മാസപ്പടിക്കേസിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വീണാ വിജയൻ ഇഡി ഓഫീസില്
Ernakulam , 25 ജൂണ് (H.S.) മാസപ്പടി ക്കേസിൽ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിൻ്റെ ഉടമയും പിണറായി വിജയൻ്റെ മകളുമായ വീണ ടി രണ്ടാം തവണയും ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ ഹാജരായി. ഭർത്താവും എം എൽ എ യുമായ റിയാസിനെപ്പമാണ് കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്.
Veena Vijayan


Ernakulam , 25 ജൂണ് (H.S.)

മാസപ്പടി ക്കേസിൽ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിൻ്റെ ഉടമയും പിണറായി വിജയൻ്റെ മകളുമായ വീണ ടി രണ്ടാം തവണയും ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ ഹാജരായി. ഭർത്താവും എം എൽ എ യുമായ റിയാസിനെപ്പമാണ് കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. സി എം ആർ എൽ , എക്സാ ലോജിക്ക് കേസിൽ എസ് എഫ് ഐ ഒ രേഖകൾ ഇഡി ക്ക് ലഭിച്ചതിന് ശേഷമുള്ള ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക.

നേരത്തെ എട്ട് മണിക്കൂറിലധികം സമയം ഇഡി ചോദ്യം ചെയ്തിരുന്നു. വീണയുടെ മൊഴി വിലയിരുത്തിയ ശേഷമാണ് ഇഡി വീണ്ടും സമൻസ് നൽകി വിളിച്ചു വരുത്തിയത്. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ഇഡി നിർണായകമായ നീക്കങ്ങൾ നടത്തുമോയെന്നതാണ് പ്രസക്തമായ ചോദ്യം. കഴിഞ്ഞ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇഡി വീണയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു.

സി എം ആർ എൽ കമ്പനിയിൽ നിന്നും കൈപ്പറ്റിയ പണത്തെ കുറിച്ചും, നൽകിയ സേവനങ്ങളെ കുറിച്ചും ഇഡി വീണയിൽ നിന്നും വിശദമായ മൊഴിയാണ് ആദ്യ തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ പതിനേഴാം തീയതിയാണ് വീണയെ ഇഡി ചോദ്യം ചെയ്തത്. പന്ത്രണ്ടാം തീയതി രാവിലെ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒൻപതാം തീയതി നോട്ടിസ് നൽകിയിരുന്നു.

എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം കൂടി നൽകണമെന്ന് വീണ വിജയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളി പതിേനേഴാം തീയ്യതി ഹാജരാകാൻ വീണ്ടും സമൻസ് നൽകുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും തൻ്റെ അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും വീണ ഇ.ഡിക്ക് നൽകിയ അവധി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

വീണ വിജയൻ ഉൾപ്പെടെ ആകെ ഒൻപതു പേർക്കാണ് ഇ.ഡി നേരത്തെ നോട്ടിസ് അയച്ചത്. വിവാദ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൻ്റെ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത യുടെ മകൻ ശരൺ എസ് കർത്ത , ഭാര്യയും സഹോദര സ്ഥാപനമായ എംപവർ ഇൻ്റർനാഷ്ണൽ ഡയരക്ടറുമായ ജയ എസ് കർത്ത , മകളും നിപുണ ഇൻറർ നാഷ്ണൽ എംഡിയുമായ ഷിബി എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ ഇഡി ചോദ്യം ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് പരമാവധി തെളിവുകൾ ശേഖരിച്ച് ഇ.ഡി മാസപ്പടിക്കേസിൽ വീണ വിജയനെ ചോദ്യം ചെയ്തത്. മാസപ്പടി ആരോപണം ഉയർന്നത് മുതൽ വിവിധ ഏജൻസികൾ അന്വേഷണം നടത്തിവരികയായിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി നടത്തുന്ന ഈ നീക്കം കേസിൽ വളരെ നിർണായകമാണ്.

എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കമ്പനികൾ തമ്മിലുള്ള കരാറുകൾ എന്നിവയെല്ലാം ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥരിൽ നിന്നും നേരത്തെ ശേഖരിച്ച മൊഴികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വീണ വിജയനെ ചോദ്യം ചെയ്യുന്നത്.

കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയുമാണ് കേന്ദ്ര ഏജൻസി നീങ്ങുന്നത്. ഇ.ഡി ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ നേരത്തെ കൊച്ചിയിൽ നേരിട്ടെത്തിയിരുന്നു. കൊച്ചിയിലെത്തിയ ഡയറക്ടർ അന്വേഷണ ഉദ്യോഗസ്ഥരുമായി മണിക്കൂറുകൾ നീണ്ട വിശദമായ ചർച്ച നടത്തി. അന്വേഷണവുമായി ശക്തമായി മുന്നോട്ട് പോകാൻ നിർദേശം നൽകിയിരുന്നു.

ലഭ്യമായ തെളിവുകൾ നിയമപരമായി എത്രത്തോളം ശക്തമാണെന്ന് വിലയിരുത്തിയ ശേഷമാണ്, ഉന്നത ഉദ്യോഗസ്ഥരുടെ പൂർണ അനുമതിയോടെ വീണയെ ചോദ്യം ചെയ്തത്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള കേസ് ആയതിനാൽ ആവശ്യമായ തെളിവുകളുടെ ബലത്തിലാണ് നടപടികളിലേക്ക് കടന്നിരിക്കുന്നതെന്നാണ് ഇഡിയുടെ അവകാശവാദം. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് എക്സാലോജിക് കമ്പനിക്കും വീണ വിജയനും നൽകാത്ത സേവനങ്ങൾക്ക് പണം നൽകിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് ഇ.ഡിയും എസ്എഫ്ഐഒയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചത്.

എക്സാലോജിക് കമ്പനി യാതൊരുവിധ ഐടി സേവനങ്ങളും നൽകാതെ സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ മാസപ്പടിയായി കൈപ്പറ്റി എന്നാണ് പ്രധാന ആരോപണം. സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുമായി ബന്ധമുള്ള എമ്പവർ ഇന്ത്യ കാപ്പിറ്റൽ ഇൻവെസ്റ്റ്മെൻ്റ് എന്ന കമ്പനിയിൽ നിന്നും എക്സാലോജിക്ക് ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പാ ഇടപാടും ഇഡി സംഘം ചോദിച്ചറിഞ്ഞിരുന്നു. ഇതിൻ്റെ തിരിച്ചടവ് രേഖകളിൽ ഇഡിക്ക് സംശയങ്ങളുണ്ട്. ഇതിലെല്ലാം ഇന്ന് വ്യക്തത വരുത്താനാകും ഇഡി ശ്രമിക്കുക.

ഇതേ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട് ഉൾപ്പെടെ ഇ.ഡി റെയ്ഡ് നടത്തിയത് വലിയ പ്രതിഷേധത്തിനും, ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങൾക്കും ഇടയാക്കിയിരുന്നു.

അതേ സമയം വീണയ്ക്കെതിരായ ഇഡി നടപടികളെ അവർ തന്നെ നിയമപരമായി നേരിടട്ടെ എന്നാണ് പാർട്ടിയുടെ പുതിയ നിലപാട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News