മദ്യനികുതി വിവാദം: സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് എൽഡിഎഫ്; ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയെന്ന് ദേശാഭിമാനി
Thiruvananthapuram, 25 ജൂണ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത രാഷ്ട്രീയ പ്രക്ഷോഭവുമായി ഇടതുമുന്നണി (എൽഡിഎഫ്) രംഗത്ത്. ബജറ്റിലൂടെ പ്രഖ്യാപിച്ച നികുതിയിളവ് വൻ അഴിമതിയുട
മദ്യനികുതി വിവാദം: സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് എൽഡിഎഫ്; ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയെന്ന് ദേശാഭിമാനി


Thiruvananthapuram, 25 ജൂണ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത രാഷ്ട്രീയ പ്രക്ഷോഭവുമായി ഇടതുമുന്നണി (എൽഡിഎഫ്) രംഗത്ത്. ബജറ്റിലൂടെ പ്രഖ്യാപിച്ച നികുതിയിളവ് വൻ അഴിമതിയുടെ ഭാഗമാണെന്ന് ആരോപിച്ച പ്രതിപക്ഷം, വിഷയത്തിൽ സർക്കാരിനെതിരെയും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും വിമർശനം ശക്തമാക്കിയിരിക്കുകയാണ്. വിഷയം മുന്നണിയിൽ ചർച്ച ചെയ്യാൻ യുഡിഎഫിന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും അവരെ വിഡ്ഢികളാക്കാനുമുള്ള തന്ത്രമാണെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയലിലൂടെ കുറ്റപ്പെടുത്തി.

ഭരണത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഇത്തരമൊരു കറപുരണ്ട തീരുമാനത്തിലേക്ക് സർക്കാർ എടുത്തുചാടിയത് മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വ്യക്തമായ തെളിവാണെന്ന് എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നു. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്നത് അഴിമതിയാണെന്ന് ആരോപിച്ച വി.ഡി. സതീശൻ, ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആക്ഷേപം.

ഈ വിവാദ തീരുമാനത്തിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികൾ അഴിമതിക്ക് കുടപിടിക്കുകയാണെന്നും എൽഡിഎഫ് ആരോപിക്കുന്നു. ലഹരി വിരുദ്ധ നിലപാടുകൾ പറയുന്ന ലീഗ്, സർക്കാരിന്റെ ഈ ജനദ്രോഹ നയത്തെ മൗനമായി പിന്തുണയ്ക്കുന്നത് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. സ്വന്തം മുന്നണിയിലെയും പാർട്ടിയിലെയും മുതിർന്ന നേതാക്കളിൽ നിന്നും സമുദായ സംഘടനകളിൽ നിന്നും ശക്തമായ എതിർപ്പുയർന്നിട്ടും ഈ അഴിമതി തീരുമാനത്തിൽ നിന്ന് പിൻവാങ്ങാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

എക്സൈസ് മന്ത്രി പോലും അറിയാതെ ധനവകുപ്പിലൂടെയും ബജറ്റ് പ്രസംഗത്തിലൂടെയും ഇത്തരമൊരു പരിഷ്കാരം കൊണ്ടുവന്നത് അന്താരാഷ്ട്ര മദ്യക്കമ്പനികൾക്കും മദ്യലോബികൾക്കും കോടികളുടെ ലാഭം കൊയ്യാനുള്ള അവസരമൊരുക്കാനാണെന്ന് ദേശാഭിമാനി ആരോപിച്ചു. മുഖ്യമന്ത്രിയുടെ മംഗളൂരു യാത്രയെക്കൂടി ഈ സാഹചര്യവുമായി ബന്ധിപ്പിച്ച് അതീവ ഗൗരവത്തോടെ കാണണമെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. അഴിമതിയുടെ വീര്യം തിരിച്ചറിയാൻ കേരളത്തിന് ഇനിയുമെന്ത് തെളിവാണ് വേണ്ടതെന്നും, സർക്കാരിന്റെ ഈ ജനവഞ്ചനയ്ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും എൽഡിഎഫ് ആഹ്വാനം ചെയ്തു. സഭയ്ക്കകത്തും പുറത്തും വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ സമരം കടുപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.

---------------

Hindusthan Samachar / Roshith K


Latest News