Enter your Email Address to subscribe to our newsletters

Adimali , 25 ജൂണ് (H.S.)
അടിമാലി: ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തബാധിതർ വീണ്ടും ശക്തമായ സമരവുമായി രംഗത്ത്. ജില്ലാ ഭരണകൂടം നൽകിയ പുനരധിവാസ വാഗ്ദാനങ്ങൾ പൂർണ്ണമായും പാളിയെന്ന് ആരോപിച്ചാണ് ദുരന്തബാധിതർ അപകടം നടന്ന സ്ഥലത്ത് തന്നെ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചിരിക്കുന്നത്. 'അടിമാലി ഉപകുടുംബ ജനകീയ സംരക്ഷണ സമിതി'യുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.
ദുരന്തം ഉണ്ടായ സമയത്ത് ജനങ്ങൾക്ക് വാടക വീടുകൾ ഉൾപ്പെടെയുള്ള നിരവധി ആശ്വാസ നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ അധികാരികളും കൺസ്ട്രക്ഷൻ കമ്പനിയും ചേർന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആർക്കും വാടക പോലും കൃത്യമായി ലഭിക്കുന്നില്ലെന്നാണ് ദുരന്തബാധിതർ വ്യക്തമാക്കുന്നത്. എല്ലാ ഉറപ്പുകളിൽ നിന്നും ഭരണകൂടവും അധികൃതരും പിന്മാറിയതോടെ തങ്ങൾ വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഉള്ളതെന്നും അവർ പറയുന്നു.
റെഡ് സോണിലേക്ക് തിരിച്ചയക്കാൻ നീക്കം?
നേരത്തെ വലിയ മണ്ണിടിച്ചിൽ ഉണ്ടാവുകയും പിന്നീട് അതീവ അപകടസാധ്യതാ മേഖലയായി (റെഡ് സോൺ) പ്രഖ്യാപിക്കുകയും ചെയ്ത അതേ ദുരന്തഭൂമിയിലേക്ക് തന്നെ തങ്ങളെ വീണ്ടും മാറ്റിപ്പാർപ്പിക്കാനാണ് കളക്ടറുടെ പുതിയ റിപ്പോർട്ട് നിർദ്ദേശിക്കുന്നത് എന്ന് സമരക്കാർ ആരോപിക്കുന്നു. റോഡിന്റെ മുൻവശം ഉൾപ്പെടെ ഇപ്പോഴും വിള്ളലുകൾ വീണ് ഏതു നിമിഷവും ഇടിയാവുന്ന അവസ്ഥയിലാണ് ഉള്ളത്.
കളക്ടറുടെ റിപ്പോർട്ടിലെ ഈ അപാകതകൾ തിരുത്തി കൃത്യവും സുരക്ഷിതവുമായ പുനരധിവാസം ഉറപ്പാക്കുന്ന പുതിയ റിപ്പോർട്ട് നൽകുന്നത് വരെ സമരം തുടരുമെന്നാണ് നാട്ടുകാരുടെ നിലപാട്. അധികാരികൾ ഓരോ തവണയും തങ്ങളെ ഓരോ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുകയാണെന്നും, ഇനിയും അത് അനുവദിച്ച് തരാൻ കഴിയില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കുന്നു. ഈ അപകടഭൂമിയിൽ കിടന്ന് മരിക്കേണ്ടി വന്നാലും ശരി, തങ്ങളുടെ ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഉണ്ടാകാതെ ഇവിടുന്ന് പിരിഞ്ഞുപോകില്ലെന്ന കർശന നിലപാടിലാണ് ദുരന്തബാധിതർ.
---------------
Hindusthan Samachar / Roshith K