Enter your Email Address to subscribe to our newsletters

New delhi, 25 ജൂണ്‍ (H.S.)
രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ വ്യാപക പരിശോധനയുമായി സിബിഐ. 'ഓപ്പറേഷന്‍ ചക്ര-6' എന്ന് പേരിട്ടിരിക്കുന്ന പരിശോധനയില്‍ 16 സംസ്ഥാനങ്ങളില്‍ പരിശോധന നടന്നു. 80ലധികം കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി പരിശോധന നടത്തിയത്. 60 പ്രത്യേക സംഘങ്ങളായാണ് സിബിഐ സംഘത്തെ വിന്യസിച്ചത്. പഞ്ചാബ്, ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, അസം, പശ്ചിമബംഗാള്‍, മണിപ്പൂര്‍, കര്‍ണാടക, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധനകള്‍ നടന്നത്.
200ലധികം ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വന്‍ ശൃംഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സിബിഐ അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതിന്റെ ഭാഗമായി ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് രണ്ട് പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. വ്യാജ കമ്പനികള്‍ രൂപീകരിക്കുകയും, തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്തതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഈ അക്കൗണ്ടുകള്‍ വഴി ഏകദേശം രണ്ട് കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S