശിച്ചതിനെ ബാലന്സു ചെയ്യാനുള്ള ശ്രമമായിട്ടാവാം ചരിത്രവിരുദ്ധമായ പ്രസ്താവനകള് വി എം സുധീരനില് നിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR