Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 ജൂണ് (H.S.)
സംസ്ഥാനത്തെ എൻജിനിയറിങ് പ്രവേശന പരീക്ഷയായ കീം (KEAM) ഫലം നാളെ പ്രഖ്യാപിക്കും. എറണാകുളം കളമശ്ശേരി പത്തടിപ്പാലം ഗവൺമെൻ്റ് റെസ്റ്റ് ഹൗസിൽ വച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും. സിബിഎസ്ഇ പ്ലസ്ടു പുനർമൂല്യനിർണയ ഫലം വൈകിയതിനെ തുടർന്ന് മാറ്റിവച്ച ഫലപ്രഖ്യാപനമാണ് നാളെ നടക്കുന്നത്.
നേരത്തെ ജൂൺ 22ന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സിബിഎസ്ഇ പ്ലസ്ടു പുനർമൂല്യനിർണയ ഫലം ജൂൺ 21ന് രാത്രിയോടെയാണ് വന്നത്. ഇതോടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും സർക്കാരിനെ സമീപിച്ചു. എല്ലാ വിഭാഗം വിദ്യാർഥികൾക്കും അവസരം ഉറപ്പുവരുത്തുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി പ്രവേശന പരീക്ഷ കമ്മിഷണർക്ക് നിർദേശം നൽകുകയായിരുന്നു. സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ചാണ് നാളെ ഫലം പ്രഖ്യാപിക്കുന്നത്.
റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്കീം പരീക്ഷയിലെ മാർക്കും പ്ലസ്ടു പരീക്ഷയുടെ മാർക്കും തുല്യമായി പരിഗണിച്ചാണ് എൻജിനിയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. പ്രവേശന പരീക്ഷയിലെ നോർമലൈസ് ചെയ്ത മാർക്കും പ്ലസ്ടു ബോർഡ് പരീക്ഷയുടെ പിസിഎം മാർക്കും ചേർത്ത് ആകെ 600 മാർക്കിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഈ വർഷം ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് കീം പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 86,401 പേരാണ് പരീക്ഷ എഴുതിയിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷ എഴുതിയവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായതിനാൽ ഇത്തവണ മത്സരം കടുപ്പമായിരിക്കും.
ഫലം പരിശോധിക്കേണ്ട വിധംവിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ കമ്മിഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in വഴി ഫലം അറിയാം. ഹോം പേജിൽ കാണുന്ന കാൻഡിഡേറ്റ് ലോഗിൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും നൽകണം. തുടർന്ന് സ്ക്രീനിൽ കാണുന്ന സുരക്ഷാ കോഡും ടൈപ്പ് ചെയ്യുക. ലോഗിൻ ചെയ്ത ശേഷം പ്രൊഫൈൽ പേജിലെ റിസൾട്ട് അല്ലെങ്കിൽ റാങ്ക് ലിസ്റ്റ് എന്ന മെനു വഴി സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം. ഭാവിയിലെ അലോട്ട്മെൻ്റ് ആവശ്യങ്ങൾക്കായി ഇതിൻ്റെ പ്രിൻ്റ് എടുത്ത് സൂക്ഷിക്കണം. ഫലം വരുന്ന സമയത്ത് വെബ്സൈറ്റിൽ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ പേജ് ലോഡ് ആകാൻ താമസം നേരിട്ടേക്കാം. ആപ്ലിക്കേഷൻ നമ്പറോ പാസ്വേഡോ മറന്നുപോയാൽ ലോഗിൻ പേജിലുള്ള ലിങ്കുകൾ വഴി വീണ്ടെടുക്കാൻ സാധിക്കും.
യോഗ്യതാ മാർക്കും സാധ്യതകളും
ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ നോർമലൈസ് ചെയ്ത മാർക്കിൽ 300ൽ കുറഞ്ഞത് പത്ത് മാർക്കെങ്കിലും നേടണം. എന്നാൽ എസ്സി, എസ്ടി വിഭാഗങ്ങൾക്ക് പ്രവേശന പരീക്ഷയിൽ പങ്കെടുത്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മാത്രം മതിയാകും. ഇവർക്ക് നിശ്ചിത ശതമാനം മാർക്ക് നിർബന്ധമില്ല. മികച്ച സർക്കാർ കോളജുകളിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ മികച്ച ബ്രാഞ്ചുകൾ ലഭിക്കാൻ റാങ്ക് 4,000ന് ഉള്ളിൽ വരുന്നതാണ് സുരക്ഷിതം.
ഒന്നു മുതൽ 5,000 വരെ റാങ്കുള്ളവർക്ക് പ്രമുഖ സർക്കാർ കോളജുകളിൽ പ്രവേശനം ലഭിക്കും. 5,001 മുതൽ 20,000 വരെ റാങ്കുള്ളവർക്ക് മുൻനിര സർക്കാർ, എയ്ഡഡ് കോളജുകളിലും 20,001 മുതൽ 50,000 വരെയുള്ളവർക്ക് എയ്ഡഡ്, മികച്ച സ്വാശ്രയ കോളജുകളിലും പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ട്. 50,001 മുതൽ 60,000 വരെ റാങ്കുള്ളവർക്ക് സ്വാശ്രയ കോളജുകളിലും 60,000ന് മുകളിൽ റാങ്കുള്ളവർക്ക് മറ്റ് സ്വകാര്യ സ്വാശ്രയ കോളജുകളിലും സീറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ കണക്കുകൂട്ടുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെൻ്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR