എഫ്.സി.ആർ എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണം, ബിനോയ് വിശ്വം
Thiruvanathapuram, 25 ജൂണ്‍ (H.S.) വിദേശ സംഭാവന നിയന്ത്രണ നിയമ(എഫ് സി ആർ എ ) ത്തിൻ്റെ ചട്ട ഭേദഗതിയിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തിന്മേൽ ഒരു കടന്നാക്രമണം കൂടി കേന്ദ്രസർക്കാർ നടത്തിയിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ
Binoy Vishwam


Thiruvanathapuram, 25 ജൂണ്‍ (H.S.)

വിദേശ സംഭാവന നിയന്ത്രണ നിയമ(എഫ് സി ആർ എ ) ത്തിൻ്റെ ചട്ട ഭേദഗതിയിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തിന്മേൽ ഒരു കടന്നാക്രമണം കൂടി കേന്ദ്രസർക്കാർ നടത്തിയിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു.സന്നദ്ധ സംഘടനകൾക്ക് പൊതുവായ പ്രവർത്തന ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടി വിദേശ സംഭാവനയ്ക്ക് ഇനി അനുമതി തേടാൻ ആകില്ല.മതം, സംസ്കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ അഞ്ചു വിഭാഗങ്ങളിലായി കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള

105 തരം പ്രവർത്തനങ്ങളിൽ ഒന്നാണ് ലക്ഷ്യം എന്ന് വ്യക്തമാക്കണം. സംഘടനയോ അതിൻ്റെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരോ നടത്തുന്ന പ്രസിദ്ധീകരണങ്ങളും എഴുതുന്ന ലേഖനങ്ങളും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാകും.കേന്ദ്ര ഭരണത്തിന് മാർഗനിർദേശം നൽകുന്ന സംഘപരിവാറിന്റെ പ്രഖ്യാപിത ശത്രുക്കളായമത ന്യൂനപക്ഷങ്ങളോടൊപ്പം സർക്കാരിന് അനിഷ്ടകരമായ നിലപാടുകൾ സ്വീകരിക്കുന്ന എൻജിഒ സംഘടനകളെയും നിയമം കൊണ്ട് വരിഞ്ഞു മുറുക്കാനാണ് ചട്ട ഭേദഗതി ലക്ഷ്യമിടുന്നത്.

ലൈസൻസ് പുതുക്കാതെ കാലഹരണപ്പെട്ടാൽ വിദേശ സംഭാവന സ്വീകരിക്കുന്ന ഒരു സംഘടനയുടെ ആസ്തികൾ സർക്കാർ നിശ്ചയിക്കുന്ന അതോറിറ്റിക്ക് ഏറ്റെടുക്കാം എന്നത് ഉൾപ്പെടെയുള്ള ഭീകര വ്യവസ്ഥകൾ ഏർപ്പെടുത്തിയ ഒരു കരി നിയമമായി എഫ് സി ആർ എയെ മാറ്റുന്നതിനായി ഒരു ഭേദഗതി കൊണ്ടുവരാൻ കഴിഞ്ഞ മാർച്ചിൽ കേന്ദ്രസർക്കാർ നടത്തിയ നീക്കം മറക്കാറായിട്ടില്ല. 5 സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരുന്ന പശ്ചാത്തലത്തിലും ജനാധിപത്യ ശക്തികളുടെ കടുത്ത എതിർപ്പിനെ തുടർന്നും ആ തീരുമാനം മാറ്റിവെച്ചതായിരുന്നു.

ആ നിലപാടിൽ നിന്നും കേന്ദ്രസർക്കാർ ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ലെന്ന് ഇപ്പോഴത്തെ ചട്ട ഭേദഗതി തെളിയിക്കുന്നു.

മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച

സംഘ ഗുരുവിൻ്റെ ശിഷ്യന്മാരിൽ നിന്ന് അനുഭാവപൂർണ്ണമായ സമീപനം പ്രതീക്ഷിച്ച സഭാ മേലധ്യക്ഷന്മാരുടെ കണ്ണുതുറപ്പിക്കാൻ ഇപ്പോഴത്തെ സംഭവങ്ങൾ ഉതകും എന്ന് ബിനോയ് വിശ്വം പ്രത്യാശിച്ചു.

രാജ്യത്തെ പൗരന്മാർക്കെല്ലാം മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തെ ആർഎസ്എസും സംഘപരിവാറും മാനിക്കും എന്ന് കരുതുന്നത് പുള്ളിപ്പുലിയുടെ പുള്ളിമായും എന്ന്

പ്രതീക്ഷിക്കുന്നതിന് തുല്യമാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / Sreejith S


Latest News