Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 ജൂണ് (H.S.)
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഒരു പവൻ സ്വർണത്തിന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന് 1,03,840 രൂപയും ഗ്രാമിന് 12,980 രൂപയുമായി വിപണിവില ഉയർന്നു.
കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവില മാറിയത്. ഇന്നലെ രാവിലെ വൻ ഇടിവാണ് വിലയിൽ രേഖപ്പെടുത്തിയത്. 1,02,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ചയ്ക്ക് ശേഷം സ്വർണവില വീണ്ടും കുതിച്ചുയർന്നു. അതോടെ ഒരു പവന് 1,03,640 രൂപയായും ഗ്രാമിന് 12,955 രൂപയായും വർധിച്ചിരുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ വർധിച്ച് 10,670 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 85,360 രൂപ നൽകണം. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
വെള്ളി വിലയിലും വർധന
സ്വർണത്തിനൊപ്പം വെള്ളി വിലയിലും നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 50 രൂപ വർധിച്ച് 240 രൂപയായി. 10 ഗ്രാമിന് 2,400 രൂപയാണ് ഇന്നത്തെ നിരക്ക്. വ്യാവസായിക ആവശ്യങ്ങൾ ഉയർന്നതോടെ വെള്ളിയുടെ ഡിമാൻഡ് കൂടിയത് വിലയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് ഈ കണക്കുകൾ. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
കാരണം രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ
രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റങ്ങളും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതുമാണ് കേരളത്തിൽ സ്വർണവില ഉയരാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും പണപ്പെരുപ്പവും ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
കൂടാതെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നുണ്ട്. സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെടുന്നു. പ്രാദേശിക വിപണിയിൽ മികച്ച കച്ചവടം നടക്കുന്നുണ്ടെങ്കിലും തുടർച്ചയായി വില കൂടുന്നത് കച്ചവടക്കാർക്കിടയിലും കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
വില നിർണയവും എച്ച്യുഐഡിയുംസ്വർണത്തിൻ്റെ അടിസ്ഥാന വിലയോടൊപ്പം പണിക്കൂലിയും ചേർത്താണ് വിൽപന നടക്കുന്നത്. കൂടാതെ മൂന്ന് ശതമാനം ജിഎസ്ടി നിരക്കും ഈടാക്കുന്നു. ഹാൾമാർക്കിങ് ഫീസും ഉൾപ്പെടുന്നതാണ് ആഭരണങ്ങളുടെ അന്തിമവില. ഓരോ ജ്വല്ലറികളിലും പണിക്കൂലി നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. ഡിസൈനുകളുടെ പ്രത്യേകത അനുസരിച്ചാണ് പ്രധാനമായും പണിക്കൂലി നിശ്ചയിക്കുന്നത്.
അതിനാൽ വാങ്ങുന്ന ആഭരണങ്ങളുടെ അന്തിമവിലയിൽ ചെറിയ മാറ്റങ്ങളുണ്ടാകും. ഗുണനിലവാരം ഉറപ്പാക്കുന്നതിനായി എച്ച്യുഐഡി മുദ്രയുള്ള സ്വർണം മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് കർശന നിർദേശമുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് തട്ടിപ്പുകളിൽ നിന്ന് പൂർണ സംരക്ഷണം ലഭിക്കും.
ബിഐഎസ് കെയർ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വർണത്തിൻ്റെ പരിശുദ്ധി സ്വയം പരിശോധിക്കാവുന്നതാണ്. പഴയ സ്വർണം മാറ്റി വാങ്ങുമ്പോഴും ഇതേ മാനദണ്ഡങ്ങൾ ബാധകമാണ്. എല്ലാ പർച്ചേസുകൾക്കും കൃത്യമായ ബില്ല് ചോദിച്ച് വാങ്ങാൻ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR