Enter your Email Address to subscribe to our newsletters

Wayanad , 25 ജൂണ് (H.S.)
വയനാടിനെയും മലപ്പുറത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന തുരങ്കപ്പാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ചൂരൽമലയിൽ നിന്ന് നിലമ്പൂർ പോത്തുകല്ല് വരെയുള്ള പുതിയ പാതയ്ക്ക് ബജറ്റിൽ ടോക്കൺ തുക വകയിരുത്തിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. യാഥാർഥ്യമായാൽ വയനാടിന്റെ ഗതാഗത മേഖലയിലെ വലിയ മാറ്റത്തിന് വഴിയൊരുങ്ങും.
വയനാട് മേപ്പാടി ചൂരൽമലയിൽ നിന്ന് മലപ്പുറം ജില്ലയിലെ പോത്തുകല്ല് വരെയാണ് പുതിയ തുരങ്കപ്പാത വിഭാവന ചെയ്യുന്നത്. വനമേഖലയിലൂടെ കടന്നുപോകുന്ന ഭാഗത്ത് ഏകദേശം രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം നിർമിച്ചാണ് പദ്ധതി നടപ്പാക്കുക. ഏകദേശം 2500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ ടോക്കൺ തുക വകയിരുത്തിയിട്ടുണ്ട്.വയനാട് അതിർത്തിയായ അരണപ്പുഴ മുതൽ മലപ്പുറം മുണ്ടേരി വരെയുള്ള പഴയ കുപ്പു റോഡിന്റെ സാധ്യതകളും പദ്ധതിയുടെ ഭാഗമായി പരിഗണിക്കുന്നുണ്ട്.
ചൂരൽമല ദുരന്തത്തിന് ശേഷം പ്രദേശത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് വികസനത്തിനും സർക്കാർ പ്രാധാന്യം നൽകിയിരുന്നു. ചൂരൽമലയിൽ തകർന്ന പാലത്തിന്റെ പുനർനിർമാണവും റോഡ് നവീകരണവും ഉൾപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്.
നിലവിൽ നിലമ്പൂരിലെത്താൻ 102 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ട സാഹചര്യമാണ്. എന്നാൽ തുരങ്കപ്പാത യാഥാർഥ്യമായാൽ ഈ ദൂരം 48 കിലോമീറ്ററായി കുറയും. യാത്രാസമയവും ചെലവും ഗണ്യമായി കുറയുന്നതോടെ വ്യാപാരം, ടൂറിസം, കാർഷിക മേഖലകൾക്ക് വലിയ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വർഷങ്ങളായി ചർച്ചകളിൽ മാത്രം ഒതുങ്ങിയിരുന്ന തുരങ്കപ്പാത പദ്ധതിക്ക് ബജറ്റിലെ പരിഗണന പുതിയ പ്രതീക്ഷയാണ് നൽകുന്നത്. പദ്ധതി യാഥാർഥ്യമായാൽ വയനാടിന്റെ ഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായി മാറും. മലബാറിലെ രണ്ട് പ്രധാന ജില്ലകളെ കൂടുതൽ അടുത്താക്കുന്ന സ്വപ്ന പാതയുടെ സാക്ഷാത്കാരത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR