Enter your Email Address to subscribe to our newsletters

Kochi , 26 ജൂണ് (H.S.)
മയക്കുമരുന്നിന് അടിമയാകുന്ന കുട്ടികൾക്കായി പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ..അന്താരഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു*
മയക്കു മരുന്നിന് അടിമപ്പെടുന്ന കുട്ടികളെ അതിൽ നിന്ന് മോചിപ്പിക്കാനും അവരെ പുനരധിവസിപ്പിക്കാനും ചൈൽഡ് റിഹാബിലിറ്റേഷൻ സെൻ്ററുകൾ ആരംഭിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ അറിയിച്ചു. സാമൂഹ്യ നീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തൃക്കാക്കര ഭാരത മാത കോളേജിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിലാദ്യമായി ചൈൽഡ് റിഹാബിലിറ്റേഷൻ സെൻ്റർ തുടങ്ങുന്നതിനു വേണ്ടി രണ്ട് കോടി രൂപ സർക്കാർ ബജറ്റിൽ അനുവദിച്ച് തന്നിട്ടുണ്ട്. എത്രയും വേഗം അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കഴിഞ്ഞ കുറേ ദിവസങ്ങളായി ലഹരിക്കെതിരെയുള്ള വലിയൊരു പോരാട്ടം തുടങ്ങിവച്ചിരിക്കുകയാണ്.
സർക്കാർ ഏതെങ്കിലും ഒരു വകുപ്പിനെയല്ല ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര വകുപ്പ്, എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാംസ്കാരി വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളാണ് ഇതൊരു ഉത്തരവാദിത്തമായി ഏറ്റെടുത്തിട്ടുള്ളത്.
ലഹരിയുടെ വിപത്ത് ഇന്ന് രാജ്യവും സംസ്ഥാനവും
നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നാണ്. നാം സിനിമകളിൽ മാത്രം കണ്ടു പരിചയിച്ച അന്താരാഷ്ട്ര മാഫിയകൾ ഒരു യഥാർഥ്യമാണെന്ന് നമുക്ക് ബോധ്യമാവുന്ന സമയമാണിത്. അത്രയധികം മയക്കുമരുന്ന് ലോബികൾ നമ്മുടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.
മയക്കുമരുന്നിൻ്റെ വ്യാപനം നടത്തുന്നതിന് വേണ്ടി അവർ പല ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെയൊക്കെ പോലീസും എക്സൈസ് വകുപ്പും തടയുന്നുണ്ടെങ്കിലും പുതിയ മാർഗങ്ങൾ കണ്ടുപിടിച്ച് മയക്കുമരുന്ന് മാഫിയ കൂടുതൽ ശക്തരാവുകയാണ്.
വലിയൊരു ചലഞ്ചാണ് നമ്മുടെ രാജ്യവും സംസ്ഥാനവും നേരിടുന്നത്. പ്രത്യേകിച്ച്, കൊച്ചി പോലുള്ള ഒരു സ്ഥലത്തെ കേരളത്തിന്റെ ഒരു മയക്കുമരുന്ന് ഹബ്ബായി മാറ്റുവാനുള്ള
വലിയ ശ്രമം മാഫിയയുടെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. ഇതിനെ ചെറുക്കേണ്ടത് സർക്കാരിൻ്റെ മാത്രം ഉത്തരവാദിത്തമല്ല. പൊതുസമൂഹവും സർക്കാരിനൊപ്പം നിൽക്കണമെന്നും മന്ത്രി പറഞ്ഞു.
ഒരുപാട് പേർ അറിഞ്ഞും അറിയാതെയും മയക്കുമരുന്നിന് അടിമപ്പെട്ടു പോകുന്നവരുണ്ട്. അവരെ നമുക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. അവർക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം കൂടിയാണ്. ആ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കുന്ന ഒരു വകുപ്പാണ് സാമൂഹ്യ നീതി വകുപ്പ്. മയക്കുമരുന്നിന്
ഏറ്റവും കൂടുതൽ അടിമപ്പെടുത്തുന്നത് വിദ്യാർത്ഥികളെയാണ് കുട്ടികളെ ഇതിന്റെ ഒരു കണ്ണിയായി മാറ്റുവാൻ ശ്രമിക്കുകയാണെന്നും ഇതിനെ ഏതുവിധേനയും ചെറുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉമ തോമസ് എം എൽ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ അരുൺ എസ്. നായർ സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടർ ജി. പ്രിയങ്ക, തൃക്കാക്കര മുനിസിപ്പൽ ചെയർ പേഴ്സൺ റാഷിദ് ഉള്ളംപിള്ളി, ഡെപ്യുട്ടി ചെയർപേഴ്സൺ അഡ്വ. ഷെറീന ഷുക്കൂർ, തൃക്കാക്കര അസി. പോലീസ് കമ്മീഷണർ മനോജ് കുമാർ ആർ, ആലുവ നാർക്കോട്ടിക് ഡിവൈഎസ്പി ഉമേഷ് കുമാർ ജെ., ഭാരത മാത കോളേജ് പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ഫാ. എൽദോസ് ജോയ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി കെ.ജെ. തുടങ്ങിയവർ സംബന്ധിച്ചു.
Hindusthan Samachar / CHANDHU CHANDRASEKHAR