കാപ്പ കേസിൽ അറസ്റ്റിലായ നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
Thiruvananthapuram , 25 ജൂണ് (H.S.) കാപ്പ കേസിൽ അറസ്റ്റിലായ നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. നഗരസഭ ഓഫിസിലെക്കെത്തിയ മേയർ വി വി രാജേഷിനെ സിപിഎം കൗൺസിലർമാർ തടഞ്ഞു. സിപിഎമ്മിൻ്റെ
ldf bjp conflict


Thiruvananthapuram , 25 ജൂണ് (H.S.)

കാപ്പ കേസിൽ അറസ്റ്റിലായ നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. നഗരസഭ ഓഫിസിലെക്കെത്തിയ മേയർ വി വി രാജേഷിനെ സിപിഎം കൗൺസിലർമാർ തടഞ്ഞു. സിപിഎമ്മിൻ്റെ ഓഫിസ് ഉപരോധ സമരത്തിനിടയിലും മേയർ ഓഫിസിലേക്ക് പ്രവേശിച്ചു. സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ നടന്ന ഉന്തും തള്ളലിനുമിടയിൽ മേയർക്കും കൗൺസിലർമാർക്കും ഒരു വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കും പരുക്കേറ്റു.

16 കൗൺസിലർമാർ മെഡിക്കൽ കോളജിൽ ചികിത്സ തേടി. മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും ഉൾപ്പടെയുള്ളവരാണ് ചികിത്സ തേടിയത്. മേയർക്ക് കാലിനാണ് പരുക്കേറ്റത്. തലയ്ക്ക് പരിക്കുപറ്റിയ സിപിഎം കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിയെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജനാധിപത്യപരമായ സമരം തുടരുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. ബലം പ്രയോഗിച്ചുള്ള സമരം അംഗീകരിക്കില്ലെന്നും അനാവശ്യ പ്രതിഷേധമാണ് സിപിഎം നടത്തുന്നതെന്നും മേയർ വിവി രാജേഷ് അഭിപ്രായപ്പെട്ടു.

കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി വാഴോട്ടുകോണം കൗൺസിലർ ആർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സമരം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. ബിജെപി കൗൺസിലർമാർ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അസാധുവായെന്ന ആരോപണവുമായി എൽഡിഎഫ് സമരം ശക്തമാക്കുകയായിരുന്നു. മേയറും ഡെപ്യൂട്ടി മേയറും രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

സമരം നടക്കുന്നതിനിടെ മേയറും ഡെപ്യൂട്ടി മേയറും ഓഫിസിലേക്കെത്തി. എൽഡിഎഫ് കൗൺസിലർമാർ ഇവരെ തടയാൻ ശ്രമിച്ചതോടെ നേർക്കുനേർ കയ്യാങ്കളിയായി. പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഇരുകൂട്ടരും തയാറായില്ല. മേയറും ഡെപ്യൂട്ടി മേയറും ഓഫിസിനുള്ളിലേക്കു പ്രവേശിക്കുന്നതിനിടെ, സംഘർഷത്തിലേക്കു നീങ്ങി. തലക്കു പരുക്കേറ്റ സിപിഎം വനിതാ കൗൺസിലർ സിന്ധു ശശിയെ ആശുപത്രിയിലേക്കു മാറ്റി. എൽഡിഎഫ് കൗൺസിലർമാർ മുദ്രാവാക്യം വിളികളുമായി മേയറുടെ ഓഫിസിനു പുറത്തും കോർപറേഷൻ ഓഫിസിനു പുറത്തും പ്രതിഷധിച്ചു.

സിപിഎം കൗൺസിലർമാരുടേത് അനാവശ്യ പ്രകോപനമെന്ന് മേയര്

പ്രതിഷേധത്തനിടയിൽ പൊലീസ് സുരക്ഷയിലാണ് മേയർ വി വി രാജേഷ് കോർപറേഷൻ ഓഫിസിൽനിന്നു പുറത്തിറങ്ങിയത്. ബിജെപി പ്രവർത്തകർ മേയറെ അഭിവാദ്യം ചെയ്തപ്പോൾ എൽഡിഎഫ് പ്രവർത്തകർ മേയറെ കൂക്കിവിളിച്ചു. നഗരസഭയിൽ ബലം പ്രയോഗിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് മേയർ വി വി രാജേഷ് മാധ്യമങ്ങളോടു പറഞ്ഞു.

