Enter your Email Address to subscribe to our newsletters

Palakkad , 26 ജൂണ് (H.S.)
പാലക്കാടിൽ പോസ്റ്റ് ഓഫീസ് ഓഫീസ് വഴി കഞ്ചാവ് എത്തിച്ച് യുവാവ്. ഒളിത്താവളത്തിലേക്ക് എക്സൈസ് എത്താതിരിക്കാൻ വീട്ടുമുറ്റത്ത് വളർത്തിയത് 20ലധികം നായ്ക്കളെ. മണികൂറുകൾ പണിപ്പെട്ട് ബിസ്കറ്റും ഭക്ഷണങ്ങളും കൊടുത്ത് നായ്ക്കളുടെ ശ്രദ്ധ തിരിപ്പിച്ച് വീട്ടിനകത്ത് കയറിയ എക്സൈസ് അതിസാഹസികമായി പ്രതിയെ പിടികൂടി. കൊല്ലങ്കോട് താടനാര ത്രാമണി സ്വദേശി ജിജിറ്റ് ആണ് അറസ്റ്റിലായത്.
ലഹരിക്ക് അടിമയായ യുവാവിനെ എക്സൈസ് പൂട്ടിയത് സിനിമ സ്റ്റൈലിലാണ്. പരിശോധന ഭയന്ന് ഇതര സംസ്ഥാനത്ത് നിന്ന് ലഹരി എത്തിക്കാനാവാതെ പ്രതിസന്ധിയിൽ ആയിരിക്കുമ്പോഴാണ് യുവാവിന് പോസ്റ്റലിൽ കഞ്ചാവ് കടത്താനുള്ള ആശയം ഉടലെടുക്കുന്നത്. ഉടൻതന്നെ മേഘാലയയിൽ നിന്നും തപാൽ മുഖാന്തരം ഏഴ് കിലോ കഞ്ചാവാണ് പാലക്കാടിലേക്ക് എത്തിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനാണ് കൊല്ലങ്കോട് പോസ്റ്റ് ഓഫിസിൽ നിന്നും പാർസൽ ആയി എത്തിയ ഏഴ് കിലോ കഞ്ചാവ് യുവാവ് കൈപ്പറ്റിയത്. ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പിന്നീട് യുവാവ് പാലക്കാട് ജില്ലയിൽ എത്തിയതായുള്ള കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡിൻ്റെ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു എക്സൈസ് പരിശോധനക്കെത്തിയത്. പ്രതി ഉണ്ടാവാൻ സാധ്യതയുള്ള കൊല്ലംകോട് ത്രാമാണി, പാലക്കാട് ടൗൺ എന്നിവിടങ്ങളിൽ ഒരേസമയം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പാലക്കാട് പുത്തൂർ വെള്ളോളി ലൈനിലെ വാടക വീട്ടിൽ പ്രതി ഒളിവിൽ ഉണ്ടെന്ന് മനസിലാക്കിയ എക്സൈസ് ഇയാൾക്കായി വലവിരിച്ചു. ഗേറ്റ് തുറന്ന് അകത്തുകയറാൻ ശ്രമിച്ചതോടെ 20ഓളം നായകള് വളയുകയായിരുന്നു.
അകത്തുകയറാൻ രക്ഷയില്ലാതായതോടെ എക്സൈസ് നായ്ക്കളെ ശ്രദ്ധ തിരിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ബിസ്ക്കറ്റ് നൽകിയും പിന്നീട് നായ്ക്കൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ നൽകിയും അരമണിക്കൂറിനുള്ളിൽ നായ്ക്കളുടെ ശ്രദ്ധ തിരിപ്പിച്ചു. ഈ സമയത്ത് എക്സൈസ് വീടിന്ന് അകത്ത് കയറിയെങ്കിലും വീട് ചുറ്റും തന്നെ പിടികൂടാൻ വലവിരിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ യുവാവ് വീടിൻ്റെ ടെറസിന് മുകളിൽ കയറി രക്ഷപ്പെടാനുള്ള ശ്രമമായി. ഇത് കണ്ടതും എക്സൈസ് ഉദ്യോഗസ്ഥർ പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു.
പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മേഘാലയയിൽ നിന്ന് കഞ്ചാവ് അയച്ചവരെ കുറിച്ചും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലങ്കോട്, പാലക്കാടും എക്സൈസ് ടീമിൻ്റെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിയെ പിടികൂടിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ എൻജി അജയകുമാർ, പികെ മുഹമ്മദ് ഷഫീഖ്, ഇൻസ്പെക്ടർമാരായ അഭിലാഷ് , തൻസീൽ താഹ, ജിതിൻ, അജു, അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ മണി, സന്തോഷ് പ്രിവൻ്റീവ് ഓഫീസർമാരായ സുരേഷ് കുമാര്, പി.ഒ ശിവകുമാർ, ഗ്രേഡ്മാരായ നടേശ് കുമാര്, ജെ രമേശ്, യാസർ അറഫാത്ത് , ഷിജു, അഭിലാഷ്, സിഇഒമാരായ സജിത്കുമാർ, പ്രസാദ്, അഭിലാഷ്, നൗഫൽ, സി വനിത, ഇഒമാരായ ഷീജ, ധന്യ, സ്മിത, ഡ്രൈവർമാരായ എസ് സാനി, രാധാകൃഷ്ണന്, സുരേഷ്, വിനീഷ്, അനീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR