കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പാലാരിവട്ടം കാക്കനാട് റൂട്ടിൽ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച.
Ernakulam , 26 ജൂണ് (H.S.) കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പാലാരിവട്ടം കാക്കനാട് റൂട്ടിൽ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച. കാക്കനാട് ചെമ്പുമുക്ക് ഭാഗത്ത് മെട്രോ പില്ലറിന് മുകളിൽ നടന്ന വെൽഡിങ് ജോലികൾക്കിടെ താഴെ റോഡിലൂടെ പോകുന്ന
Kochi metro


Ernakulam , 26 ജൂണ് (H.S.)

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പാലാരിവട്ടം കാക്കനാട് റൂട്ടിൽ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച. കാക്കനാട് ചെമ്പുമുക്ക് ഭാഗത്ത് മെട്രോ പില്ലറിന് മുകളിൽ നടന്ന വെൽഡിങ് ജോലികൾക്കിടെ താഴെ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് തീപ്പൊരികൾ ചിതറിവീണു. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് തിരക്കേറിയ റോഡിന് മുകളിൽ നിർമാണം പുരോഗമിക്കുന്നത്.

റോഡിലൂടെ പോയിരുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ ദേഹത്തുൾപ്പെടെയാണ് തീപ്പൊരികൾ പതിച്ചത്. മുകളിൽ അപകടകരമായ രീതിയിൽ വെൽഡിങ് ജോലികൾ നടക്കുമ്പോൾ താഴെ ഗതാഗതം നിയന്ത്രിക്കാനോ തീപ്പൊരികൾ താഴേക്ക് പതിക്കാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനോ അധികൃതർ തയാറായില്ല.

ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു അപകടം ഒഴിവായതെന്ന് യാത്രക്കാർ പറയുന്നു. ഐടി ഹബ്ബായ കാക്കനാട്ടേക്കുള്ള പ്രധാന പാതയായതിനാൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്ര വാഹന യാത്രക്കാരുടെ ദേഹത്ത് തീപ്പൊരി വീഴുന്നത് പൊള്ളലേൽക്കുന്നതിനും പരിഭ്രാന്തിയിലാകുന്നതിലൂടെ വലിയ വാഹനാപകടങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞ മാസവും സമാനമായ രീതിയിൽ ഇതേ റൂട്ടിൽ വലിയൊരു സുരക്ഷാ വീഴ്ചയും അപകടവും ഉണ്ടായിരുന്നു. അന്ന് ഡെക്ക് സ്ലാബിൻ്റെ ഡീ ഷട്ടറിങ് ജോലികൾ നടക്കുന്നതിനിടെ മുകളിൽനിന്ന് ഇരുമ്പ് ദണ്ഡ് കാറിന് മുകളിലേക്ക് വീഴുകയും യാത്രക്കാരിയായ യുവതിയുടെ കൈക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അന്ന് വിശദീകരിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ ഉന്നതതല അന്വേഷണം നടത്തി സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും നിർമാണ കരാർ കമ്പനിയായ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചറിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെഎംആർഎൽ ഉറപ്പുനൽകിയിരുന്നു.

പരിക്കേറ്റ യുവതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നഷ്ടപരിഹാരവും നൽകാൻ നിർദേശിച്ചതായും സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുന്നത് വരെ ഡീ ഷട്ടറിങ് ജോലികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടതായും അധികൃതർ വ്യക്തമാക്കിയിരുന്നു. ഗതാഗതം പൂർണമായി വഴിതിരിച്ചുവിട്ട് ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ ജോലികൾ പുനരാരംഭിക്കൂ എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ സുരക്ഷ ഉറപ്പാക്കുമെന്ന കൊച്ചി മെട്രോ അധികൃതരുടെ പ്രഖ്യാപനങ്ങൾ വെറുംവാക്കാണെന്ന് തെളിയിക്കുന്നതാണ് ചെമ്പുമുക്കിൽ ഉണ്ടായ പുതിയ സംഭവം.

മെട്രോ അധികൃതരുടെ യാതൊരുവിധ നിരീക്ഷണവുമില്ലാതെയാണ് കരാർ കമ്പനി ഇപ്പോഴും പൊതുനിരത്തിന് മുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൊച്ചി മെട്രോയുടെ പിങ്ക് ലൈൻ എന്ന് അറിയപ്പെടുന്ന രണ്ടാംഘട്ട നിർമാണമാണ് അഫ്കോൺസ് കമ്പനി നടത്തുന്നത്. ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിന് ഐടി ജീവനക്കാരുടെ പ്രധാന ആശ്രയമാണ് ഈ പാത.

യാത്രക്കാരുടെ ജീവന് യാതൊരു വിലയും കൽപിക്കാതെയുള്ള ഈ വീഴ്ചകൾക്കെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. വൻ സുരക്ഷാ വീഴ്ചകൾ ആവർത്തിച്ചിട്ടും കരാർ കമ്പനിക്കെതിരെ കൃത്യമായ നടപടിയെടുക്കാൻ കെഎംആർഎൽ തയാറാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പൊതുജനങ്ങൾ ആരോപിക്കുന്നു. അടിയന്തരമായി ഉത്തരവാദപ്പെട്ടവർ ഇടപെട്ട് റോഡ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News