Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ജൂണ്‍ (H.S.)
തിരുവനന്തപുരം: പത്ത് വർഷത്തെ സിപിഎം ഭരണത്തിന്റെ സമ്പൂർണ പരാജയം കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്ന ഘട്ടത്തിലാണ് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ സിപിഎം അക്രമ നാടകം രാഷ്ട്രീയ ആയുധമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ സിപിഎം അക്രമത്തിൽ പരിക്കേറ്റ മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ജി ആശാനാഥ് അടക്കമുള്ളവർ മെഡിക്കൽ കോളേജിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.
മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം വഴി മുൻ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും ഭരണപരാജയവും തുറന്നുകാട്ടിയതോടെ അതിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് കോൺഗ്രസ് മന്ത്രിസഭയുടെ കാലത്ത് സ്പീക്കറുടെ ചേമ്പറിൽ കയറി കലാപവും, അക്രമവും നടത്തിയതുപോലെ, ബിജെപി മേയറുടെ ഓഫീസിൽ കയറി അക്രമം അഴിച്ചുവിടാൻ ആരേയും അനുവദിക്കില്ല. അത് മുഖ്യമന്ത്രി പിണറായി വിജയനായാലും, സിപിഎമ്മിലെ ഏത് 'സഖാവ്' ആയാലും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയെ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങളിലൂടെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലെ അഴിമതികളും ഭരണവീഴ്ചകളും തുടർച്ചയായി പുറത്തുവരുന്നതിനാൽ അതിൽ നിന്ന് ശ്രദ്ധതിരിക്കാൻ സിപിഎം ഇത്തരമൊരു പ്രതിഷേധ നാടകം അരങ്ങേറുമെന്ന് ബിജെപി ദിവസങ്ങൾക്കുമുമ്പ് വിലയിരുത്തിയിരുന്നു. ഇന്ന് നടന്നത് അതിന്റെ ആവർത്തനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിൽ സമരത്തിനും, പ്രതിഷേധത്തിനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ എക്സാലോജിക് അഴിമതിക്കെതിരെ എകെജി സെന്ററിന് മുന്നിൽ സമരം ചെയ്യേണ്ടത് കേരളത്തിലെ ജനങ്ങളാണ്. പത്ത് വർഷത്തെ തൊഴിലില്ലായ്മയ്ക്കും, വിലക്കയറ്റത്തിനും, സാമ്പത്തിക തകർച്ചയ്ക്കുമെതിരെയും, 45 വർഷമായി തിരുവനന്തപുരം കോർപ്പറേഷൻ ഭരിച്ചിട്ടും മാലിന്യപ്രശ്നം, കുടിവെള്ളക്ഷാമം, തെരുവുനായ ശല്യം എന്നിവ പരിഹരിക്കാൻ കഴിയാത്ത സിപിഎമ്മിനെതിരെയുമാണ് ജനങ്ങൾ പ്രതിഷേധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് സിപിഎം അല്ല. ഈ സംസ്ഥാനം നിയമവാഴ്ചയനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. കോടതിയും, പോലീസും നിയമസംവിധാനങ്ങളും അവരുടെ ചുമതല നിർവഹിക്കും. അതിന് മീതെ നിൽക്കാൻ സിപിഎമ്മിന് കഴിയില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ ശക്തമായ ബദലായി ഉയർന്നുവരുകയാണ്. സിപിഎമ്മും, കോൺഗ്രസും ചേർന്ന ഇണ്ടി സഖ്യത്തിന്റെ രാഷ്ട്രീയ കൂട്ടുകെട്ട് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലും, സംസ്ഥാന രാഷ്ട്രീയത്തിലും നേരിടുന്ന തിരിച്ചടികളുടെ നിരാശയും, അങ്കലാപ്പുമാണ് സിപിഎം ഇപ്പോൾ പ്രകടിപ്പിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Sreejith S