അനാവശ്യ പ്രകോപനം സിപിഎം കൗൺസിലർമാരുടെ ഭാഗത്തുനിന്നുണ്ടായി. രാവിലെ മുതൽ മേയറെ കാണാൻ എത്തിയ ജനങ്ങളെ തടഞ്ഞു. ബിജെപി വനിതാ കൗൺസിലർമാരെ ആക്രമിച്ചു. തനിക്ക് കാലിന് പരിക്കേറ്റു. മേയറെ ഓഫിസിൽ കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാൻ എൽഡിഎഫിന് ആരാണ് അധികാരം നൽകിയതെന്ന് മേയർ വി വി രാജേഷ് ചോദിച്ചു. മേയറെ ആക്രമിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അതിനെ ചെറുക്കാൻ ശ്രമിച്ച ബിജെപി വനിതാ കൗൺസിലർമാർക്ക് ഉൾപ്പെടെ പരുക്കേറ്റെന്നും ഡെപ്യൂട്ടി മേയർ ആശാനാഥ് പറഞ്ഞു.

കാപ്പ കേസ് കൗൺസിലർ രാജിവക്കുന്നതുവരെ സമരം തുടരുമെന്ന് വി ജോയ്

സത്യപ്രതിജ്ഞ സംബന്ധിച്ച് എല്ലാ കൗൺസിലർമാരെയും വിവരം അറിയിച്ചിട്ടില്ലെന്നും വേണ്ടപ്പെട്ടവർക്ക് വാട്സ്ആപ്പിൽ മെസേജ് അയച്ചാണ് അറിയിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് മാധ്യമങ്ങളോടു പറഞ്ഞു. കാപ്പ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട കൗൺസിലർ രാജിവക്കുന്നതു വരെ സമരം തുടരുമെന്നും വി ജോയ് അറിയിച്ചു. ബിജെപി കൗൺസിലർമാർ സ്വകാര്യമായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് എൽഡിഎഫ് കൗൺസിലർമാർ ചെയ്തതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

പരിക്കേറ്റവരെ സന്ദര്ശിച്ച് രാജീവ് ചന്ദ്രശേഖർ

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മേയർ വിവി രാജേഷിനെയും ബിജെപി കൗൺസിലർമാരെയും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ സന്ദർശിച്ചു. സിപിഎം ഇതുവരെ നടത്തിയിരുന്ന അഴിമതിയുടെ വിവരങ്ങൾ മേയർ പുറത്തുവിടുന്നതിൻ്റെ പ്രതികാരമാണ് കോർപറേഷനിൽ നടന്ന പ്രതിഷേധനാടകമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയാണ്. ഇത്തരം പ്രതിഷേധ നാടകങ്ങളൊന്നും ഞങ്ങളോടു വേണ്ട. സിപിഎം എന്താണെന്നുള്ള സന്ദേശമാണ് അവർ നൽകുന്നത്. 45 വർഷം തിരുവനന്തപുരത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സിപിഎമ്മിനു കഴിഞ്ഞില്ല. ഇനി സിപിഎം വേണ്ടെന്നു ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. അവരുടെ അക്രമരാഷ്ട്രീയത്തിന്റെ സമയം കഴിഞ്ഞെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോർപറേഷനിൽ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രദേശികതലത്തിൽ ബിജെപി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹര്ജി

തിരുവനന്തപുരം കോർപറേഷനിൽ ഡിസംബർ 21ന് നടന്ന 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോർപറേഷനിലെ സിപിഎം പാർലമെൻ്ററി പാർട്ടി ലീഡർ എസ് പി ദീപക് നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ് പ്രഖ്യാപിച്ചത്. കേസിൽ ഉൾപ്പെട്ട കൗൺസിലർമാരെ മാത്രം വിളിച്ചു നടത്തിയ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് പ്രതിപക്ഷമായ യുഡിഎഫും എൽഡിഎഫും ആരോപിച്ചു.

ആദ്യ സത്യപ്രതിജ്ഞ അസാധുവായതിനാൽ അതിനു ശേഷം ഈ 20 കൗൺസിലർമാർ ഉൾപ്പെട്ട തീരുമാനങ്ങളും മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി തെരഞ്ഞെടുപ്പുകളും അസാധുവാകുമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്നും ഹർജി ഫയൽ ചെയ്ത എസ് പി ദീപക് ഇടിവി ഭാരതിനോടു പറഞ്ഞു. ജനാധിപത്യപരമായ സമരമാണ് നടന്നതെന്നും എസ് പി ദീപക് പറഞ്ഞു.

അതേസമയം, സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി ഇന്നലെ അംഗീകാരം നൽകി. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോർഡിനെയും സമീപിക്കാനാണ് സുഗതന്റെ തീരുമാനം. ബിജെപി കൗൺസിലർമാരുടെ പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതിയിൽ സർക്കാർ നിയമോപദേശം തേടും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News