Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ജൂണ് (H.S.)
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ പി.എം.ശ്രീ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതിക്കായി മുൻ എൽഡിഎഫ് സർക്കാർ ഒപ്പിട്ട കരാറിന്റെ നിയമസാധുത പരിശോധിക്കാൻ സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചു. നിലവിലെ യുഡിഎഫ് സർക്കാരിന്റെ നാലംഗ മന്ത്രിസഭാ ഉപസമിതിയാണ് ഇക്കാര്യം സജീവമായി പരിഗണിക്കുന്നത്. സംസ്ഥാനത്തിന്റെ നിയമപരമായ അവകാശങ്ങളും താല്പര്യങ്ങളും പൂർണ്ണമായി സംരക്ഷിച്ചു കൊണ്ടേ പദ്ധതിയുമായി ബന്ധപ്പെട്ട് എന്ത് തുടർനടപടിയും സ്വീകരിക്കാവൂ എന്ന കർശന നിലപാടിലാണ് ഉപസമിതി ഇപ്പോൾ.
2025 ഒക്ടോബർ 16-നാണ് അന്നത്തെ എൽഡിഎഫ് സർക്കാർ പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ കേന്ദ്രവുമായി അതീവ രഹസ്യമായി ഒപ്പുവെച്ചത്. ഇടതുപക്ഷം രാഷ്ട്രീയപരമായി കടുത്ത എതിർപ്പ് ഉയർത്തുന്ന ഒന്നാണ് കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം (NEP). എന്നാൽ, ഈ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് അപ്പാടെ നടപ്പാക്കാമെന്ന് സമ്മതിക്കുന്ന വ്യവസ്ഥകളാണ് എൽഡിഎഫ് സർക്കാർ ഒപ്പിട്ട കരാറിലുള്ളത് എന്നതാണ് ഇപ്പോൾ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
സുപ്രീം കോടതി വിധിയുടെ ലംഘനമോ?
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജി.എസ്. മണി നൽകിയ കേസിൽ തമിഴ്നാടും കേരളവും എതിർകക്ഷികളായിരുന്നു. ഈ കേസിൽ, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമായി വിധി പുറപ്പെടുവിച്ചിരുന്നു.
സുപ്രീം കോടതിയുടെ ഈ നിർണ്ണായക വിധി നിലനിൽക്കെയാണ്, അത് കണക്കിലെടുക്കാനോ ആവശ്യമായ നിയമവഴികൾ തേടാനോ നിൽക്കാതെ കഴിഞ്ഞ എൽഡിഎഫ് സർക്കാർ തിടുക്കത്തിൽ കരാറിൽ ഒപ്പുവെച്ചത്. സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ കേന്ദ്രത്തിന് പണയം വെക്കുന്ന രീതിയിലാണ് കരാർ വ്യവസ്ഥകളെന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തുന്നു.
ഈ സാഹചര്യത്തിലാണ് കരാറിന്റെ നിയമസാധുതയെക്കുറിച്ച് വിശദമായ നിയമോപദേശം തേടാൻ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഈ നാലംഗ സമിതി, കരാറിലെ ഓരോ വ്യവസ്ഥകളും സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണോ എന്ന് വിശദമായി പരിശോധിക്കും. ഇടതുമുന്നണി ഭരണകാലത്ത് ഒപ്പിട്ട ഈ രഹസ്യ കരാർ വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ആയുധമായി മാറുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉപസമിതിയുടെ തീരുമാനം.
---------------
Hindusthan Samachar / Roshith K