Enter your Email Address to subscribe to our newsletters

New delhi, 25 ജൂണ്‍ (H.S.)
ഇന്ത്യയില്‍ ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതി അവസാനഘട്ടകത്തില്‍. ട്രയിനിന്റെ പരീക്ഷണയോട്ടം നാളെ നടക്കും. ഹരിയാനയിലെ ജിന്‍ഡ്-സോനിപത് റെയില്‍വേ പാതയിലാണ് പരീക്ഷണയോട്ടം. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലുള്ള പരീക്ഷണത്തിനായി ലഖ്നൗവില്‍ നിന്നുള്ള റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ പ്രത്യേക സംഘം ജിന്‍ഡ് ജങ്ഷനില്‍ എത്തി.
നേരത്തെ ജൂണ്‍ 24ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അതിവേഗ പരീക്ഷണയോട്ടമാണ് ചില സാങ്കേതിക കാരണങ്ങളാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. ട്രെയിനിന്റെ കുറഞ്ഞ വേഗത്തിലുള്ള പരീക്ഷണങ്ങള്‍ ഇതിനകം തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബ്രേക്കിങ് സംവിധാനം, എന്‍ജിന്‍ ശേഷി, സുരക്ഷാ ക്രമീകരണങ്ങള്‍, ട്രാക്കിന്റെ അവസ്ഥ, വൈബ്രേഷന്‍ എന്നിവ കൃത്യമായി വിലയിരുത്താനാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ അതിവേഗ പരീക്ഷണയോട്ടം നടത്തുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനായി ട്രെയിനിന്റെ പവര്‍ കാര്‍, കണ്‍ട്രോള്‍ സിസ്റ്റം, സ്പീഡ് സെന്‍സര്‍ എന്നിവ റെയില്‍വേ ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഈ ഹൈബ്രിഡ് ട്രെയിനില്‍ പരമ്പരാഗത ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരം അത്യാധുനിക ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളാണ് ഉപയോഗിക്കുന്നത്. എട്ട് മുതല്‍ 10 വരെ കോച്ചുകളാണ് ഈ ട്രെയിനില്‍ ഉണ്ടാകുക. ഹൈഡ്രജനും ഓക്‌സിജനും കത്തിക്കുമ്പോഴുണ്ടാകുന്ന താപം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും, അതുവഴി ട്രെയിനിലെ ലിഥിയം അയണ്‍ ബാറ്ററി ചാര്‍ജ് ചെയ്യുകയുമാണ് ഇതിന്റെ പ്രവര്‍ത്തന രീതി.
ഹരിയാനയിലെ 90 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജിന്‍ഡ്-സോനിപത് പാതയില്‍ ശരാശരി 110 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗത്തിലാകും ട്രെയിന്‍ സര്‍വീസ് നടത്തുക. ഇന്ധനക്ഷമതയില്‍ ഏറെ മുന്നിലുള്ള ഈ ട്രെയിനിന് വെറും 360 കിലോഗ്രാം ഹൈഡ്രജന്‍ ഉപയോഗിച്ച് 180 കിലോമീറ്റര്‍ ദൂരം അനായാസം സഞ്ചരിക്കാനാകും. നിലവില്‍ ഈ പാതയില്‍ സര്‍വീസ് നടത്തുന്ന മൂന്ന് സാധാരണ ട്രെയിനുകള്‍ക്ക് പകരമായാണ് പുതിയ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S